മൂന്നു ലോകവും അടക്കിവാണ അസുരരാജാവായിരുന്നു മഹിഷാസുരൻ. അസുരരാജാവായ രംഭന്, മഹിഷത്തിൽ (എരുമ) ഉണ്ടായ മകൻ. തപസ്സുചെയ്ത് ബ്രഹ്മാവിനെ പ്രത്യക്ഷനാക്കി നരനാലോ ദേവനാലോ വധിക്കപ്പെടുകയില്ലെന്ന വരം സ്വന്തമാക്കിയയാൾ. വരം ലഭിച്ചതോടെ മഹിഷാസുരൻ മൂന്നുലോകവും കാൽക്കീഴിലാക്കി. ദേവേന്ദ്രനെയും മറ്റ് ദേവന്മാരെയും ദേവലോകത്തു നിന്നും ആട്ടിയോടിച്ചു. ദേവകളുടെ അഭ്യർത്ഥനയെത്തുടർന്ന് മഹിഷനെ വധിക്കാൻ ദുർഗയ്ക്ക് ത്രിമൂർത്തികൾ രൂപംകൊടുത്തു. പത്തുനാൾ നീണ്ട യുദ്ധത്തിനൊടുവിൽ ദുർഗ മഹിഷാസുരനെ വധിച്ചു. ദുർഗാപൂജയും വിജയദശമിയും ഈ ഐതിഹ്യത്തിലാണ് ആചരിക്കപ്പെടുന്നത്.

എന്നാൽ, ഇന്ന് മഹിഷാസുരൻ ഒരു രാഷ്ട്രീയ പ്രതിയോഗിയാണ്. ഫാസിസ്റ്റ് ശക്തികളെ ചെറുക്കുന്ന ഇടതുപക്ഷക്കാർക്ക് മഹിഷാസുരൻ സ്വീകാര്യനാവുമ്പോൾ, ഹിന്ദുത്വത്തിനെതിരായ പോരാട്ടങ്ങളിൽ ശത്രുക്കൾ ഉപയോഗിച്ച ആയുധമാണ് സംഘികൾക്ക് മഹിഷാസുരൻ. കേന്ദ്ര മന്ത്രി സ്മൃതി ഇറാനി മഹിഷാസുരനെ ഉപയോഗിച്ച് നടത്തിയ പ്രസംഗങ്ങൾ വിവാദമായത് ഈ പശ്ചാത്തലത്തിലാണ്.

ജെ.എൻ.യുവിൽ ദുർഗാപൂജ ദിവസം മഹിഷാസുരന്റെ രക്തസാക്ഷിത്വ ദിനമായി ആചരിച്ചതോടെയാണ് വിവാദങ്ങൾക്ക് തുടക്കം. ഇതോടനുബന്ധിച്ച് പുറത്തിറക്കിയ ലഘുലേഖയിൽ കറുത്ത നിറമുള്ള മഹിഷാസുരനെ ദുർഗ ചതിച്ചു കൊലപ്പെടുത്തിയതാണെന്നും കടുത്ത വർണവിവേചനമാണ് ഇതിൽ നടന്നിരിക്കുന്നതെന്നും പറയുന്നു. മഹിഷാസുരനെ വധിക്കന്നതിനായി ലൈംഗികത്തൊഴിലാളിയായ ദുർഗയെ ഉപയോഗിച്ചുവെന്നും മധുവിധുരാത്രികളിലൊന്നിൽ ദുർഗ മഹിഷാസുരനെ വധിക്കുകയായിരുന്നുവെന്നും ലഘുലേഖ ആരോപിക്കുന്നു.

അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് കൊൽക്കത്തയിൽ നടത്തിയ പ്രസംഗത്തിൽ സ്മൃതി ഇറാനി ഈ ലഘുലേഖ ഉദ്ധരിച്ചിരുന്നു. പിറ്റേന്ന് രാജ്യസഭയിലും ഇതേ ലഘുലേഖ മന്ത്രി വിഷയമാക്കി. മതദ്വേഷം ഉയർത്തുന്ന പരാമർശങ്ങളാണ് മന്ത്രി സഭയിൽ ഉന്നയിച്ചിരിക്കുന്നതെന്ന് കാണിച്ച് കോൺഗ്രസ് നേതാവ് ആനന്ദ് ശർമയടക്കമുള്ളവർ ഇതിനെതിരെ രംഗത്തുവരികയും ചെയ്തു.

എന്നാൽ, ചരിത്രകാരന്മാർക്ക് ഇക്കാര്യത്തിൽ വിരുദ്ധാഭിപ്രായങ്ങളുണ്ട്. ഐതിഹ്യത്തിലെയും പുരാണങ്ങളിലെയും ദേവാസുര ബന്ധങ്ങളെക്കുറിച്ച് ഇന്ത്യയിലെ പല സമുദായങ്ങൾക്കിടയിലും വ്യത്യസ്തമായ വീക്ഷണമാണ് ഉള്ളതെന്ന് അവർ പറയുന്നു. മഹിഷാസുരനെയും രാവണനെയും മഹാബലിയെയും പോലുള്ള അസുരരാജാക്കന്മാർ ബ്രഹ്മാവിന്റെയും ശിവന്റെയും വിഷ്ണുവിന്റെയും ഭക്തർകൂടിയായിരുന്നു. എന്നാൽ, സ്വന്തം പാപങ്ങളുടെ പേരിലോ മറ്റു ബാഹ്യ സാഹചര്യങ്ങളുടെ പേരിലോ ജീവൻ നഷ്ടപ്പെട്ടവരാണ് ഇവരൊക്കെ എന്ന് വിശ്വസിക്കുന്നവരുമുണ്ട്.

ദുർഗയുടെ വിജയം ബംഗാളിലും മറ്റും വലിയ ആഘോഷമായി ആചരിക്കുമ്പോൾ ഈ ദിവസങ്ങളിൽ നിരാഹാരവ്രതമെടുക്കുന്ന വിഭാഗങ്ങൾ ഉത്തരേന്ത്യയിലുണ്ട്. കേരളത്തിലെ ഏറ്റവും വലിയ ഉത്സവമായ ഓണം അസുരരാജാവായ മഹാബലി തന്റെ പ്രജകളെ കാണാൻ എത്തുന്നു എന്ന ഐതിഹ്യത്തിലൂന്നിയുള്ളതാണ്. ഹിന്ദുക്കൾക്കിടയിൽത്തന്നെ പുരാണങ്ങളിലെ പല കാര്യങ്ങളിലും വ്യത്യാസം നിലനിൽക്കുന്നു എന്നതിന് തെളിവാണ് ഇതൊക്കെയെന്ന് ചരിത്രകാരന്മാർ ചൂണ്ടിക്കാട്ടുന്നു.