ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗം നേരിടുന്നതിൽ കേന്ദ്രസർക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പരാജയപ്പെട്ടെന്ന് ധവളപത്രം പുറത്തിറക്കിയുള്ള രാഹുൽ ഗാന്ധിയുടെ വിമർശത്തിന് മറുപടിയുമായി സ്മൃതി ഇറാനി.

'രാഹുലെന്ന ജ്ഞാനിയായ സംന്യാസി അറിവിന്റെ മുത്തുകൾ മറ്റുള്ളവർക്ക് മേൽ ചൊരിയുന്നതിന് മുൻപ് സ്വന്തം പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങൾ കോവിഡ് കൈകാര്യം ചെയ്തതിൽ പരാജയപ്പെട്ടത് എന്തുകൊണ്ടാണെന്ന് സ്വയം പരിശോധിക്കണമെന്ന് സ്മൃതി ഇറാനി പരിഹസിച്ചു.

'രാഹുൽ ഈ കാര്യങ്ങൾ പരിശോധിക്കണം, എവിടെയാണ് കോവിഡ് രണ്ടാം തരംഗം ആരംഭിച്ചത്. അത് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തായിരുന്നു. എവിടെയാണ് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരും മരണവും നടന്നത്. അതും കോൺഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്.' സ്മൃതി ഇറാനി ട്വിറ്ററിൽ കുറിച്ചു.

രാജ്യം ലോകത്തിന് തന്നെ മാതൃകയായി വാക്‌സിനേഷനിൽ മുന്നേറുമ്പോൾ കോൺഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങൾ വാക്‌സിനേഷനിൽ പുറകോട്ട് പോകുന്നതെന്തു കൊണ്ടെന്നതിനും രാഹുൽ ഉത്തരം പറയണമെന്നും സ്മൃതി ഇറാനി ട്വീറ്റ് ചെയ്തു.

കോവിഡ് പ്രതിസന്ധി നേരിടുന്നതിൽ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് കേന്ദ്രസർക്കാരിനെതിരെയുള്ള ധവളപത്രം ഇന്ന് രാവിലെ രാഹുൽ ഗാന്ധി പുറത്തിറക്കിയിരുന്നു. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ടും സർക്കാരിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടും കോൺഗ്രസ് കണ്ടെത്തിയിട്ടുള്ള വിവരങ്ങളാണ് ധവളപത്രത്തിലുള്ളത്. കോവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികൾ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും രാഹുൽ ആരോപിച്ചു.