ഗോൾഡ്കോസ്റ്റ്: 15 വർഷത്തെ ഇടവേളക്ക് ശേഷം ഓസ്ട്രേലിയയും ഇന്ത്യയും തമ്മിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ ചരിത്രമെഴുതി സ്മൃതി മന്ദാന. ടെസ്റ്റ് ക്രിക്കറ്റിൽ തന്റെ കന്നി സെഞ്ചുറി കണ്ടെത്തിയ താരം ഒരുപിടി റെക്കോഡുകളും സ്വന്തം പേരിൽ കുറിച്ചു.

ഡേ ആൻഡ് നൈറ്റ് മത്സരത്തിൽ (പിങ്ക് ബോൾ ടെസ്റ്റ്) സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായി സ്മൃതി മാറി. ഒപ്പം ഓസ്ട്രേലിയൻ മണ്ണിൽ ഒരു ഇന്ത്യൻ വനിതാ താരം നേടുന്ന ആദ്യ ടെസ്റ്റ് സെഞ്ചുറിയും സ്മൃതി സ്വന്തം പേരിൽ കുറിച്ചു. 216 പന്തിൽ 22 ഫോറിന്റേയും ഒരു സിക്സിന്റേയും സഹായത്തോടെ 127 റൺസാണ് താരം അടിച്ചെടുത്തത്.

 

ഓസ്ട്രേലിയയിൽ ഒരു വിദേശ താരം നേടുന്ന ഏറ്റവും ഉയർന്ന സ്‌കോറും ഇതു തന്നെയാണ്. 72 വർഷം മുമ്പ് ഇംഗ്ലീഷ് താരം മോളി ഹൈഡ് നേടിയ 124 റൺസിന്റെ റെക്കോഡാണ് സ്മൃതി തിരുത്തിയത്.

രണ്ടാം ദിനത്തിൽ മഴയെ തുടർന്ന് മൂന്നാം സെഷനിൽ കളി നിർത്തി 101. 5 ഓവറിൽ അഞ്ച് വിക്കറ്റിന് 276 റൺസ് എന്ന നിലയിലാണ് മിതാലി രാജും സംഘവും. ഓപ്പണർ സ്മൃതി മന്ദാന കന്നി ടെസ്റ്റ് സെഞ്ചുറി നേടി. 12 റൺസ് എടുത്ത ദീപ്തി ശർമയും റൺ ഒന്നുമെടുക്കാതെ തനിയ ഭാട്ടിയയുമാണ് ക്രീസിൽ. പൂനം റൗട്ട് 36 ഉം ക്യാപ്റ്റൻ മിഥാലി രാജ് 30 ഉം യാഷിക ഭാട്ടിയ 19 ഉം റൺസ് എടുത്ത് പുറത്തായി.

ഇന്ത്യ ഒരു വിക്കറ്റിന് 132 റൺസെന്ന നിലയിലാണ് രണ്ടാം ദിനം ആരംഭിച്ചത്. 80 റൺസുമായി സ്മൃതി മന്ദാനയും 16 റൺസോടെ പൂനം റൗത്തും ആയിരുന്നു ക്രീസിൽ. ഇന്ത്യൻ ഇന്നിങ്സിലെ 52-ാം ഓവറിൽ എലിസി പെറിക്കെതിരെ ബൗണ്ടറി നേടി മന്ദാന കന്നി ടെസ്റ്റ് ശതകം പൂർത്തിയാക്കി. 170 പന്തിൽ 18 ഫോറും ഒരു സിക്സും സഹിതം മന്ദാന 100 റൺസിലെത്തി. ആദ്യ ദിനത്തിന് പിന്നാലെ രണ്ടാം ദിവസവും അതിസുന്ദരമായി ബൗണ്ടറികൾ നിറഞ്ഞൊഴുകുകയായിരുന്നു ആ ബാറ്റിൽ നിന്ന്. മന്ദാനയുടെ സെഞ്ചുറി സഹതാരങ്ങൾ ആഘോഷമാക്കി.

216 പന്തിൽ 22 ബൗണ്ടറിയും ഒരു സിക്സും സഹിതം 127 റൺസെടുത്ത മന്ദാനയെ 69-ാം ഓവറിലെ ആദ്യ പന്തിൽ ഗാർഡ്നറാണ് പുറത്താക്കുന്നത്. രണ്ടാം വിക്കറ്റിൽ 102 റൺസ് കൂട്ടുകെട്ട് മന്ദാന-പൂനം സഖ്യം ചേർത്തു.

നിരവധി റെക്കോർഡുകളാണ് തകർപ്പൻ ശതകത്തിലൂടെ മന്ദാന സ്വന്തമാക്കിയത്. ഓസ്ട്രേലിയയിൽ ചരിത്ര സെഞ്ചുറി നേടിയ മന്ദാനയ്ക്ക് വലിയ അഭിനന്ദന പ്രവാഹമാണ് ക്രിക്കറ്റ് ലോകത്തുനിന്ന് ലഭിക്കുന്നത്.

 

ഇതിൽ ഏറെ ശ്രദ്ധേയം ഇന്ത്യൻ മുൻ ഓപ്പണർ വസീം ജാഫറിന്റെ ട്വീറ്റായിരുന്നു. 'ഓഫ്സൈഡിലെ ദേവത' എന്നായിരുന്നു ജാഫർ മന്ദാനയ്ക്ക് നൽകിയ വിശേഷണം. ഇനിയുമേറെ സെഞ്ചുറികൾ മന്ദാനയുടെ ബാറ്റിൽ നിന്ന് പിറക്കുമെന്നും ജാഫർ കുറിച്ചു. ഐസിസിയും ബിസിസിഐയും ക്രിക്കറ്റ് ഓസ്ട്രേലിയയും മന്ദാനയെ അഭിനന്ദിച്ചു.

 

ക്വീൻസ്ലൻഡിൽ ടോസ് നേടിയ ഓസ്ട്രേലിയ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ചരിത്രത്തിലാദ്യമായാണ് ഇന്ത്യൻ വനിതകൾ പകലും രാത്രിയുമായുള്ള ടെസ്റ്റിൽ പങ്കെടുക്കുന്നത്. 64 പന്തിൽ നാല് ബൗണ്ടറി സഹിതം 31 റൺസെടുത്ത ഷഫാലി വർമ്മയെ ആദ്യ ദിനം ഇന്ത്യക്ക് നഷ്ടമായിരുന്നു. മഴയും ഇടിമിന്നലും കാരണം ഒന്നാം ദിവസത്തെ കളി നേരത്തേ നിർത്തിയിരുന്നു.