ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) 2021ലെ ഏറ്റവും മികച്ച വനിതാ താരത്തിനുള്ള റെയ്ച്ചൽ ഹെയ്‌ഹോ ഫ്‌ളിന്റ് പുരസ്‌കാരം ഇന്ത്യയുടെ സ്മൃതി മന്ഥനയ്ക്ക്. 2021ൽ വിവിധ ഫോർമാറ്റുകളിലായി പുറത്തെടുത്ത മിന്നുന്ന പ്രകടനമാണ് മന്ഥനയ്ക്ക് പുരസ്‌കാരം നേടിക്കൊടുത്തത്. പുരുഷതാരങ്ങൾ തീർത്തും നിറം മങ്ങിയ വർഷത്തിൽ രാജ്യത്തിന് തന്നെ അഭിമാനിക്കാനുതകുന്നതാണ് സ്മൃതിയുടെ നേട്ടം.

വനിതാ വിഭാഗത്തിൽ ഇംഗ്ലണ്ടിന്റെ ടാമി ബ്യൂമണ്ട്, ദക്ഷിണാഫ്രിക്കയുടെ ലിസെല്ല ലീ, അയർലൻഡ് താരം ഗാബി ലൂയിസ് എന്നിവരെ പിന്തള്ളിയാണ് മന്ഥന ഐസിസി പുരസ്‌കാരം നേടിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന, ട്വന്റി20 പരമ്പരകളിൽ രണ്ടു മത്സരം മാത്രം ജയിച്ച ഇന്ത്യയ്ക്കായി മന്ഥനയുടെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. ഇന്ത്യ ജയിച്ച രണ്ടാം ഏകദിനത്തിൽ മന്ഥന പുറത്താകാതെ 80 റൺസും അവസാന ട്വന്റി20യിൽ പുറത്താകാതെ 48 റൺസും നേടിയിരുന്നു.

ഇംഗ്ലണ്ടിനെതിരെ സമനിലയിൽ അവസാനിച്ച ഏക ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സിൽ മന്ഥന 78 റൺസെടുത്തിരുന്നു. ഏകദിന പരമ്പരയിൽ ഇന്ത്യ ജയിച്ച ഒരേയൊരു മത്സരത്തിൽ മന്ഥന 49 റൺസ് നേടി. ട്വന്റി20യിൽ ഒരു മത്സരത്തിൽ 15 പന്തിൽ 29 റൺസും മറ്റൊരു മത്സരത്തിൽ അർധസെഞ്ചുറിയും നേടി.

പിന്നീട് ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ 86 റൺസ് നേടി. ഓസ്‌ട്രേലിയയ്ക്കെതിരായ പിങ്ക് ബോൾ ടെസ്റ്റിൽ സെഞ്ചുറി നേടി കളിയിലെ താരമായി. ട്വന്റി20 പരമ്പരയിൽ ഒരു അർധസെഞ്ചുറിയും നേടി.

 

മികച്ച പുരുഷ താരത്തിനുള്ള സർ ഗാരി സോബേഴ്‌സ് ട്രോഫി പാക്കിസ്ഥാൻ താരം ഷഹീൻഷാ അഫ്രീദി നേടി. 2021ൽ 36 രാജ്യാന്തര മത്സരങ്ങളിൽനിന്ന് 78 വിക്കറ്റുകളാണ് അഫ്രീദി നേടിയത്. യുഎഇയിൽ നടന്ന ട്വന്റി 20 ലോകകപ്പിൽ പാക്കിസ്ഥാനു വേണ്ടി തകർപ്പൻ പ്രകടനമാണ് താരം പുറത്തെടുത്തത്.

കഴിഞ്ഞ വർഷം 21 ട്വന്റി 20 മത്സരങ്ങളിൽ നിന്ന് 23 വിക്കറ്റുകൾ സ്വന്തമാക്കിയ അഫ്രീദി വെറും ഒമ്പത് ടെസ്റ്റുകളിൽ നിന്ന് 47 വിക്കറ്റുകളും വീഴ്‌ത്തിയിട്ടുണ്ട്.ന്യൂസീലൻഡ്, ദക്ഷിണാഫ്രിക്ക, സിംബാബ്വെ, വെസ്റ്റിൻഡീസ്, ബംഗ്ലാദേശ് ടീമുകൾക്കെതിരായ പരമ്പരകളിൽ തകർപ്പൻ പ്രകടനമാണ് പാക് പേസർ പുറത്തെടുത്തത്.

 

ഇംഗ്ലിഷ് നായകൻ ജോ റൂട്ട് 2021ലെ മികച്ച ടെസ്റ്റ് താരമായും പാക്കിസ്ഥാൻ നായകൻ ബാബർ അസം മികച്ച ഏകദിന താരമായും പാക്കിസ്ഥാന്റെ തന്നെ മുഹമ്മദ് റിസ്വാൻ മികച്ച ട്വന്റി20 താരമായും തിരഞ്ഞെടുക്കപ്പെട്ടു. ദക്ഷിണാഫ്രിക്കയുടെ ജന്നേമൻ മലാനാണ് ഭാവിയുടെ താരം.

ന്യൂസീലൻഡ് താരം കൈൽ ജാമിസൺ, ശ്രീലങ്കയുടെ ദിമുത് കരുണരത്നെ, ഇന്ത്യയുടെ ആർ. അശ്വിൻ എന്നിവരെ പിന്തള്ളിയാണ് റൂട്ട് ഇത്തവണ പുരസ്‌കാരം സ്വന്തമാക്കിയത്. ഒരു കലണ്ടർ വർഷത്തിൽ ടെസ്റ്റിൽ 1700 റൺസ് നേടുന്ന മൂന്നാമത്തെ മാത്രം താരമെന്ന നേട്ടം റൂട്ട് സ്വന്തമാക്കിയത് പോയ വർഷമാണ്. വെസ്റ്റിൻഡീസ് ഇതിഹാസം വിവിയൻ റിച്ചാർഡ്സും പാക്കിസ്ഥാന്റെ മുഹമ്മദ് യൂസഫും മാത്രമാണ് റൂട്ടിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളവർ. 2021ൽ 15 ടെസ്റ്റിൽ നിന്ന് ആറ് സെഞ്ചുറികളടക്കം 1708 റൺസാണ് റൂട്ട് സ്‌കോർ ചെയ്തത്. പന്തെടുത്ത റൂട്ട് കഴിഞ്ഞ വർഷം ടെസ്റ്റിൽ 14 വിക്കറ്റുകളും വീഴ്‌ത്തിയിട്ടുണ്ട്.

അതേസമയം 2021-ലെ മികച്ച ഏകദിന ക്രിക്കറ്റ് താരമായി തിരഞ്ഞെടുക്കപ്പെട്ടത് പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമാണ്. ബംഗ്ലാദേശിന്റെ ഷാക്കിബ് അൽ ഹസൻ, ദക്ഷിണാഫ്രിക്കയുടെ ജാന്നെമൻ മലാൻ, അയർലൻഡിന്റെ പോൾ സ്റ്റെർലിങ് എന്നിവരെ മറികടന്നാണ് ബാബറിന്റെ നേട്ടം.