സിംഗപ്പൂർ: ഏറെ നാളത്തെ ചർച്ചകൾക്കു ശേഷം എസ്എംആർടി ബസ് ക്യാപ്റ്റന്മാരുടെ ശമ്പളം വർധിപ്പിച്ചുകൊണ്ട് ഉത്തരവായി. ട്രാൻസ്‌പോർട്ട് ഓപ്പറേറ്ററും നാഷണൽ ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് യൂണിയനും തമ്മിൽ നടന്ന ചർച്ചകൾ വിജയകരമായതിനെ തുടർന്നാണ് ബസ് ക്യാപ്റ്റന്മാരുടെ ശമ്പളം വർധിപ്പിച്ചുകൊണ്ട് ഉത്തരവായത്. അടിസ്ഥാന ശമ്പളത്തിൽ ബസ് ക്യാപ്റ്റന്മാർക്ക് 325 ഡോളർ വേരിയബിൾ ഇൻസെന്റീവ് വർധിപ്പിച്ചിട്ടുണ്ട്.

ശമ്പള വർധന നടപ്പാകുന്നതോടെ സിംഗപ്പൂർ സ്വദേശികളായവരും പെർമനന്റ് റെസിഡന്റ്‌സ് ആയിട്ടുള്ളവരുമായ ബസ് ഡ്രൈവർമാർക്ക് അടിസ്ഥാന ശമ്പളം 1950 ഡോളർ ആയിരിക്കും. നേരത്തെ ഇത് 1625 ഡോളർ ആയിരുന്നു. ഇതോടെ പുതുതായി ജോയിൻ ചെയ്യുന്ന ഒരു ഡ്രൈവർക്ക് ബോണസും ഇൻസെന്റീവും കൂടി ചേർന്ന് 3450 ഡോളർ പ്രതിമാസ ശമ്പളമായി ലഭിക്കും.

കൂടാതെ പുതിയ ശമ്പള വർധനയുടെ അടിസ്ഥാനത്തിൽ ടീം ബേസ്ഡ് ഇൻസെന്റീവിനും ഇവർ അർഹരായിരിക്കും. ജോലിയിൽ പ്രകടനം മെച്ചപ്പെടുത്തുന്നവർക്ക് എല്ലാ മാസവും കാഷ് അവാർഡായി നൽകുന്നതാണിത്.