കൊച്ചി: 2017ലെ വാർത്താ താരത്തെ കണ്ടെത്താൻ മനോരമ ന്യൂസ് ചാനൽ സംഘടിപ്പിക്കുന്ന മത്സരത്തിൽ വലിയ അബദ്ധം പിണഞ്ഞതായി സൂചന. ന്യൂസ്‌മെയ്ക്കർ ആരെന്ന് വിലയിരുത്തുന്ന വോട്ടെടുപ്പ് അന്തിമഘട്ടത്തിൽ എത്തിനിൽക്കെ നാലു മത്സരാർത്ഥികളാണ് ശേഷിക്കുന്നത്. ഇവരിൽ പാർവതിയുടേയും ശ്രീറാംവെങ്കിട്ടരാമന്റേയും കോഡ് മാറിപ്പോയതാണ് ചർച്ചയായിരിക്കുന്നത്. ഇതോടെ ഒരുദിവസം വീണ വോട്ടുകൾ മുഴുവൻ ശ്രീറാമിനും പാർവതിക്കും പരസ്പരം മാറിപ്പോയ സാഹചര്യമാണ് ഉണ്ടായതെന്ന ആക്ഷേപമാണ് ഉയരുന്നത്.

കേന്ദ്രമന്ത്രിയായ അൽഫോൻസ് കണ്ണന്താനം, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ചലച്ചിത്ര താരം പാർവതി, മൂന്നാറിൽ കയ്യേറ്റത്തിനെതിരെ കർശന നിലപാട് സ്വീകരിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ എന്നിവരാണ് അന്തിമ റൗണ്ടിൽ ഉള്ളത്. ഇതിൽ വോട്ടിങ് കോഡ് ആണ് കഴിഞ്ഞ ദിവസം നൽകിയ പരസ്യത്തിൽ മാറിയത്. മേൽപറഞ്ഞ നാലുപേർക്കും യഥാക്രമം എ,ബി,സി,ഡി കോഡുകളാണ് ഉണ്ടായിരുന്നത്. എന്നാൽ ശ്രീറാമിന്റെ കോഡ് സി എന്നും പാർവതിയുടേത് ഡി എന്നും കഴിഞ്ഞദിവസം തെറ്റായി പ്രസിദ്ധീകരിക്കുകയായിരുന്നു. ഇന്നലെ പ്രസിദ്ധീകരിച്ച അറിയിപ്പിൽ എസ്എംഎസ് കോഡ് തെറ്റായി രേഖപ്പെടുത്തിയതിൽ ഖേദിക്കുന്നു എന്ന് ഇന്നത്തെ പത്രത്തിലെ പരസ്യത്തിന് താഴെ ഒരു ചെറിയ അറിയിപ്പ് നൽകി തെറ്റു മറയ്ക്കാൻ മനോരമ ശ്രമിച്ചിട്ടുണ്ട്.

എന്നാൽ മത്സരം അന്തിമഘട്ടത്തിൽ ആയതിനാൽ ആയിരക്കണക്കിന് എസ്എംഎസ് വോട്ടുകൾ ശ്രീറാമിനും പാർവതിക്കും ഇടയിൽ മാറിപ്പോയിരിക്കുമെന്ന വാദമാണ് ഉയരുന്നത്. പ്രത്യേകിച്ചും ശ്രീറാം വെങ്കിട്ടരാമൻ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുമെന്ന നിലയിൽ വിലയിരുത്തലുകൾ വന്നിരുന്നു. പാർവതിയുടെ കഴിഞ്ഞ ദിവസത്തെ മമ്മുട്ടി-കസ്ബ പ്രസ്താവന വിവാദമായതോടെ താരത്തിന് എതിരെ നിരവധി പേർ എത്തുന്ന സാഹചര്യവും ഉണ്ടായി. ഇത്തരത്തിൽ പാർവതിയുടെ ജനപ്രീതി ഇടിഞ്ഞ സാഹചര്യത്തിലാണ് വോട്ടിങ് കോഡ് മാറി പരസ്യം വന്നത്. അതിനാൽ ശ്രീറാമിന് ലഭിക്കേണ്ട വോട്ടുകൾ പാർവതിക്ക് പോയിരിക്കാമെന്നും അതുപോലെ പാർവതിക്ക് വോട്ടുകുറയുമായിരുന്ന ദിവസം ആ വോട്ടുകൾ ശ്രീറാമിന് വരുന്ന സാഹചര്യമാണ് ഉണ്ടായതെന്നും ആണ് ആക്ഷേപം ഉയരുന്നത്.

നിർഭാഗ്യവശാൽ എനിക്ക് മമ്മുട്ടിയുടെ കസബ കാണേണ്ടിവന്നു എന്നും ചിത്രത്തിൽ വനിതാ പൊലീസിനോട് മമ്മുട്ടിയുടെ കഥാപാത്രം പറയുന്ന ചില വാക്കുകൾ ഒരുപാട് വേദനിപ്പിച്ചെന്നും പാർവതി പറഞ്ഞിരുന്നു. ഇത്രയും വലിയ സ്ഥാനത്ത് ഇരിക്കുന്ന നടൻ അങ്ങനെ പറയുമ്പോൾ അത്തരം പരാമർശങ്ങൾ മഹത്വവൽക്കരിക്കപ്പെടുകയാണെന്നും ആയിരുന്നു പാർവതി പറഞ്ഞത്. ഇത് വലിയ ചർച്ചയാവുകയും പാർവതിയെ എതിർത്ത് നിരവധി പ്രമുഖർ രംഗത്തുവരികയും ചെയ്തു. ഇതോടെ പാർവതിയുടെ വോട്ടുകൾ കുറയുന്ന സാഹചര്യത്തിലാണ് വോട്ടിങ് കോഡ് മാറിയ പരസ്യം വന്നത്.

അന്തിമഘട്ടത്തിൽ വരുന്ന ആയിരക്കണക്കിന് വോട്ടുകളാണ് ന്യൂസ് മേക്കർ ഓഫ് ദ ഇയർ മത്സരത്തിൽ നിർണായകമാകുന്നത്. കുറച്ച് വോട്ടുകൾ മാറിയാൽ പോലും ഇത് ഫലത്തെ ബാധിക്കും. ഇന്നലെ പത്രത്തിൽ മാത്രമല്ല, മറ്റു പല പ്രസിദ്ധീകരണങ്ങളിലും ചാനലുകളിലും ഓൺലൈനിലും മനോരമ പരസ്യങ്ങൾ നൽകിയിരുന്നു. ഇത്തരത്തിൽ അവസാനഘട്ടത്തിൽ കൂടുതൽ പേർ ഇതുകണ്ട് വോട്ടിംഗുമായി എത്തുന്ന വേളയിലാണ് ഇത്തരമൊരു അബദ്ധം സംഭവിച്ചിരിക്കുന്നത്.

മുൻ ഡിജിപി ടിപി സെൻകുമാർ മത്സരത്തിൽ നിന്ന് സ്വയം പിന്മാറിയിരുന്നു. ഈ സാഹചര്യത്തിൽ പട്ടികയിൽ ഉള്ളവരിൽ ശ്രീറാം വെങ്കിട്ടരാമൻ ന്യൂസ് മേക്കർ ആവാനാണ് സാധ്യതയെന്ന വിലയിരുത്തലും നേരത്തേ പുറത്തുവന്നിരുന്നു. പ്രാഥമികപട്ടികയിൽനിന്ന് എസ്എംഎസ്-ഓൺലൈൻ വോട്ടെടുപ്പിലൂടെയാണ് പ്രേക്ഷകർ നാലുപേരെ തിരഞ്ഞെടുത്തത്. അന്തിമപട്ടിക പ്രഖ്യാപിച്ച് മനോരമ ന്യൂസിൽ സംപ്രേഷണം ചെയ്ത പരിപാടിയിൽമുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, ഗാനരചയിതാവ് അനിൽ പനച്ചൂരാൻ, മാധ്യമപ്രവർത്തക രേണു രാമനാഥ് എന്നിവർ പങ്കെടുത്തിരുന്നു. ഒരുമാസം നീളുന്ന എസ്എംഎസ്- ഓൺലൈൻ രണ്ടാംഘട്ട വോട്ടെടുപ്പിൽ മുന്നിലെത്തുന്ന വ്യക്തിയാണ് വാർത്താതാരമാകുന്നത്.

മൂന്നാറിലെ ഇടപെടലാണ് ശ്രീറാം വെങ്കിട്ടരാമനെ പട്ടികയിലെ പേരുകാരനാക്കുന്നത്. കേന്ദ്രമന്ത്രിയായ അൽഫോൻസ് കണ്ണന്താനം വിവാദങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. ഏവരേയും ഞെട്ടിച്ചു കൊണ്ടാണ് മോദി മന്ത്രിസഭയിൽ കണ്ണന്താനം ഇടം നേടിയത്. സിപിഎമ്മിനെ നിലയ്ക്ക് നിർത്തുന്ന നിലപാടുകളായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ കരുത്ത്. ദേശീയ ചലച്ചിത്ര മേളയിലെ മികച്ച നടിയെന്ന ഖ്യാതിയുമായാണ് മനോരമ ന്യൂസ് മേക്കറിൽ പാർവ്വതി എത്തുന്നത്. ഇതിൽ മൂന്നാറിലെ ഇടപെടലിലൂടെ സർക്കാരിന് തലവേദനയുണ്ടാക്കിയ ശ്രീറാം വെങ്കിട്ടരാമന് തന്നെയാകും കൂടുതൽ സാധ്യതയെന്ന വിലയിരുത്തലും ഉണ്ടായി.

ഇതിനിടെയാണ് ഇപ്പോൾ മത്സരാർത്ഥികളുടെ കോഡ് മാറിപ്പോയ വിവാദം ഉയർന്നിരിക്കുന്നത്. കടുത്ത നിയമപോരാട്ടത്തിലൂടെ സംസ്ഥാന സർക്കാരിനെ മലർത്തിയടിച്ച് ഡിജിപി തൊപ്പിയണിഞ്ഞ ടി പി സെൻകുമാർ ആദ്യ റൗണ്ട് പട്ടികയിലുണ്ടായിരുന്നു. എന്നാൽ അദ്ദേഹം പിന്മാറി. 10 പേരുള്ള പ്രാഥമിക പട്ടികയിൽ ഏഴാമൻ ആയിരുന്നു ടി പി സെൻകുമാർ. തോമസ് ചാണ്ടിയുടെ കസേര തെറിപ്പിക്കാനിടയായ അന്വേഷണത്തിന് ചുക്കാൻ പിടിച്ച ആലപ്പുഴ കളക്ടർ ടി വി അനുപമ, കെഎംആർഎൽ ഡയറക്ടർ ഏലിയാസ് ജോർജ്, ദേശീയ ബാറ്റ്മിന്റൺ ചാംപ്യൻ എച്ച് എസ് പ്രണോയ്, ഐഎസ് തടവിൽ നിന്ന് രക്ഷപെട്ട ഫാദർ ടോം ഉഴുന്നാലിൽ, സിനിമാ മേഖലയിലെ സ്ത്രീ കൂട്ടായ്മ വിമൺ ഇൻ സിനിമ കളക്ടീവ് എന്നിവരാണ് ന്യൂസ് മേക്കർ പട്ടികയിലെ പ്രാഥമിക പട്ടികയിലുണ്ടായിരുന്ന മറ്റുള്ളവർ.