തിരുവനന്തപുരം: വൈദ്യുതി ലൈൻ പൊട്ടി വീണത് ശ്രദ്ധയില്പെട്ടാൽ ഉടൻ വിവരമറിയിക്കാൻ കെഎസ്ഇബിയുടെ പ്രത്യേക സംവിധാനം. ബന്ധപ്പെട്ട ഇലക്ട്രിക്കൽ സെക്ഷനിൽ വിളിച്ച് അറിയിക്കുന്നതിന് നിലവിലുള്ള സൗകര്യത്തിന് പുറമേയാണ് എസ്എംഎസ് സംവിധാനം കെഎസ്ഇബി ഒരുക്കിയിരിക്കുന്നത്.

സെക്ഷന്റെ പേരും കമ്പി പൊട്ടിവീണ സ്ഥല വിവരവും മെസേജായി 9496061061 എന്ന നമ്പറിലേക്കാണ് അറിയിക്കേണ്ടത്. ഈ നമ്പരിലേക്ക് വിളിച്ചും വിവരം അറിയിക്കാം. ഇന്നലെ രാവിലെ മുതൽ പുതിയ സംവിധാനം നിലവിൽ വന്നു. വൈദ്യുതി ലൈൻ പൊട്ടിവീഴുന്ന സന്ദർഭങ്ങളിൽ എടുക്കേണ്ട മുൻകരുതലുകളെപ്പറ്റിയും കെഎസ്ഇബിയുടെ ഫേസ്‌ബുക്ക് പേജിൽ വിശദീകരിക്കുന്നുണ്ട്.

പൊട്ടിക്കിടക്കുന്ന വൈദ്യുതകമ്പിയിൽ ഒരു കാരണവശാലും ചവിട്ടരുത്. ലൈനിന്റെ സമീപത്തേക്ക് ആരേയും പോകാൻ അനുവദിക്കരുത്. ഉത്തരവാദപ്പെട്ട ആരെങ്കിലും എത്തുന്നതുവരെ മറ്റുള്ളവർ അപകടത്തിൽ പെടാതിരിക്കുവാൻ ജാഗ്രത പാലിക്കണം. പൊട്ടിയ ലൈൻ വെള്ളത്തിൽ കിടക്കുകയാണെങ്കിൽ ആ വെള്ളത്തിൽ സ്പർശിക്കരുത്. പൊട്ടിയ ലൈൻ തട്ടി ആർക്കെങ്കിലും ഷോക്കേറ്റാൽ അയാളുടെ ശരീരത്തിൽ നേരിട്ട് സ്പർശിക്കാതെ ഉണങ്ങിയ മുളയോ കമ്പോ കൊണ്ട് തട്ടി ആളിനെ ലൈനിൽ നിന്നും മാറ്റുകയും പ്രഥമ ശുശ്രൂഷ നൽകി എത്രയും പെട്ടെന്ന് തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും വേണമെന്നും കെഎസ്ഇബി നിർദേശിക്കുന്നു.