ജയ്പുർ: ബസിൽ യാത്രക്കാർക്കൊപ്പം 14 അടി നീളമുള്ള കൂറ്റൻ പെരുമ്പാമ്പിനെ കണ്ടെത്തി. ഉദയ്പുരിൽ നിന്നു മുംബൈയിലേക്കു പോയ ബസിലാണ്, അപ്രതീക്ഷിത യാത്രികൻ കടന്നുകൂടിയത്. അഹമ്മദാബാദിൽ എത്തുംവരെ പാമ്പ് ബസിൽ ഉള്ള വിവരം ആരും അറിഞ്ഞില്ല. അപ്പോഴേക്കും പാമ്പുമായി ബസ് 250 കിലോമീറ്റർ ദൂരം പിന്നിട്ടിരുന്നു. അഹമ്മദാബാദിനു സമീപം ഒരു ധാബയിൽ ബസ് നിർത്തിയപ്പോഴാണ് യാത്രക്കാരിൽ ഒരാൾ പാമ്പിനെ കണ്ടത്. ഇയാൾ ഭയന്നു നിലവിളിച്ചതോടെയാണ് മറ്റു യാത്രക്കാർ വിവരം അറിഞ്ഞത്.

പാമ്പിനെ കണ്ടതോടെ ബസിൽനിന്നിറങ്ങാൻ യാത്രക്കാർ തിക്കും തിരക്കുമായി. ഇതിനിടെ ഏതാനും ചെറുപ്പക്കാർ സീറ്റുകൾക്കിടയിൽനിന്നു പാമ്പിനെ കണ്ടെത്താൻ ശ്രമം തുടങ്ങി. അര മണിക്കൂർ ശ്രമിച്ചാണ് പാമ്പിനെ പിടികൂടി ബസിൽനിന്നു പുറത്ത് എത്തിച്ചത്. പാമ്പിനെ ഇവർ സുരക്ഷിതമായി കാട്ടിലേക്കു തുറന്നുവിട്ടു.

പാമ്പിനെ പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ ചില യാത്രക്കാർ സോഷ്യൽ മിഡിയയിൽ പങ്കുവച്ചു. ഉദയ്പുരിൽനിന്നു പുറപ്പെടും മുമ്പു തന്നെ പാമ്പ് ബസിൽ കയറിക്കൂടിയിട്ടുണ്ടാവാമെന്നാണ് കരുതുന്നത്. സീറ്റിനിടയിൽ മറഞ്ഞിരുന്നതിനാൽ ആരുടെയും ശ്രദ്ധയിൽ പെട്ടില്ല. ഇരുന്നൂറ്റമ്പത് കിലോമീറ്റർ യാത്ര ചെയ്തിട്ടും പാമ്പ് കാര്യമായി അനക്കമൊന്നുമില്ലാതെ സീറ്റിനടിയിൽ തന്നെ ഇരുന്നു എന്നത് അതിശയകരമാണെന്ന് യാത്രക്കാർ പറഞ്ഞു.