മുംബൈ: സിനിമാ ഷൂട്ടിംഗിനിടെ അൽപസ്വൽപം തമാശയൊക്കെ ഇല്ലെങ്കിൽ സംഗതി ബോറാകും. ബോളിവുഡ് സുന്ദരി സണ്ണി ലിയോൺ എന്തുചെയ്താലും വാർത്തയാവുകയും ചെയ്യും. ചിത്രീകരണത്തിനിടെ, സഹപ്രവർത്തകർ ഒപ്പിച്ച തമാശയാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്.

സിനിമാ ചിത്രീകരണത്തിന്റെ ഇടവേളയിൽ സ്‌ക്രിപ്റ്റ് വായിച്ചു കൊണ്ടിരിക്കുകയായിരുന്ന സണ്ണിയുടെ ദേഹത്തേക്ക് പ്ലാസ്റ്റിക്ക് പാമ്പിനെ എടുത്തിട്ടായിരുന്നു കൂട്ടുകാരുടെ തമാശ. സെലിബ്രിറ്റി മാനേജർ സണ്ണി രജനിയും ബോളിവുഡ് മെയ്‌ക്കപ്പ് മാൻ തോമസ് മൗക്കയും ചേർന്നാണ് സണ്ണിക്ക് പണികൊടുത്തത്. സണ്ണി തന്നെയാണ് ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ദേഹത്ത് വീണ പാമ്പിനെ വലിച്ചെറിഞ്ഞ് സണ്ണി അലറി വിളിച്ചുകൊണ്ട് ഓടുന്നതും വീഡിയോയിൽ കാണാം.

സഹപ്രവർത്തകർ പകർത്തിയ വീഡിയോയെക്കാൾ വൈറലായത് സണ്ണിയും മാധ്യമ പ്രവർത്തക ഉപാല ബസുവും തമ്മിലുള്ള തുറന്ന വാഗ്വാദമായിരുന്നു. വീഡിയോയ്ക്ക് ഉപാല നൽകിയ കമന്റാണ് ഇരുവരും തമ്മിലുള്ള വാഗ്വാദത്തിന് തുടക്കമിട്ടത്.

ഇത് യഥാർത്ഥ പാമ്പാണോ എന്നും സണ്ണി അതിനെ വലിച്ചെറിഞ്ഞപ്പോൾ പാവം പാമ്പിനൊന്നും പറ്റിയിട്ടുണ്ടാകില്ലെന്നാണ് വിശ്വസിക്കുന്നതെന്നും ഉപാല കമന്റിട്ടു. മൃഗ സംരക്ഷണ സംഘടനയായ പെറ്റ ഇതൊന്ന് ശ്രദ്ധിക്കണേയെന്നും ഉപാല ഓർമിപ്പിച്ചു.ഇത് യഥാർത്ഥ പാമ്പല്ലെന്നും, തനിക്ക് മൃഗങ്ങളോടുള്ള സ്നേഹം ഉപാലയ്ക്ക് അറിയില്ലെന്നും തന്നോട് വെറുപ്പുള്ളതുകൊണ്ടാണ് ആവശ്യമില്ലാതെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്നും സണ്ണി മറുപടി നൽകി.