ന്യൂഡൽഹി: വർഷങ്ങളായി തുടരുന്ന എസ്.എൻ.സി ലാവ്‌ലിൻ അഴിമതി കേസിൽ പിണറായി വിജയന് തലവേദന തുടരും. കേസിൽ ഒമ്പതാം പ്രതിയായിരുന്ന പിണറായി വിജയനെ ഒഴിവാക്കി കൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെ സിബിഐ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചു. സിബിഐക്ക് പുറമേ അന്നത്തെ കെപിസിസി പ്രസിഡന്റ് ആയിരുന്ന വി എം സുധീരനും ഹർജി നൽകിയിരുന്നു. ഇതെല്ലാം പരിഗണിച്ച് എല്ലാ കേസുകളും ഒന്നിച്ച് ജനുവരിയിൽ പരിഗണിക്കുമെന്നാണ് സുപ്രീംകോടതി അറിയിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കിയതിനെതിരെ കൂട്ടുപ്രതികൾ നൽകിയതടക്കമുള്ള ഹർജികൾ ജസ്റ്റിസുമാരായ എൻ.വി. രമണ, ശാന്തന ഗൗഡർ എന്നിവരുടെ ബെഞ്ചാണ് പരിഗണനയിലെടുത്തത്. ലാവ്ലിൻ അഴിമതിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിചാരണ നേരിടേണ്ടത് അനിവാര്യമാണെന്ന് സിബിഐ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. വിചാരണ പോലും നേരിടാതെയാണ് അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനെ കേസിൽ നിന്നും ഒഴിവാക്കിയത്.

പിണറായി അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ സിബിഐ പ്രത്യേക കോടതി ഉത്തരവ് കഴിഞ്ഞ വർഷം ഓഗസ്റ്റ് 22ന് ഹൈക്കോടതി ഭാഗികമായി ശരിവച്ചിരുന്നു. പിണറായിക്ക് പുറമേ മോഹനചന്ദ്രൻ, എ. ഫ്രാൻസിസ് എന്നിവരെയും വെറുതെവിട്ടു. എന്നാൽ, ജനറേഷൻ വിഭാഗം ചീഫ് എഞ്ചിനീയറായിരുന്ന കസ്തൂരി രംഗ അയ്യർ, ആർ. ശിവദാസൻ, കെ.ജി. രാജശേഖരൻ നായർ അടക്കമുള്ള മൂന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ വിചാരണ നേരിടണമെന്നായിരുന്നു ഹൈക്കോടതി വിധി. ഇതിനെതിരെയാണ് മൂന്നു പേരും സുപ്രീംകോടതിയെ സമീപിച്ചത്.

ഇവരുടെ ഹർജികൾ പരിഗണിക്കുമ്പോൾ സിബിഐ നൽകിയ സത്യവാങ്മൂലവും കോടതി പരിഗണിക്കും. ലാവ്ലിൻ കരാറിൽ വരുത്തിയ മാറ്റം അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയൻ അറിയാതെ സാധ്യമാവില്ലെന്ന് സിബിഐയുടെ സത്യവാങ്മൂലത്തിലുണ്ട്. കൺസൾട്ടൻസി കരാർ സപ്ലൈ കരാറായി മാറിയത് ലാവ്ലിൻ കമ്പനിയുടെ അതിഥിയായി പിണറായി വിജയൻ കാനഡയിലെത്തിയ സമയത്താണെന്നും സിബിഐ വിശദീകരിക്കുന്നുണ്ട്.