ആലപ്പുഴ: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളോടും സമദൂര നിലപാട് സ്വീകരിക്കാൻ എസ്എൻഡിപി തീരുമാനം. ഇക്കാര്യം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എസ്.എൻ.ഡി.പിയോട് കൂറ് പുലർത്തുന്ന മുന്നണികൾക്ക് വോട്ട് ചെയ്യുന്ന കാര്യം അതാത് യൂണിയനുകൾക്ക് സ്വന്തം നിലയിൽ തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഇത് മന:സാക്ഷി വോട്ടോ സമദൂരമോ അല്ല.സമദൂരത്തിലും ഒരു ദൂരമുണ്ട്. തിരഞ്ഞെടുപ്പിൽ ആര് ജയിച്ചാലും അതിന്റെ പേരിൽ എസ്.എൻ.ഡി.പി അവകാശവാദം ഉന്നയിക്കില്ല. ചെങ്ങന്നൂരിൽ നടക്കുന്നത് ത്രികോണ മത്സരമാണ്. ഇപ്പോൾ ഇടത് സ്ഥാനാർത്ഥി സജി ചെറിയാനാണ് തിരഞ്ഞെടുപ്പ് പ്രചരണത്തിൽ മുന്നിലുള്ളത്. എസ്.എൻ.ഡി.പിയെ സഹായിക്കുന്നവർക്ക് വോട്ട് ചെയ്യാൻ യൂണിയനുകൾക്ക് അനുവാദമുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച കേരളാ കോൺഗ്രസ് (എം) ചെയർമാൻ കെ.എം.മാണിയുടെ നിലപാട് ലജ്ജാകരമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം എസ്എൻഡിപിയുടെ സമദൂര നിലപാട് തിരിച്ചടിയായിരിക്കുന്നത് ബിജെപി സ്ഥാനാർത്ഥി ശ്രീധരൻ പിള്ളക്കാണ്. ബിഡിജെഎസ് ശ്രീധരൻ പിള്ളക്ക് വേണ്ടി രംഗത്തിറങ്ങിയാൽ പോലും എസ്എൻഡിപിയുടെ നിലപാട് തിരിച്ചടിയാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.