ആലപ്പുഴ: മനോരമ ന്യൂസ് ചാനലിലെ ന്യൂസ് മേക്കർ പുരസ്‌ക്കാര പ്രഖ്യാപനത്തിന് ഇനി അധികം നാളുകൾ ഇല്ല. പോയവർഷത്തെ വാർത്താതാരത്തെ കണ്ടെത്താനുള്ള മത്സരത്തിൽ നാല് പേരാണ് അന്തിമ ലിസ്റ്റിൽ ഇടംപിടിച്ചത്. വെള്ളാപ്പള്ളി നടേശൻ, ജേക്കബ് തോമസ്, നിവിൻ പോളി, കോടിയേരി ബാലകൃഷ്ണൻ എന്നിവരാണ് വാർത്താതാരമാകാൻ മത്സരിക്കുന്നത്. ഇതിൽ അവസാന നിമിഷം മത്സരം മുറുകുന്നത് വെള്ളാപ്പള്ളി നടേശനും ജേക്കബ് തോമസ് ഐപിഎസും തമ്മിലാണ്. ശക്തമായ നടപടികളിലൂടെ ജനങ്ങളുടെ ഹീറോയായ ജേക്കബ് തോമസിന് മികച്ച വോട്ടുകൾ ലഭിക്കുന്നുണ്ട്. കൂടാതെ കോടിയേരി ബാലകൃഷ്ണന് വേണ്ടി പാർട്ടി അണികളും ശക്തമായി രംഗത്തുണ്ട്. നിവിൻ പോളി ആരാധർ ശ്രമിക്കുന്നുണ്ടെങ്കിലും അത് എത്രകണ്ട് വിജയമാകും എന്ന കണ്ടു തന്നെ അറിയണം. ഇതിനിടെയാണ് എസ്എൻഡിപി സൈബർ സേനയെ രംഗത്തിറക്കി വെള്ളാപ്പള്ളി സ്വയം ന്യൂസ് മേക്കറാകാൻ കച്ചമുറുക്കി രംഗത്തിറങ്ങിയിരിക്കുന്നത്.

ഇതിനാടെ സ്വന്തം സമുദായത്തിലെ വാട്ട്്‌സ് ആപ്പ് ഗ്രൂപ്പുകളെ രംഗത്തിറക്കിയാണ് വെള്ളാപ്പള്ളിയുടെ ത്ന്ത്രം. സംസ്ഥാനത്തെ മതസംഘടനകളുടെ ആദ്യ വാട്ട്‌സ് ആപ്പ് ഗ്രൂപ്പായ എസ്് എൻ സൈബർസേനയാണ് വെള്ളാപ്പള്ളിയെ മുൻനിരയിലെത്തിക്കാനുള്ള ദൗത്യം ഏറ്റെടുത്തിട്ടുള്ളത്. സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള അനേകായിരം ഗ്രൂപ്പുകളാണ് എസ് എൻ സൈബർ സേനയുമായി ബന്ധിച്ചിട്ടുള്ളത്.

എന്നാൽ ചാനലിന്റെ അവസാനവട്ട പട്ടിക തയ്യാറായപ്പോൾ പത്താമനായിരുന്നു വെള്ളാപ്പള്ളി. എന്നാൽ സംഘടനാ സംവിധാനം ഉണർന്നു പ്രവർത്തിച്ചതോടെ അദ്ദേഹം ഫൈനലിസ്റ്റായി മാറി. ഇപ്പോൾ നാലിൽ ഒന്നാമനാകാനുള്ള ശ്രമമാണ് വെള്ളാപ്പള്ളി നടത്തുന്നത്. ഇതിനായാണ് വെള്ളാപ്പള്ളി സൈബർ സേനയെ ദൗത്യം ഏൽപ്പിച്ചത്. വെള്ളാപ്പള്ളിയുടെ ഈ തന്ത്രം വിജയം കാണുന്നതായാണ് സൂചന. ഒന്നാമനായാൽ വെള്ളാപ്പള്ളിക്ക് ഇത് മധുര പ്രതികാരമാകും. അവസാന പട്ടികയിൽ ഒന്നാമനായി ഡി ജി പി ജേക്കബ് തോമസും രണ്ടാമനായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമാണ്. ജേക്കബ് തോമസിനെ മറിക്കടക്കാനായില്ലെങ്കിലും കോടിയേരിയെ മറിക്കടക്കുകയെന്നത് വെള്ളാപ്പള്ളിയുടെ ലക്ഷ്യങ്ങളിലൊന്നാണ്.

സംസ്ഥാനത്ത് വെള്ളാപ്പള്ളിക്കെതിരെ ശക്തമായ നിലപാടെടുത്ത രാഷ്ട്രീയ നേതാവാണ് കോടിയേരി. കോടിയേരിയെ മറികടന്ന് കേരള ജനതയുടെ ന്യൂസ് മേക്കറാകാൻ കഴിഞ്ഞാൽ വെള്ളാപ്പള്ളിക്ക് അത് വലിയ നേട്ടമാണ്. പുതിയ പാർട്ടിയുണ്ടാക്കുകയും സമത്വമുന്നേറ്റ യാത്രയും നടത്തിയ വെള്ളാപ്പള്ളിക്ക് രാഷ്ട്രീയ വിഷയം കൂടിയാണ് ഈ പുരസ്‌ക്കാരം. അതേസമയം മൽസരം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വെള്ളാപ്പള്ളിയെ മുൻനിരയിലെത്തിക്കാനായി സേന പുതിയ ഗ്രുപ്പുകളിൽ അംഗത്വമെടുത്തും നിലവിലുള്ളവർക്ക് എസ് എം എസ് അയച്ചും രംഗത്ത് സജീവമാണ്.

കേരളത്തിന് അകത്തും പുറത്തുമുള്ള ഈഴവ സമുദായാംഗങ്ങളെ ഉപയോഗിച്ച് വെള്ളാപ്പള്ളിക്ക് വോട്ടു നേടിക്കൊടുക്കുകയെന്ന ലക്ഷ്യവുമായി സേന ശാഖാതലത്തിൽ ശക്തമായ പ്രവർത്തനമാണ് നടത്തുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് വേളയിൽ പോലും സജീവമാകാതിരുന്നു സേന ന്യൂസ് മേക്കർ തെരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളിയെ ഒന്നാമതെത്തിക്കുമെന്ന പ്രതിജ്ഞയിലാണ്.

2016 ൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ നേതൃനിരയിൽ നിൽക്കേണ്ട വെള്ളാപ്പള്ളിയെ ന്യൂസ് മേക്കറാക്കേണ്ടത് ബിജെപിയുടെയും ബാധ്യതയാണ്. തങ്ങളുടെ നേതാക്കളാരും തന്നെ പട്ടികയിൽ ഇടംനേടാത്ത സാഹചര്യത്തിൽ വെള്ളാപ്പള്ളിയെ സഹായിക്കാൻ ആർഎസ്എസ്സും ശിവസേനയും രംഗത്തുണ്ട്. സമത്വ മുന്നേറ്റ ജാഥയ്ക്കുശേഷം വെള്ളാപ്പള്ളിക്ക് കാര്യമായ ജനസമ്മതി ഉണ്ടായെന്ന വരുത്തിത്തീർക്കാനുള്ള കൊണ്ടുപിടിച്ച ശ്രമമാണ് ഇതിനുപിന്നിൽ.

കോഴിക്കോട് അപകടത്തിൽപ്പെട്ട അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാനിറങ്ങി ജീവൻവെടിഞ്ഞ നൗഷാദിന്റെ കുടുംബത്തിന് സഹായമെത്തിച്ച സർക്കാരിനെയും മുസ്ലിം സമുദായത്തെയും ആക്ഷേപിച്ച വെള്ളാപ്പള്ളിക്ക് അടുത്ത സമയത്ത്് സ്വസമുദായത്തിൽനിന്നും ഇതര സമുദായങ്ങളിൽനിന്നും കടുത്ത വെല്ലുവിളി നേരിടേണ്ടി വന്നിരുന്നു. ഈ ക്ഷീണം സമുദായംഗങ്ങളെ കൊണ്ട് വോട്ട് ചെയ്യിപ്പിച്ച് നികത്താനാണ് വെള്ളാപ്പള്ളിയുടെ ശ്രമം. എന്നാൽ, കോടിയേരിയെയും, നിവിൻ പോളിയെയും മറികടന്ന് ഒന്നാം സ്ഥാനത്ത് തന്നെയാണ് ഇപ്പോവും ജേക്കബ് തോമസ്. അദ്ദേഹത്തിൽ നിന്നുള്ള വെല്ലുവിളിയെ വെള്ളാപ്പള്ളി അതിജീവിക്കുമോ എന്നാണ് കണ്ടറിയേണ്ടത്.