ന്യൂ ഡൽഹി: എസ്എൻഡിപി ഡൽഹി യൂണിയന്റെ ആഭിമുഖ്യത്തിൽ വികാസ്പുരി കേരള സ്‌കൂളിൽ നടത്തിവന്ന കലാമേള സമാപിച്ചു. സമാപന സമ്മേളനത്തിൽ ലോക്‌സഭാംഗം ഡോ. പ്രഫ. റിച്ചാർഡ് ഹേ വിഷിഷ്ടാതിഥിയായിരുന്നു. യൂണിയന്റെ കീഴിലുള്ള ശ്രീനാരായണ ഗുരുദേവ കലാമണ്ഡലത്തിന്റെ സുഖകരമായ നടത്തിപ്പിനുവേണ്ട എല്ലാവിധ സഹായങ്ങളും എംപി ഫണ്ടിൽനിന്നു നൽകുമെന്ന് അദ്ദേഹം ഉറപ്പു നൽകി.

കേരള സ്‌കൂളിൽ പ്രത്യേകം ഒരുക്കിയ 'മഹാകവി കുമാരനാശാൻ ഹാൾ', 'ടി.കെ. മാധവൻ ഹാൾ', 'സഹോദരൻ അയ്യപ്പൻ ഹാൾ' എന്നീ വേദികളിലായിരുന്നു മത്സരങ്ങൾ. സമൂഹ നൃത്തം, സമൂഹ ഗാനം, സിനിമാറ്റിക് ഡാൻസ്, പ്രച്ഛന്ന വേഷം, ടാബ്ലോ, തിരുവാതിര, മിമിക്രി, മോണോ ആക്ട്, ഭരതനാട്യം, മോഹിനിയാട്ടം, നാടോടിനൃത്തം, നാടൻപാട്ടുകൾ എന്നീ ഇനങ്ങളിലായിരുന്നു മത്സരം. ആലപ്പുഴ സി.വേണുഗോപാൽ, പി.കെ. രാജേന്ദ്രൻ മുണ്ടക്കയം, കീർത്തന വാസവൻ, ഗീത രാജേന്ദ്രൻ, ശാലിനി അജികുമാർ, സേതുപാലൻ, മോഹൻകുമാർ, അജികുമാർ മേടയിൽ എന്നിവർ വിധികർത്താക്കളായിരുന്നു.

ഏറ്റവും കൂടുതൽ പോയിന്റ് നേടി മയൂർ വിഹാർ ഫേസ്3 ശാഖ കുഞ്ഞൻ മെമോറിയൽ എവർ റോളിങ് ട്രോഫി കരസ്ഥമാക്കി. രണ്ടാം സ്ഥാനക്കാർക്കു വി. അശോകൻ മെമോറിയൽ പുരസ്‌കാരത്തിന് മെഹ്‌റോളി ശാഖയും അർഹരായി. മൂന്നാം സ്ഥാനം വികാസ്പുരി ശാഖയും നേടി. 2005ൽ തുടക്കമിട്ട കലാമേളയ്ക്ക് ഇത്തവണ വികാസ്പുരി ശാഖയാണ് നേതൃത്വം നൽകിയത്.

സമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ് ടി.പി. മണിയപ്പൻ അധ്യക്ഷത വഹിച്ചു. ഡൽഹി മലയാളി അസോസിയേഷൻ ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, ബിജെപി നേതാവ് പ്രസന്നൻ പിള്ള, ആർഎംഎസ് നായർ, രഘുനാഥൻ നായർ, പി. രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. യൂണിയൻ സെക്രട്ടറി കല്ലറ മനോജ് നന്ദി പറഞ്ഞു.

റിപ്പോർട്ട്: പി.എൻ. ഷാജി