കോട്ടയം: ഭൂരിപക്ഷ ഹിന്ദു ഐക്യമെന്ന ആഹ്വാനവുമായി ഇറങ്ങിയ വെള്ളാപ്പള്ളി നടേശൻ മതേതര പാർട്ടിയെന്ന ലക്ഷ്യവുമായി മുന്നോട്ടാണ്.. ഈഴവ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് വെള്ളാപ്പള്ളി നടത്തുന്ന നീക്കത്തെ പ്രതിരോധിക്കാൻ സമർദ്ദമായി കളിക്കുകയാണ് സിപിഐ(എം). കോൺഗ്രസും ഈ നീക്കത്തിൽ ഒട്ടും പിന്നിലല്ല. ഇതോടെ ജനസ്വാധീനമുള്ള എസ്എൻഡിപിക്കാർക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ ഡിമാൻഡ് കൂടി. യോഗം പ്രവർത്തകരെ സ്ഥാനാർത്ഥിയാക്കാൻ വാഗ്ദാനങ്ങളുമായി എല്ല രാഷ്ട്രീയ പാർട്ടികളും രംഗത്തിറങ്ങി. സ്വതന്ത്രരായി മത്സരിച്ചാലും പിന്തുണയ്ക്കാമെന്നാണ് വാഗ്ദാനം.

ഈഴവ വോട്ടുകൾ നിർണായകമായ വാർഡുകളിൽ ബിജെപി പിന്തുണ ഉറപ്പിക്കുന്നതിനു മുമ്പ് യോഗത്തിന്റെ പ്രവർത്തകരെ സ്വാധീനിക്കാനുള്ള തന്ത്രമാണ് ഇത്. എസ് എൻ ഡി പി പ്രവർത്തകർക്കും ഇടതു മുന്നണിയോടാണ് താൽപ്പര്യം. ഇടതു പക്ഷത്ത് നിന്നാൽ ഈഴവ വോട്ടുകൾ പൂർണ്ണമായും കിട്ടുമെന്ന് അവർ കണക്കു കൂട്ടുന്നു. ഇടതു പക്ഷമാണ് സജീവമായി ഈഴവ നേതാക്കളെ പാട്ടിലാക്കാൻ രംഗത്തുള്ളത്. അതുകൊണ്ട് തന്നെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഈഴവർക്ക് മതിയായ പ്രാതിനിധ്യം കിട്ടുമെന്ന അവസ്ഥയാണ്. ബിജെപിയുടെ മുന്നേറ്റം തടയുന്നതിനൊപ്പം ഈഴവ വോട്ടുകളിൽ ഭിന്നിപ്പുണ്ടാക്കുകയാണ് ഇടതുമുന്നണിയും കോൺഗ്രസും വെവ്വേറെ നടത്തുന്ന ഈ നീക്കത്തിന്റെ ലക്ഷ്യം. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ പ്രാദേശികതലത്തിൽ ചർച്ചയ്ക്ക് തയ്യാറായത് യോഗത്തിന്റെ ശക്തി തിരിച്ചറിഞ്ഞുള്ള വലിയ മാറ്റമായാണ് യൂണിയൻ നേതാക്കൾ കാണുന്നത്.

ആലപ്പുഴ, കോട്ടയം, കൊല്ലം ജില്ലകളിൽ ഇത്തരം നീക്കങ്ങൾ സജീവമാണ്. എസ്എൻഡിപിയുടെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം തന്നെയാണ് ഇതിന് കാരണവും. ഇതുവരെ ഈഴവരെ മത്സരിപ്പിക്കാത്ത സ്ഥലങ്ങളിൽ പോലും ഇത്തരം നീക്കം സജീവമാണ്. ക്രൈസ്തവ കോട്ടകളിൽ പോലും ഇത് സംഭവക്കുന്നുണ്ട്. പാലാ നഗരസഭയിൽ മൂന്ന് കൗൺസിലർ സ്ഥാനങ്ങൾ വരെ നൽകാമെന്ന് നഗരസഭ ഭരിക്കുന്ന മാണി ഗ്രൂപ്പിന്റെ നേതൃത്വം എസ്എൻഡിപിക്ക് വാഗ്ദാനം നൽകി. സ്വതന്ത്രരായി മത്സരിച്ചാലും പിന്തുണയ്ക്കാമെന്ന് ഇടതു മുന്നണി നേതൃത്വവും ഉറപ്പു നൽകി. വൈക്കം ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്ക് എസ്.എൻ.ഡി.പി യോഗം നേതാവ് സ്വതന്ത്രനായി മത്സര രംഗത്തിറങ്ങി. ആലപ്പുഴയിലും സമാനമായി ചർച്ചകൾ പുരോഗമിക്കുകയാണ്. കൊല്ലം പിടിക്കാൻ ഈ തന്ത്രത്തിന് തന്നെയാണ് പ്രാധാന്യം നൽകുക. തിരുവനന്തപുരം ജില്ലയിലെ ഈഴവ മുൻതൂക്ക മേഖലയിലും ആശയ വിനിമയം സജീവമാണ്.

തെക്കൻ കേരളത്തിലെ മിക്ക യൂണിയനുകളിലും യൂണിയൻ, മേഖലാ, ശാഖാതല യോഗങ്ങൾ നടക്കുകയാണ്. ശാഖാ ഭാരവാഹികൾക്ക് പുറമേ വനിതാസംഘം, മൈക്രോഫിനാൻസ്, കുടുംബയൂണിറ്റ് ഭാരവാഹികളും യോഗങ്ങളിൽ പങ്കെടുത്തു. സ്ത്രീ സംവരണ വാർഡുകളിൽ വനിതാസംഘം ഭാരവാഹികളെ മത്സരിപ്പിക്കാനുള്ള നീക്കവും നടക്കുന്നു. യൂണിയന്റെ മുൻകൂർ അംഗീകാരമില്ലാതെ സംഘടനാ ഭാരവാഹികൾ മുന്നണിയിലോ പാർട്ടിയിലോ മത്സരിക്കരുതെന്നും പത്താം തീയതിക്കുള്ളിൽ സ്ഥാനാർത്ഥികളുടെ വിവരങ്ങൾ ശാഖയുടെ ശുപാർശയോടെ യൂണിയൻ കൗൺസിലിനു നൽകി അനുമതി വാങ്ങണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ബിജെപിയുമായി മാത്രം സഹകരണം മതിയെന്നതാണ് വെള്ളപ്പള്ളിയുടെ നിലപാട്. അതുറപ്പിക്കാനായിരുന്നു ഈ നീക്കം. എന്നാൽ പല സ്ഥാനാർത്ഥികളും മറ്റ് മുന്നണിയിൽ മത്സരിക്കാൻ തയ്യാറായാൽ പ്രത്യക്ഷത്തിൽ എതിർക്കാൻ കഴയില്ല.

പ്രാദേശിക തല ധാരണ സംബന്ധിച്ച് യൂണിയൻ കൗൺസിൽ തീരുമാനം എടുക്കുമെന്നാണ് നിലവിൽ വെള്ളാപ്പള്ളിയുടെ നിലപാട്യ. വിവിധ യൂണിയനുകളിൽ 19ന് പ്രവർത്തകരുടെ വിപുലമായ മീറ്റിങ് വിളിച്ചിട്ടുണ്ട്. യോഗം നേതാക്കൾ പങ്കെടുക്കുന്ന ഈ സമ്മേളനത്തോടെ പൂർണ ചിത്രം തെളിയും. ബിജെപി സ്ഥാനാർത്ഥികളാക്കാൻ പരിഗണിക്കുന്നവർക്കാണ് പ്രധാനമായും സിപിഐ(എം) വാഗ്ദാനം നൽകുന്നത്. ഇതോടെ എസ്എൻഡിപി നേതാക്കൾക്ക് ചാഞ്ചാട്ടമാണ്. ഇട്ത് പക്ഷത്ത് നിന്ന് മത്സരിക്കുന്നതാണ് നല്ലതെന്നാണ് അവരുടെ നിലപാട്. എന്നാൽ വെള്ളാപ്പള്ളിയെ പിണക്കിയാൽ എസ്എൻഡിപിയിലെ സ്ഥാനവും പോകും. അതുകൊണ്ട് തന്നെ ചില കരുതലുകൾ സ്ഥാനാർത്ഥി മോഹമുള്ളവർ എടുക്കാനും ഇടയുണ്ട്.