- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടുംബാധിപത്യത്തിൽ നിന്നും അഴിമതിയിൽ നിന്നും എസ്എൻഡിപി യോഗത്തെ മോചിപ്പിക്കം; വെള്ളാപ്പള്ളിക്ക് എതിരായി ഉയർന്നു വരുന്ന പ്രതിഷേധ ഏകോപിപ്പിക്കാൻ മുൻകാല നേതാക്കൾ; എസ്എൻഡിപി യോഗം വിമോചന സമിതിയുടെ സംസ്ഥാന നേതൃക്യാമ്പ് കോടനാട്
കോടനാട്: എസ്എൻഡിപി യോഗത്തെ അഴിമതിയിൽ മുക്കി അടക്കി ഭരിക്കുന്ന വെള്ളാപ്പള്ളി നടേശന്റെ നടപടികൾക്കെതിരെ രൂപം കൊണ്ട എസ്എൻഡിപി വിമോചന സമിതിയുടെ സംസ്ഥാന നേതൃക്യാമ്പ് മലയാറ്റൂരിലെ കോടനാട് തുടങ്ങി. കോടനാട് റിവർ ഫ്രണ്ട് റിസോർട്ട് ഓഡിറ്റോറിയത്തിൽ തുടങ്ങിയ സംസ്ഥാന നേതൃക്യാമ്പ് സമിതി ചെയർമാൻ ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗത്തിന്റെ മുൻ ഭാരവാഹികളായ അറുപതിലധികം നേതാക്കൾ ഉൾപ്പെടെ നൂറോളം പേരാണ് പങ്കെടുക്കുന്നത്.
എസ്.എൻ.ഡി.പി യോഗത്തിന്റെ സമീപകാല ചരിത്രത്തിൽ ആദ്യമായാണ് വെള്ളാപ്പള്ളി വിരുദ്ധ വിഭാഗത്തിന്റെ ഒരു യോഗത്തിൽ ഇത്രയധികം മുൻ കാല യൂണിയൻ നേതാക്കൾ അണിചേരുന്നത്. എസ്.എൻ.ഡി.പി യോഗത്തിൽ ശ്രീ നാരായണ ധർമ്മവും ,സംഘടനാ ജനാധിപത്യവും പുനഃസ്ഥാപിക്കാനുള്ള ശക്തമായ പ്രക്ഷോഭങ്ങൾക്ക് ക്യാമ്പിൽ തീരുമാനമെടുക്കും. കുടുംബാധിപത്യത്തിൽ നിന്നും, കൊടിയ അഴിമതിയിൽ നിന്നും യോഗത്തെ വിമോചിപ്പിക്കുവാനുള്ള , ' ഗുരുപൂജ '
ഒരു ഗുരു നിയോഗമായി വിമോചന സമിതി ഏറ്റെടുക്കുമെന്ന് നേതാക്കൾ അറിയിച്ചു.
നടേശനെതിരായി ശ്രീനാരായണ സമൂഹത്തിൽ ഉയർന്നു വരുന്ന പ്രതിഷേധത്തെ, പ്രക്ഷോഭത്തിന്റെ പാതയിലേക്ക് എത്തിക്കുന്നതിനായി വിമോചന സമിതിയുടെ ജില്ലാ , യൂണിയൻ ഘടകങ്ങൾ രൂപീകരിക്കുന്നതാണ്. ഗുരുദേവൻ,വേൽ പ്രതിഷ്ഠ നടത്തിയ ഇടപ്പാടി ആനന്ത ഷണ്മുഖ ക്ഷേത്രത്തിൽ (പാലാ ) നിന്നും ' ശിവഗിരിമഹാസമാധിയിലേക്ക് നടത്തുന്ന യോഗത്തിൽ ശാപമോചനപ്രാർത്ഥന വിളമ്പര യാത്ര നടത്താനും, 2021ഡിസംബർ മാസത്തിൽ സംസ്ഥാന വ്യാപകമായി സംസ്ഥാന തല വാഹന പ്രചരണ യാത്ര സംഘടിപ്പിക്കുന്നതിനും ക്യാമ്പിൽ തീരുമാനമാകും.
പല വിഭാഗങ്ങളായി നിൽക്കുന്ന നടേശ വിരുദ്ധരെയും, നിരാശരായി വിട്ടു നിൽക്കുന്ന മുൻ കാല നേതാക്കളെയും ഒരുമിച്ച് ചേർത്ത്, ഒരു അന്തിമ സമരത്തിന് സജ്ജരാകുന്നതിനാണ് ക്യാമ്പ് മുന്നൊരുക്കങ്ങൾ നടത്തിയിട്ടുള്ളത്. കൃത്യമായ ലക്ഷ്യബോധത്തോടെ, വ്യക്തമായ ആസൂത്രണത്തോടെ അധർമ്മത്തിന്റെയും അഴിമതിയുടെയും അവതാരങ്ങളായ നടേശ സംഘത്തിന്റെ ധൃതരാഷ്ട്ര ആലിംഗനത്തിൽ നിന്നും ശ്രീനാരായണ പ്രസ്ഥാനത്തെ വിമോചിപ്പിക്കുവാനുള്ള പോരാട്ടത്തിലെ സുപ്രധാനമായ നാഴികക്കല്ലായി, ക്യാമ്പ് മാറ്റുമെന്ന് നേതാക്കൾ അഭിപ്രായപെട്ടു.
വിമോചന സമിതി സംസ്ഥാന പ്രസിഡന്റ്, അഡ്വ: ആർ. അജന്ത കുമാർ , ജനറൽ സെക്രട്ടറി അഡ്വ: കെ.എം.സന്തോഷ് കുമാർ , വർക്കിങ് പ്രസിഡന്റ് വി.പി. ദാസൻ , ട്രഷറർ ശ്രീപാദം ശ്രീകുമാർ , സെക്രട്ടറി സുരേന്ദ്രൻ ആരവല്ലി,അജയൻ കെ തങ്കപ്പൻ സ്വാഗത സംഘം ചെയർമാൻ ടി.എൻ.സദാശിവൻ, കൺവീനർമാരായ ഇ.ഡി. ഷിബു , കെ.എൻ ജോഷി തുടങ്ങിയവരാണ് ക്യാമ്പിന്റെ മുഖ്യ സംഘാടകർ.
മറുനാടന് മലയാളി ബ്യൂറോ