- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്നെ തല്ലിയത് പൊലീസ് തന്നെ; ഡിവൈഎഫ്ഐക്കാരുടെ കാഴ്ച നഷ്ടപ്പെട്ടു പോയതിന് നമ്മൾക്ക് എന്തു പറയാൻ പറ്റും? പൊലീസുകാരൻ ഒറ്റപ്പെട്ട് മറിഞ്ഞുവീഴാൻ പോയപ്പോഴാണ് ഇടയ്ക്ക് നിന്ന് അയാളെ ഉപദ്രവിക്കരുതെന്ന് പറയുന്നത്; ഈ സംഭവം അവിടെയുണ്ടായിരുന്നവർ കണ്ടിട്ടുണ്ട്; സൈബർ സഖാക്കളെ തള്ളി സ്നേഹ ആർ നായർ
തിരുവനന്തപുരം: ഇന്നലെ കെഎസ് യു നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ നിരവധി കെഎസ് യു പ്രവർത്തകർക്ക് മർദ്ദനമേറ്റിരുന്നു. സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് സ്നേഹ ആർവിയും മർദ്ദനത്തിൽ പരിക്കേറ്റവരുടെ കൂട്ടത്തിലുണ്ട്. എന്നാൽ, ഇവർക്കെതിരെ സൈബർ സഖാക്കൾ രംഗത്തുവരികയും ചെയ്തു. സ്നേഹക്ക് പരിക്കേറ്റത് സഹപ്രവർത്തകരിൽ നിന്നാണ് എന്നായിരുന്നു ആരോപണം. എന്നാൽ, ഈ ആരോപണം നിഷേധിച്ച് പൊലീസുകാരൻ തന്നെയാണെന്ന് വ്യക്തമാക്കി സ്നേഹ രംഗത്തെത്തി. തല്ലിയ പൊലീസുകാരന്റെ മുഖം തനിക്ക് കൃത്യമായി ഓർമയുണ്ടെന്നും അദ്ദേഹത്തോട് തല്ലരുതെന്ന് അഭ്യർത്ഥിച്ചിരുന്നെന്നും സ്നേഹ ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞു.
സ്നേഹയുടെ വാക്കുകൾ: ''ഒരു മാധ്യമപ്രവർത്തകനാണ് ആ ചിത്രം കാണിച്ചു തന്നത്. ശരിക്കും സങ്കടം തോന്നി അത് കണ്ടപ്പോൾ. നടന്ന സംഭവം ഞാൻ പറായം. ഞാൻ ആ ചിത്രം കണ്ടു. ഏത് ഡിവൈഎഫ്ഐക്കാരനായാലും എസ്എഫ്ഐക്കാരനായാലും അതിന്റെ തിരക്കഥയ്ക്ക് പിന്നിലുണ്ടെങ്കിൽ കാലം അതിന് ഉത്തരം നൽകുമെന്ന് ഞാൻ ആഗ്രഹിക്കുന്നു. സമരത്തിനിടെ ലാത്തി വീശിയപ്പോൾ പ്രവർത്തകർ ചിതറിയോടി. ആ സമയത്ത് ഒരു പൊലീസുകാരൻ ഒറ്റപ്പെട്ട് മറിഞ്ഞുവീഴാൻ പോയപ്പോഴാണ് ഇടയ്ക്ക് നിന്ന് അയാളെ ഉപദ്രവിക്കരുതെന്ന് പറയുന്നത്. ഈ സംഭവം അവിടെയുണ്ടായിരുന്ന രാഷ്ട്രീയത്തിന്റെ ഭാഗമല്ലാത്ത ഉദ്യോഗാർത്ഥികൾ കണ്ടിട്ടുണ്ട്. അതിന് ശേഷം ശോഭാ സുരേന്ദ്രൻ നിരാഹാരം അനുഷ്ടിക്കുന്ന സമരപ്പന്തലിന്റെ അടുത്ത് വച്ചാണ് എനിക്ക് മർദ്ദനമേറ്റത്. അതും അവിടെയുള്ള ഉദ്യോഗാർത്ഥികൾ കാണുന്നുണ്ട്. ഡിവൈഎഫ്ഐക്കാരുടെ കാഴ്ച നഷ്ടപ്പെട്ട് പോയതിന് നമ്മൾക്ക് എന്ത് പറയാൻ പറ്റും. '
'എന്നെ തല്ലിയ പൊലീസുകാരനെ എനിക്ക് കൃത്യമായിട്ട് അറിയാം. അദ്ദേഹം ഒരു വെളുത്ത വണ്ണം കുറഞ്ഞ പൊലീസുകാരനാണ്. തല്ലാൻ തുടങ്ങിയപ്പോൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു, എന്നെ തല്ലരുതെന്ന്. അത് ഒരിക്കലും എന്റെ പ്രവർത്തകരിൽ നിന്ന് കിട്ടിയ അപകടമല്ല. ഒരു നാടകവേഷം കെട്ടി ഇവിടെ വന്ന് കിടക്കേണ്ട കാര്യമില്ല. സംശയമുണ്ടെങ്കിൽ ഞാൻ കിടക്കുന്ന ആശുപത്രിയിൽ വന്നു നോക്കാം. പൊലീസുകാർ മർദ്ദിച്ച പാട് നിങ്ങൾക്ക് കാണാം.''
സ്നേഹയ്ക്ക് പരുക്കേറ്റത് സഹപ്രവർത്തകരുടെ തല്ല് കൊണ്ടാണെന്ന വാദവുമായി സൈബർ സിപിഐഎം രംഗത്തെത്തിയിരുന്നു. മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച ചിത്രങ്ങളും ദൃശ്യമാധ്യമങ്ങൾ ടെലികാസ്റ്റ് ചെയ്ത വീഡിയോകളും സഹിതമാണ് സിപിഐഎം പ്രവർത്തകർ ഇക്കാര്യം വ്യക്തമാക്കിയത്. നിലത്ത് വീണ പൊലീസുകാരനെ തല്ലുമ്പോൾ ഒരു കെഎസ്യുക്കാരൻ വീശുന്ന വടി സ്നേഹയുടെ മുഖത്തുകൊള്ളുന്നത് ഒരു മാധ്യമം പുറത്തുവിട്ട വീഡിയോയിൽ കാണാം. മറ്റൊരു വീഡിയോയിലും സമാനസംഭവമാണ് വ്യക്തമാകുന്നത്.
സെക്രട്ടേറിയറ്റ് മതിൽ ചാടാൻ ശ്രമിക്കുന്നതിനിടെ സ്നേഹയെ പൊലീസ് തടയാൻ ശ്രമിക്കുന്നതും തുടർന്ന് വീഴാൻ തുടങ്ങുമ്പോൾ ഒരു വടി സ്നേഹയുടെ മുഖത്തേക്ക് വീശിയടിക്കുന്നതും വീഡിയോയിൽ കാണാം. ഇക്കാര്യങ്ങൾ തെളിവുസഹിതം പുറത്തുവന്നെങ്കിലും മർദ്ദിച്ചത് പൊലീസുകാരാണെന്ന വാദത്തിൽ കെഎസ്യു ഉറച്ചുനിൽക്കുകയാണെന്ന് സോഷ്യൽമീഡിയയിലെ സിപിഐഎം ആരോപിച്ചിരുന്നു. സൈബർ ആക്രമണം സജീവമാകുന്നതിനിടെയാണ് വിശദീകരണവുമായി സ്നേഹ രംഗത്തുവന്നത്.
മറുനാടന് മലയാളി ബ്യൂറോ