ടെലിവിഷൻ സീരിയലുകളെക്കുറിച്ച് പൊതുവെ എല്ലാവരും കുറ്റം പറയുമെങ്കിലും അത് കാണാത്തവർ കുറാവണെന്നതാണ് സത്യം. അല്ലെങ്കിൽപ്പിന്നെ എങ്ങനെയാണ് ഇവർക്ക് ഈ താരങ്ങളെയും കഥാപത്രങ്ങളെയുമൊക്കെ ഇത്ര പരിചയം ഉണ്ടാകുക. സിനിമാ താരങ്ങളെക്കാൾ വീട്ടമ്മമാർക്ക് ഏറെ പരിചയമുള്ളതും മിനി സ്‌ക്രീൻ താരങ്ങളെയാണ്. ചെറിയ കഥാപാത്രങ്ങളുടെ പേരു പോലും പലർക്കും കാണാപ്പാടമാണ്.

സീരിയൽ കഥകൾ പലതും യാഥാർഥ സംഭവമെന്ന നിലയിലാണ് പല വീട്ടമ്മമാർ അതിനെ സമീപിക്കുന്നത്. നായികയെയോ നായകനെയോ ദ്രോഹിക്കുന്ന വില്ലനോടോ വില്ലത്തിയോടെ ക്ഷമിക്കാനും ഈ പ്രേക്ഷകർ തയാറുമല്ല. അതുകൊണ്ടുതന്നെ തങ്ങളുടെ ഇഷ്ടതാരങ്ങളെ ദ്രോഹിക്കുന്ന വില്ലൻ കഥാപാത്രങ്ങളെ നേരിൽക്കണ്ടാൽ പത്ത് പറയാതെ വെറുതെ വിടാൻ സാധാരണ വീട്ടമ്മമാരാരും തയാറാകില്ലെന്നതാണ് സത്യം. താനും ഈ അവസ്ഥയിലാണെന്നാണ് പരസ്പരത്തിലെ മീനാക്ഷി പറയുന്നു.

പരസ്പരത്തിലെ മീനാക്ഷിയെ അറിയില്ലേ, സ്‌നേഹ എന്ന പെൺകുട്ടിയാണ് മീനാക്ഷിയെ അവതരിപ്പിക്കുന്നത്. നായികയായ ദീപ്തി ഐപിഎസിന്റെ ജീവിതത്തിൽ എന്നും പ്രശ്‌നങ്ങളുണ്ടാക്കുന്ന ആളാണ് മീനാക്ഷി. എന്നാൽ താൻ ജീവിതത്തിൽ അത്രയ്‌ക്കൊന്നും വില്ലത്തിയല്ലെന്നാണ് സ്‌നേഹ പറയുന്നത്. കുശുമ്പും കുറുമ്പുമുള്ള ഒരു സാധാരണ സ്ത്രീയാണ്.

മീനാക്ഷി എന്ന കഥാപാത്രത്തെ പോലെയാണ് ജീവിതത്തിലും ഞാനെന്നാണ് ചിലരുടെ വിചാരം. ആദ്യമൊക്കെ പുറത്തക്കിറങ്ങിയാൽ എല്ലാവരും ചീത്ത വിളിക്കുമായിരുന്നു. അപ്പോഴൊക്കെ വിഷമം തോന്നിയെങ്കിലും അത് തന്റെ കഥാപാത്രത്തിന് കിട്ടുന്ന അംഗീകാരമെന്ന് പിന്നീട് ബോധ്യമായി. ഇപ്പോൾ ചീത്ത വിളി കേൾക്കാൻ കാത്തിരിക്കുകയാണ് ഞാൻ. ആരെങ്കിലും ചീത്തവിളിച്ചില്ലെങ്കിൽ ഇപ്പോൾ വിഷമം തോന്നാറുമുണ്ട്. കഥാപാത്രം ശ്രദ്ധിക്കപ്പെടുന്നില്ലെന്നതിന് തെളിവല്ലേ അതെന്നാണ് സ്‌നേഹ ചോദിക്കുന്നത്.