കോഴിക്കോട്: തങ്ങളുടെ പ്രിയ സഹപ്രവർത്തകന്റെ അപ്രതീക്ഷിയ വിയോഗം ഉണ്ടാക്കുന്ന വേദന പങ്കുവെച്ച് നടി സ്‌നേഹ ശ്രീകുമാർ. വെള്ളിയാഴ്ച അന്തരിച്ച നടൻ വി.പി. ഖാലിദിന്റെ ഓർമ്മകൾ ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് സ്‌നേഹ ശ്രീകുമാർ പങ്കുവച്ചത്.

ബാല്യകാലം മുതൽ ആരംഭിച്ച കലാസപര്യയുടെ ഉടമയാണെങ്കിലും വി പി ഖാലിദിനെ പുതുതലമുറ തിരിച്ചറിയുന്നത് ജനപ്രിയ ടെലിവിഷൻ പരമ്പര മറിമായത്തിലെ സുമേഷ് എന്ന കഥാപാത്രമായാണ്. പത്ത് വർഷത്തിലധികമായി തുടരുന്ന പരമ്പരയിലെ ആ കഥാപാത്രം അത്രത്തോളം ജനപ്രീതി നേടിയിരുന്നു. മറിമായത്തിൽ ഖാലിദിനൊപ്പം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു സ്‌നേഹ. ടൊവിനോയെ നായകമാക്കി ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിൽ പങ്കെടുത്തുകൊണ്ടിരിക്കെയാണ് അദ്ദേഹത്തിന്റെ മരണം.

എന്നും അഭിനയത്തോട് പ്രണയമായിരുന്നു ഖാലിദിനെന്ന് സീരിയലിൽ സഹപ്രവർത്തകയായ സ്‌നേഹ ശ്രീകുമാർ പറയുന്നു. വർഷങ്ങളായി മറിമായം സീരിയലിൽ സുമേഷ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന അദ്ദേഹത്തെ രണ്ടു ദിവസം മുമ്പ് കണ്ടപ്പോൾ അത് അവസാന കൂടിക്കാഴ്ച ആകുമെന്ന് കരുതിയില്ലെന്നും സ്‌നേഹ ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു. സീരിയലിന്റെ അവസാന ഷൂട്ടിങ്ങിന് എടുത്ത ഫോട്ടോ ഉൾപെടെയാണ് പോസ്റ്റ്.

സ്‌നേഹയുടെ കുറിപ്പ്

ഞങ്ങടെ സുമേഷേട്ടൻ പോയി... മിനിഞ്ഞാന്ന് തൃപ്പൂണിത്തുറ ഞങ്ങടെ വീട്ടിൽ വന്നു ശ്രീകുമാറിനേം കൂട്ടിയാണ് വൈക്കത്തു ജൂഡ് ആന്റണിയുടെ സിനിമയിൽ അഭിനയിക്കാൻ പോയത്, അത് അവസാന കൂടിക്കാഴ്ച ആകുമെന്ന് കരുതിയില്ല.. ഇന്ന് രാവിലെ ശ്രീ വിളിച്ചു ഖാലിദിക്ക വീണു, ഹോസ്പിറ്റലിൽ പോകുവാണെന്നു പറഞ്ഞപ്പോൾ ഞാൻ വേഗം റെഡി ആയി വൈക്കത്തേക്ക് പുറപ്പെടാൻ. പക്ഷെ കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ശ്രീ വിളിച്ചു ഖാലിദിക്ക പോയെന്നു പറഞ്ഞു... രാവിലെ മുതൽ ഇത്രയും നേരം സത്യം ആവരുതെന്നു പ്രാർത്ഥിച്ചു, വിശ്വസിക്കാൻ കഴിയുന്നില്ലായിരുന്നു. ഞങ്ങടെ കാരണവർ, കൊച്ചിൻ നാഗേഷ്, സുമേഷേട്ടൻ പോയികളഞ്ഞു... മറിമായം അവസാന ഷൂട്ടിംഗിന് എടുത്ത ഫോട്ടോയാണ് ഇത്... എന്നും അഭിനയത്തോട് പ്രണയമായിരുന്നു സുമേഷേട്ടന്...

വൈക്കത്ത് സിനിമാ ഷൂട്ടിങ്ങിനിടെ ഖാലിദിനെ ശുചിമുറിയിൽ വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. ഛായാഗ്രാഹകരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ്, സംവിധായകൻ ഖാലിദ് റഹ്‌മാൻ എന്നിവർ മക്കളാണ്. പ്രൊഫഷണൽ നാടക സമിതിയായ ആലപ്പി തിയറ്റേഴ്‌സിൽ അംഗമായിരുന്ന അദ്ദേഹം നിരവധി നാടകങ്ങളിൽ വേഷമിട്ടു. പിന്നീട് നാടക സംവിധായകൻ, രചയിതാവ് എന്നീ നിലകളിൽ തിളങ്ങി. 1973ൽ പുറത്തിറങ്ങിയ പെരിയാർ ആയിരുന്നു ആദ്യ സിനിമ. സൺഡേ ഹോളിഡേ, കക്ഷി അമ്മിണിപ്പിള്ള തുടങ്ങിയ ഒട്ടേറെ സിനിമകളിൽ അഭിനയിച്ചു. മമ്മൂട്ടി ചിത്രം പുഴുവാണ് അവസാനമായി പുറത്തിറങ്ങിയ സിനിമ. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.