നൂറനാട്: ഇക്കുറിയും ക്രിസ്മസ് ദിനത്തിൽ നൂറനാട് കുഷ്ടരോഗാശുപത്രിയിൽ ജീവകാരുണ്യ പ്രവർത്തനവും സ്‌നേഹവിരുന്നും നടന്നു.ഉറ്റവരുടെയും ഉടയവരുടെയും ഒറ്റപെടുത്തലിന്റെയും അവഗണനയുടെയും ലോകത്ത് നിന്നും മാറി ചുറ്റുമതിലിനുള്ളിൽ കഴിയുന്ന ജീവിതങ്ങൾക്ക് സ്വാന്ത്വനം നൽകുകയെന്ന ഉദ്യേശത്തോട് സഹായ ഹസ്തവുമായി 'സ്‌നേഹകൂട് ' എത്തി.ഡോ.ജോൺസൺ വി. ഇടിക്കുളയുടെ നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തന മനസ്ഥിതിയുള്ള സംഘമാണ് ക്രിസ്മസ് ദിനത്തിൽ ഇവിടെ എത്തിയത്.കഴിഞ്ഞ ഒന്നര ദശാബ്ദമായി മുടക്കം കൂടാതെ ഇവരുടെ ക്രിസ്മസ് ആഘോഷം ഇവിടെയാണ് .

വീൽചെയറുകൾ,കൃത്രിമകാലുകൾ,പുതുവസ്ത്രങ്ങൾ,മരുന്നുകൾ,ടെലിവിഷനുകൾ,മിക്‌സികൾ,സൗണ്ട് സിസ്റ്റം,വാർഡുകളിലേക്ക് ഫാനുകൾ,ഇലക്ട്രിക്ക് -ഇലക്ട്രോണിക്ക് ഉപകരണങ്ങൾ,രോഗികൾക്ക് ഉപയോഗിക്കാൻ ഉള്ള ബെഡുകൾ, റെക്‌സിൻ ബെഡ് ഷീറ്റുകൾ തുടങ്ങിയവ ഇതിനോടകം പല തവണകളിലായി ഇവിടെ നൽകിട്ടുണ്ട്. ഈ പ്രാവശ്യം പുതിയ 8 ഫാനുകൾ സാനിറ്റോറിയം ഓഡിറ്റോറിയത്തിലും വാർഡിലുമായി സജ്ജമാക്കി കൊടുത്തു.

കൊയിനോണിയ ഫൗണ്ടേഷൻ ഫോർ ചാരിറ്റിയുടെ ആഭിമുഖ്യത്തിൽ എടത്വാ ഇടിക്കുള ചാണ്ടി ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. വള്ളംകളി രംഗത്ത് കഴിഞ്ഞ 9 പതിറ്റാണ്ടായി നിലകൊള്ളുന്ന മാലിയിൽ പുളിക്കത്ര തറവാട് യൂണിവേഴ്‌സൽ റിക്കോർഡ് ഫോറത്തിന്റെ ലോക റെക്കോർഡിൽ ഇടം നേടിയതിന്റെ സന്തോഷം നിരാലംബരോടൊപ്പം പങ്കുവെയ്ക്കുന്നതിന്റെ ഭാഗമായി സാനിറ്റോറിയത്തിൽ സ്‌നേഹവിരുന്നും സംഘടിപ്പിച്ചു.

ഫൗണ്ടേഷൻ ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള അദ്യക്ഷത വഹിച്ചു. ജനകീയ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അനി വർഗ്ഗീസ് ക്രിസ്മസ് - സ്‌നേഹസംഗമം ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ നൗഷാദ് എ നിർവഹിച്ചു. ഗ്ലോബൽ പീസ് വിഷൻ ഡയറക്ടർ വനജ അനന്ത (യു.എസ്.എ) ക്രിസ്തുമസ് സന്ദേശം നല്കി.ഫൗണ്ടേഷൻ മാനേജർ റജി വർഗ്ഗീസ് ധനസഹായം സാനിറ്റോറിയം പേഷ്യന്റ്‌സ് വെൽഫയർ കമ്മിറ്റി കൺവീനർ വൈ. ഇസ്മയേൽകുഞ്ഞിന് കൈമാറി. മനുഷ്യാവകാശ സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് മുരളി കുടശനാട് ,എസ് മീരാ സാഹിബ്, സിനിമാ നിർമ്മാതാവ് അഹമ്മദ് കൊല്ലകടവ് ,സനിൽ ചട്ടുകത്തിൽ, അശോക് ,വിനീഷ് ,സിസ്റ്റർ ശാരോൻ എന്നിവർ പ്രസംഗിച്ചു.

2003 മുതൽ മുടക്കം കൂടാതെ സംഘടിപ്പിക്കുന്ന ഈ ക്രിസ്മസ് ആഘോഷം ഇംഗ്ലണ്ട് ആസ്ഥാനമായുള്ള റിക്കോർഡ് ഹോൾഡേഴ്‌സ് റിപ്പബ്ലിക്കിന്റെ ലോക റെക്കോർഡ് ഉൾപ്പെടെ പ്രമുഖ റെക്കോർഡുകളിൽ 2016ൽ ഇടം പിടിച്ചിച്ചിട്ടുണ്ട്.