മോസ്‌കോയിലെ മൈനസ് അഞ്ച് ഡിഗ്രി തണുപ്പിൽ അകപ്പെട്ട് മൂന്ന് വയസുകാരി തണുത്ത് മരവിച്ച് മരിച്ചു. മോസ്‌കോയിലെ നഴ്‌സറി സ്‌കൂൾ വിദ്യാർത്ഥിനിയായ സഖ്‌റ ആർസയേവയ്ക്കാണ് ഇത്തരത്തിൽ ദാരുണാന്ത്യമുണ്ടായിരിക്കുന്നത്. ക്ലാസിൽ നിന്നും കളിക്കാനായി പുറത്തിറക്കിയ കുട്ടികളുടെ കൂട്ടത്തിലായിരുന്നു സഖ്‌റയെയും ടീച്ചർ വെളിയിലെത്തിച്ചിരുന്നത്. എന്നാൽ കളി കഴിഞ്ഞ് മറ്റ് കുട്ടികളെയെല്ലാം ടീച്ചർ ക്ലാസിനകത്തേക്ക് തിരിച്ചെത്തിച്ചെങ്കിലും സഖ്‌റയെ തിരിച്ച് ക്ലാസിൽ കയറ്റുന്നത് അവരോട് മറന്ന് പോയതിനെ തുടർന്നാണ് വെള്ളിയാഴ്ച ദാരുണാന്ത്യമുണ്ടായിരിക്കുന്നത്.

മോസ്‌കോയിലെ കിന്റർഗാർടന്റെ കളിസ്ഥലത്തിനടുത്ത് മഞ്ഞ് മൂടിക്കിടന്ന ഇടത്താണ് കുട്ടി വിറങ്ങലിച്ച് മരിച്ച് കിടന്നിരുുന്നത്. തുടർന്ന് ആംബുലൻസ് കുതിച്ചെത്തിയെങ്കിലും അത് വെറുതെയായിരുന്നു. കിൻഡർഗാർടൻ നമ്പർ 2120 എന്നാണിത് അറിയപ്പെടുന്നത്. കുട്ടി പുറത്തായിപ്പോയെന്ന വിവരം രണ്ട് മണിക്കൂറിന് ശേഷമായിരുന്നു അവർക്ക് ഓർമ വന്നിരുന്നത്.തുടർന്ന് അവർ പുറത്തേക്ക് കുതിച്ചെത്തി പരിശോധിച്ചപ്പോൾ മരിച്ച് വിറങ്ങലിച്ച് കിടക്കുന്ന സഖ്‌റയുടെ മൃതദേഹമായിരുന്നു കണ്ടെത്തിയിരുന്നത്. റഷ്യയിലെ ഇൻവെസ്റ്റിഗേറ്റീവ് കമ്മിറ്റി ഈ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തങ്ങളുടെ പ്രിയപ്പെട്ടവളുടെ കൊഴിഞ്ഞ് പോക്കിൽ അച്ഛനമ്മമാരായ റിസ് വാനും ഗുൽനാരയ്ക്കും ഒന്നും പറയാൻ പോലും സാധിക്കാത്ത അവസ്ഥയാണുള്ളത്. മറ്റൊരു കുടുംബത്തിനും ഈ ഗതി വരരുതെന്നാണ് ഈ കുടുംബത്തിന്റെ സുഹൃത്തായ റാമിൽ ഗഡ്‌സിയേവ് പ്രതികരിച്ചിരിക്കുന്നത്. കുട്ടിയെ വളരെ നേരം തണുപ്പിൽ പുറത്ത് നിർത്തിയെന്ന കാര്യം സ്‌കൂൾ അധികൃതർ നിഷേധിച്ചിരുന്നുവെന്നും റാമിൽ വെളിപ്പെടുത്തുന്നു. അന്വേഷകർ സത്യം കണ്ടെത്തുമെന്നാണ് അദ്ദേഹം പ്രത്യാശിക്കുന്നത്. കുട്ടിക്ക് ഈ ആഴ്ച ആദ്യം തന്നെ സുഖമില്ലാത്ത അവസ്ഥയുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. കെജിയിൽ പോകാൻ സഖ്‌റ ഇഷ്ടപ്പെട്ടിരുന്നുവെങ്കിലും അവിടുത്തെ ചില ടീച്ചർമാരെ ഭയമാണെന്ന് പറയാറുണ്ടായിരുന്നുവെന്നും റിപ്പോർ്ട്ടുണ്ട്.കെജിയുമായി ബന്ധപ്പെട്ട ഉറവിടം വിശദവിവരങ്ങൾ നൽകാൻ തയ്യാറായിട്ടില്ല. എന്നാൽ കുട്ടി ചലനമില്ലാതെ മഞ്ഞിൽ കിടക്കുകയായിരുന്നുവെന്നും സ്‌കൂൾ ജീവനക്കാർ കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചുവെങ്കിലും വിജയിച്ചിരുന്നുവില്ലെന്നും പ്രസ്തുത ഉറവിടം പറയുന്നു.