രിത്രത്തിലെതന്നെ ഏറ്റവും വലിയ മഞ്ഞുവീഴ്ചയിൽ വിറങ്ങലിച്ചുനിൽക്കുകയാണ് മോസ്‌കോ നഗരം. കനത്ത ശീതക്കാറ്റിൽ മരങ്ങൾ കടപുഴകിയും മഞ്ഞുവീണും ജനജീവിതം ഏറെക്കുറെ അസാധ്യമായിക്കുന്നു. വൈദ്യുതി ലൈനിലേക്ക് വലിയ മരം കടപുഴകിവീണുണ്ടായ അപകടത്തിൽ മോസ്‌കോയിൽ ഒരാൾ മരിക്കുകയും അഞ്ചുപേർക്ക് പരിക്കൽക്കുകയും ചെയ്തു. ജനങ്ങൾ അതിജാഗ്രത പുലർത്തണമെന്ന് മോസ്‌കോ മേയർ സെർജി സോബ്യാനിൻ ആവശ്യപ്പെട്ടു.

മഞ്ഞുവീഴ്ച മോസ്‌കോയെ ഏറെക്കുറെ നിശ്ചലമാക്കിയിട്ടുണ്ട്. തലസ്ഥാനനഗരത്തിലും പരിസരപ്രദേശങ്ങളിലുമായി രണ്ടായിരത്തോളം മരങ്ങളെങ്കിലും കടപുഴകി വീണിട്ടുണ്ടെന്നാണ് കണക്ക്. ഓടിക്കൊണ്ടിരിക്കെ വാഹനങ്ങൾ മഞ്ഞിൽ മൂടിപ്പോകുന്ന അവസ്ഥയാണ്. ഗതാഗതം ഏറെക്കുറെ നിലച്ചു. വിമാന സർവീസുകളെയും സാരമായി ബാധിച്ചു. കാലാവസ്ഥ കൂടുതൽ പ്രതികൂലമാകാനാണ് സാധ്യതയെന്നും ട്വിറ്ററിലൂടെ നൽകിയ മുന്നറിയിപ്പിൽ മേയർ പറഞ്ഞു.

മോസ്‌കോയിൽനിന്നുള്ള 28 വിമാനസർവീസുകൾ ഇന്ന് ക്യാൻസൽ ചെയ്തിട്ടുണ്ട്. 109 എണ്ണം വൈകുമെന്നും അറിയിച്ചിട്ടുണ്ട്. ഇന്നലെ 11 വിമാനങ്ങൾ ക്യാൻസൽ ചെയ്യുകയും 100 വിമാന സർവീസുകളുടെ പുറപ്പെടൽ വൈകുകയും ചെയ്തു. ഒരുദിവസത്തിനിടെ ഒരുമാസം പകുതികൊണ്ട് പെയ്യേണ്ട മഴയാണ് മോസ്‌കോയിലുണ്ടായതെന്ന് ഫോബോസ് വെതർ സെന്റർ വിലയിരുത്തി. ജനങ്ങളോട് വാഹനങ്ങൾ കഴിവതും നിരത്തിലിറക്കരുതെന്നും കാലാവസ്ഥാ വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.

മരങ്ങൾ വീണും വെള്ളപ്പൊക്കത്തിലും വൈദ്യുതി വിതരണം ആകെ താറുമാറായിട്ടുണ്ട്. 5200 കുടുംബങ്ങളെങ്കിലും വൈദ്യതിയില്ലാതെ ഇരുട്ടിലായി. മഞ്ഞുവീണ് മരവിച്ചുനിൽക്കുന്ന മരങ്ങൾക്കരികിലേക്ക് പോകരുതെന്ന ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. റോഡിലുടനീളം മഞ്ഞുകോരുന്നതിന് അടിയന്തര സേവന വിഭാഗം വലിയ വാഹനങ്ങളിറക്കിയിട്ടുണ്ടെങ്കിലും ഞൊടിയിടയിൽ റോഡ് പഴയപോലെ മഞ്ഞുകൂമ്പാരമായി മാറിക്കൊണ്ടിരിക്കുകയാണ്.