ബുദബിയിൽ മൂന്ന് ദിവസമായി തുടരുന്ന കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ജനജീവിതം ദുസ്സഹമായി.  അബൂദബിയിൽ നിന്നുള്ള വിമാന സർവീസുകൾ താളം തെറ്റിയതോടെ മലയാളികൾ ഉൾപ്പെടെയുള്ളവർ യാത്ര തുടരാനാവാതെ കുടുങ്ങിക്കിടക്കുകാണ്.  നിരവധി സർവീസുകൾ റദ്ദാക്കുകയും വഴിതിരിച്ച് വിടുകയും ചെയ്തു. കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കുള്ള ഇത്തിഹാദ് സർവീസുകളും മണിക്കൂറുകളോളം വൈകി.

ഇത്തിഹാദ് എയർവേസ് സർവീസുകളിൽ ഭൂരിഭാഗവും തടസപ്പെട്ടു. നിരവധി മണിക്കൂറുകൾ വൈകിയാണ് പല വിമാനങ്ങളും എത്തിച്ചേർന്നത്. ഇവിടെ നിന്ന് പറന്നുയരേണ്ട വിമാനങ്ങളും താളം തെറ്റി. റിയാദ് ഉൾപ്പെടെ അയൽ ഗൾഫ് നഗരങ്ങളിൽ നിന്നും കണക്ഷൻ ഫ്‌ലൈറ്റിൽ അബൂദബിയിൽ എത്തിയ നിരവധി മലയാളികളും എയർപോർട്ടിൽ കാത്തു കിടക്കുകയാണ്. കൊച്ചിയിലേക്കുള്ള ഇത്തിഹാദ് സർവീസ് മണിക്കൂറുകൾ വൈകിയാണ് പുറപ്പെട്ടത്. റദ്ദാക്കിയ സർവീസുകളിലെ യാത്രക്കാർക്ക് ബദൽ സംവിധാനങ്ങൾ ഒരുക്കുമെന്ന് ഇത്തിഹാദ് എയർലൈൻസ് അധികൃതർ അറിയിച്ചു. അടുത്ത മൂന്ന് ദിവസങ്ങൾ കൂടി മൂടൽ മഞ്ഞ് തുടർന്നേക്കുമെന്നാണ് റിപ്പോർട്ട്.

അതിനിടെ, മൂടൽമഞ്ഞിനെ തുടർന്ന് റോഡപകടങ്ങളും വർധിച്ചിരിക്കുകയാണ്. ശനിയാഴ്ച മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിക്കുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഡ്രൈവർമാർ അതീവ ശ്രദ്ധ പുലർത്തണമെന്ന് പൊലീസ് നിർദേശിച്ചു. വാഹനങ്ങൾ നിയന്ത്രിത വേഗതയിൽ ഓടിക്കാനും മറ്റ് വണ്ടികളുമായി നിശ്ചിത അകലം പാലിക്കാനും ശ്രദ്ധിക്കണമെന്ന് പൊലീസ് നിർദേശിച്ചു.