ഓക്ക്‌ലാൻഡ്: മഞ്ഞിന്റെ മേലാപ്പ് അണിഞ്ഞിരിക്കുകയാണ് ന്യൂസിലാൻഡ് ഇപ്പോൾ. മഞ്ഞുവീഴ്ച ശക്തമായതോടെ നൂറുകണക്കിന് വീടുകൾക്ക് വൈദ്യുതി ബന്ധം വിഛേദിക്കപ്പെടുകയും ചെയ്തു. റോഡുകളിൽ ബ്ലാക്ക് ഐസ് നിറയുമെന്നതിനാൽ വാഹനവുമായി പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം.

മഞ്ഞുവീഴ്ച ശക്തമായ താവുപോ ഹോക്ക്‌സ് ബേ എന്നിവിടങ്ങളിലാണ് വീടുകളിൽ വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടിരിക്കുന്നത്. ഈ ദശാബ്ദത്തിൽ ഇത്തരത്തിൽ വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടതായി നിവാസികൾ ഓർക്കുന്നില്ലെന്നാണ് വിലയിരുത്തുന്നത്. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നതിന് പത്തു ദിവസത്തോളം വേണ്ടിവരുമെന്നത് നിവാസികളെ ഏറെ വലയ്ക്കുന്ന കാര്യമാണ്.

മിക്കയിടങ്ങളിലും താപനില ഏഴു ഡിഗ്രിയോളം താഴ്ന്നത് തണുപ്പിന് ആധിക്യം കൂട്ടുകയാണ്. നേപ്പിയർ, താവുപ്പോ റോഡിലും റിമുടാക ഹിൽ റോഡിലും ഡെസെർട്ട് റോഡിലും യാത്ര ചെയ്യുമ്പോൾ കൂടുതൽ ജാഗ്രത വേണമെന്നും മുന്നറിയിപ്പുണ്ട്. ഈ റോഡുകളിലാണ് ബ്ലാക്ക് ഐസ് ആക്രമണം ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. കൂടാതെ സൗത്ത് ഐലൻഡിൽ താപനില പൂജ്യത്തിനും താഴെ എത്തുമെന്നും കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നു.

തണുപ്പ് ഏറിയതിനാൽ ചില മേഖലകളിൽ സ്‌കൂളുകൾക്ക് അവധി നൽകിയിട്ടുണ്ട്.