ഓക്ക്‌ലാൻഡ്: രാജ്യത്തെ ആകമാനം ഉലച്ചുകൊണ്ട് ശക്തമായ മഞ്ഞുവീഴ്ച ആരംഭിച്ചു. മിക്ക ഭാഗങ്ങളിലും ശക്തമായ തോതിൽ കാറ്റും വീശുന്നതിനാൽ മഞ്ഞുവീഴ്ചയുടെ ആധിക്യം വർധിക്കുകയും ചെയ്യുന്നുണ്ട്. ഇത് വിമാനസർവീസുകൾ റദ്ദാക്കുന്നതിനും റോഡിൽ അപകടപരമ്പര സൃഷ്ടിക്കുന്നതിനും കാരണമാകുന്നു. ഇതുവരെ തലസ്ഥാനത്തു നിന്നുള്ള ഇരുപതിലധികം വിമാനസർവീസുകൾ റദ്ദാക്കി. കൂടുതൽ സർവീസുകൾ വഴി തിരിച്ചുവിടുന്നതിനും വൈകി നടത്തുന്നതിനും സാധ്യത ഏറെയാണ്.

വെല്ലിങ്ടൺ എയർപോർട്ട് ഏതാണ്ട് താത്ക്കാലികമായി അടച്ച മട്ടാണ്. എല്ലാ ഡൊമസ്റ്റിക് സർവീസിനേയും ഇതുബാധിച്ചു. ഇവിടെ ശക്തമായ കാറ്റുവീശുന്നുണ്ട്. വെല്ലിങ്ടൺ എയർപോർട്ടിൽ നിന്ന് യാത്ര ചെയ്യേണ്ടവർ പുറപ്പെടുന്നതിന് മുമ്പ് എയർപോർട്ട് വെബ്‌സൈറ്റ് പരിശോധിക്കണമെന്ന് നിർദേശമുണ്ട്.

റോഡിൽ മഞ്ഞുവീണു കിടക്കുന്നതിനാൽ അപകടങ്ങൾ തുടർക്കഥയായി. രണ്ടു ദിവസം കൊണ്ട് സ്റ്റേറ്റ് ഹൈവേ എട്ടിൽ പത്തു അപകടങ്ങൾ ഉണ്ടായിക്കഴിഞ്ഞു. റോഡിലെ തടസം നീക്കുന്നതിന് പൊലീസ് അക്ഷീണം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മഞ്ഞുവീണു കിടക്കുന്ന വേളയിൽ വാഹനം മെല്ലെ ഓടിക്കണമെന്നും വേഗത കൂട്ടുന്നത് അപകടത്തിന് കാരണമാകുമെന്നും പൊലീസ് വ്യക്തമാക്കുന്നു. റോഡിൽ പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ച് ഹോക്‌സ് ബേ സിവിൽ ഡിഫൻസ് യാത്രക്കാർക്ക് മുന്നറിയിപ്പു നൽകുന്നുണ്ട്.

കാറ്റിൽ വഴിയരികിൽ വൈദ്യുതി കമ്പികൾ പൊട്ടിക്കിടക്കുന്നതും അപകടം വർധിപ്പിക്കുന്നുണ്ട്. വഴിയിൽ കുടുങ്ങിക്കടക്കുന്ന വാഹനങ്ങളും ഒട്ടേറെ തടസം സൃഷ്ടിക്കുന്നതായി റിപ്പോർട്ടുണ്ട്. റോഡ് അടച്ചുവെന്ന് മുന്നറിയിപ്പുണ്ടെങ്കിൽ പിന്നീട് ആ വഴി തെരഞ്ഞെടുക്കരുത്. ഇക്കാര്യത്തിൽ പൊതുജനങ്ങൾ സാമാന്യ ബുദ്ധി ഉപയോഗിക്കണമെന്നും എമർജൻസി ടീം മുന്നറിയിപ്പു നൽകുന്നു.