ഡബ്ലിൻ: താപനില മൈനസ് ആറിലേക്ക് താഴുന്നതോടെ മഞ്ഞുവീഴ്ച ശക്തമാകുമെന്ന് മുന്നറിയിപ്പ്. ഡൊണീഗൽ, ലീട്രിം, മയോ, സ്ലൈഗോ എന്നിവിടങ്ങളിൽ എട്ട് സെന്റീ മീറ്റർ വരെ മഞ്ഞുവീഴ്ച ഉണ്ടാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നത്. മഞ്ഞുവീഴ്ചയ്‌ക്കൊപ്പം തന്നെ ആലിപ്പഴ മഴയും ഉണ്ടാകുമെന്നതിനാൽ തണുപ്പിന്റെ ആധിക്യം ഏറെ വർധിക്കും.
ബോയ്‌ലേ, കോ റോസ്‌കോമൺ എന്നീ മേഖലകളിലേക്ക് യാത്ര ചെയ്യുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. കോ സ്ലൈഗോയിലെ ഡ്രൊമോർ വെസ്റ്റിലുള്ള സ്ലൈഗോ/ബാലിന  എൻ 59-ൽ മഞ്ഞുപാളികൾ അപകടം സൃഷ്ടിച്ചേക്കാമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

വാഹനവുമായി പുറത്തിറങ്ങുന്നവർക്ക് കനത്ത ജാഗ്രതാ നിർദേശമാണ് റോഡ് സേഫ്റ്റി അഥോറിറ്റി നൽകിയിട്ടുള്ളത്. ബ്ലാക്ക് ഐസിന്റെ സാന്നിധ്യം പലയിടത്തും കണ്ടെക്കാം. യാത്ര പുറപ്പെടും മുമ്പ് വാഹനത്തിൽ നിന്ന് മഞ്ഞ് പൂർണമായും നീക്കം ചെയ്യണമെന്നാണ് നിർദ്ദേശം. ആലിപ്പഴ മഴയും നിലനിൽക്കുന്നതിനാൽ കാഴ്ചയ്ക്ക് മങ്ങൽ സൃഷ്ടിച്ചേക്കാമെന്ന് പറയപ്പെടുന്നു.

വെള്ളപ്പൊക്കം ബാധിത മേഖലകളിൽ വെള്ളം ഘനീഭവിച്ച് കിടക്കുന്നതിൽ നടക്കുകയോ കളിക്കുകയോ ചെയ്യരുതെന്നും നിർദേശമുണ്ട്. ഘനീഭവിച്ച വെള്ളത്തിലേക്ക് വീഴാൻ സാധ്യതയുള്ളതിനാലാണിത്. രാജ്യമെമ്പാടും മഞ്ഞുമഴയ്ക്ക് ഏറെ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകൻ ജോവാന്ന ഡൊണേലീ പറയുന്നു.