ചെങ്ങന്നൂർ: ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ഇടതുജനാധിപത്യ മുന്നണിക്കൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന തനിക്കെതിരെ സോഷ്യൽ മീഡിയയിൽ ചിലർ നടത്തുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ എംഎൽഎ ശോഭന ജോർജ് ഡിജിപിക്ക് പരാതി നൽകി.

പൊതുസമൂഹത്തിന് മുന്നിൽ തന്നെ അപമാനിക്കുന്നതിനും, തെറ്റിദ്ധരിപ്പിക്കുന്നതിനും, ജീവന് ഭീഷണിയുണ്ടാക്കുന്ന തരത്തിൽ സൈബർ ആക്രമണങ്ങൾ നടത്തുകയാണെന്ന് ശോഭന ജോർജ് പരാതിപ്പെട്ടു.2018 മാർച്ച് ആദ്യം മുതൽ തുടർച്ചയായി ആക്രമണം തുടരുകയാണ്.കോൺഗ്രസ് സൈബർ ടീം,ഐഎൻസി സൈബർ ഫോഴ്‌സ്, ബിമൽ തമ്പി കോഴിക്കോട്ടുകാർ,ഐഎൻസി സൈബർ വിങ്,കാവിപ്പട, യൂത്ത് കോൺഗ്രസ് ചെങ്ങന്നൂർ,എന്നീ ഗ്രൂപ്പുകളിൽ നിന്നും,മനോജ് ജോൺ, നന്ദകുമാരമേനോൻ, പ്രദീപ് പുല്ലിനോട്ടെ, ഉഷദേവി കുരുക്ഷേത്ര,ജോൺ കുഞ്ചിറ,ഗണേശ് തളിയിൽ,ശ്രീനി ദേവി, ഷിഹാബെപി തോട്ടിങ്കൽ,വിനേഷ് ചാത്തല്ലൂർ, എംവൈസി മറക്കര, സൈജു നൈനാൻ,ജിബുജോൺ, ഷെയ്ഖ് മുഹമ്മദ്,ഷാഹുൽ ഹമീദ്, എന്നീ വൃക്തിഗത ഐഡികളിൽ നിന്നുമാണ് തന്റെ ചിത്രങ്ങൾ ചേർത്ത് മോശം പദപ്രയോഗങ്ങൾ നടത്തുന്നത്.

സ്ത്രീത്വത്തെ അപമാനിക്കുന്ന അശ്ലീല വാചകങ്ങൾ ഉപയോഗിച്ചുള്ള പോസ്റ്റുകൾ കാരണം താൻ മാനസികമായി ക്ലേശത്തിലാണ്.പൊതുപ്രവർത്തകയും, സ്ത്രീയും, അമ്മയുമായ താൻ ഇത്തരം ഗൂഢാലോചനയുടെ ഭാഗമായ പ്രവൃത്തികൾ കാരണം അപമാനിതയായിരിക്കുകയാണ്.ഡിജിപി ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ശോഭന ജോർജ് ആവശ്യപ്പെട്ടു.പരാതിയിൽ നിയമ നടപടി സ്വീകരിക്കാൻ ഡിജിപി നിർദ്ദേശം നൽകിയിട്ടുണ്ട്.