ചെങ്ങന്നൂർ: കോൺഗ്രസ് നേതാവ് ശോഭന ജോർജ് ഇടതുപക്ഷത്തേക്ക്. ചെങ്ങന്നൂരിൽ ഇന്ന് നടക്കുന്ന ഇടതു കൺവെൻഷനിൽ പങ്കെടുക്കും. ഇടത് സ്ഥാനാർത്ഥി സജി ചെറിയാന് വേണ്ടി പ്രചാരണത്തിനിറങ്ങും. ശോഭന സിപിഎമ്മിൽ ചേരുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത കൈവന്നിട്ടില്ല. ചെങ്ങന്നൂരിലെ രാഷ്ട്രീയ തീരുമാനം സംബന്ധിച്ച ചർച്ചകൾ ഏതാനു ദിവസങ്ങളായി ചെങ്ങന്നൂരിൽ നടന്നുവരികയായിരുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സിപിഎം ജില്ലാ സെക്രട്ടറിയും ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയുമായ സജി ചെറിയാനും നേരത്തെ ശോഭനയെ കണ്ടിരുന്നു. അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വം ഉൾപ്പടെയുള്ളവയാണ് ശോഭനയ്ക്ക് സിപിഎം കൊടുത്ത വാഗ്ദാനങ്ങളെന്ന സൂചനയും പുറത്തുവരുന്നുണ്ട്. 1991 മുതൽ 2001ലെ നിയമസഭ തെരഞ്ഞെടുപ്പ് വരെ യുഡിഎഫ് സ്ഥാനാർത്ഥിയായിനിന്ന് ചെങ്ങന്നൂരിൽ ശോഭന പാർട്ടിക്ക് വിജയം നൽകിയിരുന്നു.

തുടർന്ന് 2006ൽ തിരുവനന്തപുരം വെസ്റ്റിൽ നിന്ന് മത്സരിക്കവെ പരാജയപ്പെട്ടു. അന്ന് കോൺഗ്രസിലെ ടി.ശരത്ചന്ദ്രപ്രസാദ് റിബൽ സ്ഥാനാർത്ഥിയായിരുന്നതാണ് പരാജയകാരണമായത്. പിന്നീട് കരുണാകരനൊപ്പം ഡി.ഐ.സിയിലേക്ക് ചുവട് മാറ്റി. തിരികെ കോൺഗ്രസിൽ എത്തിയെങ്കിലും വേണ്ട പ്രാതിനിധ്യം ലഭിക്കാതെയായതോടെ കെപിസിസി നിർവ്വഹിക സമിതി അംഗമായിരുന്ന ശോഭന 2016ൽ കോൺഗ്രസിൽ നിന്ന് രാജിവെയ്ക്കുകയായിരുന്നു. തുടർന്ന് മിഷൻ ചെങ്ങന്നൂർ എന്ന സാംസ്‌കാരിക സംഘടയ്ക്ക് അവർ രൂപം നൽകി.

അതിലൂടെ ഏറ്റവും വലിയ മനുഷ്യ ക്രിസ്തുമസ് ട്രീ നിർമ്മിച്ച് ഗിന്നസ് റക്കോഡ് നേട്ടം കൈവരിച്ചു. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും വലിയ പരാജയം ഏൽക്കേണ്ടിവന്നു. 3966 വോട്ടുകളാണ് മത്സരത്തിൽ ശോഭനാജോർജ്ജിന് ലഭിച്ചത്.