തിരുവനന്തപുരം: രാഷ്ട്രീയ ഭേദമന്യേ നിരാഹാര സമരം നടത്തുന്ന നേതാക്കളെ കണ്ട് മലയാളികൾക്ക് പരിചയമുണ്ട്. ഇങ്ങനെ നിരാഹാര സമരം നടത്തുമ്പോൾ മാന്യമായ പ്രതികരണങ്ങളാണ് പൊതുവേ രാഷ്ട്രീയ നേതാക്കൾ നടത്തുന്നത്. എന്നാൽ, ചിലപ്പോഴെങ്കിലും അതിന്റെ പരിധിവിടുന്ന കാഴ്‌ച്ചയും കാണാം. മലയാളം സൈബർ ലോകത്ത് ഇപ്പോൾ കാണുന്നത് അതാണ്. ശബരിമല വിഷയത്തിൽ സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാര സമരം നടത്തുന്ന ബിജെപി നേതാവിനെ സൈബർ ലോകത്ത് അവഹേളിച്ചു കൊണ്ടാണ് സൈബർ സഖാക്കൾ രംഗത്തുള്ളത്.

ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണം എന്നാവശ്യപ്പെട്ട് നിരാഹാരം അനുഷ്ഠിക്കുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാസുരേന്ദ്രൻ സ്റ്റീൽ ഗ്ലാസിൽ വെള്ളം കുടിക്കുന്ന വീഡിയോ പുറത്തുവന്നതോടെയാണ് ഇത് രാഷ്ട്രീയമായി ബിജെപിക്കെതിരെ ഉപയോഗിച്ചുകൊണ്ട് സഖാക്കൾ രംഗത്തെത്തിയത്. നിരാഹാര സമരം നടമ്പോൾ വെള്ളം കഴിക്കുന്നതാണ് പൊതുവേയുള്ള നേതാക്കളുടെ ശൈലി. അറിയാവുന്നവർ തന്നെയാണ് ശോഭാ സുരേന്ദ്രനെതിരെ രംഗത്തുള്ളത്.

തങ്ങളുടെ ആവശ്യം സർക്കാർ അംഗീകരിക്കുന്നത് വരെ സമരം അവസാനിപ്പിക്കില്ലെന്ന് ശോഭാസുരേന്ദ്രനും ബിജെപി നേതൃത്വവും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ശോഭാ സുരേന്ദ്രൻ സ്റ്റീൽ ഗ്ലീസിൽ വെള്ളം കുടിക്കുന്ന വീഡിയോ പുറത്തുവന്നത്. രണ്ട് സത്രീകൾ മറഞ്ഞു നിന്ന് ഗ്ലാസ് കൊടുക്കുകയും അത് വാങ്ങി ശോഭാസുരേന്ദ്രൻ കുടിക്കുകയും ചെയ്യുന്ന വീഡിയോ ആണ് പുറത്ത് വന്നത്. ശേഷം ഷാളുകൊണ്ട് മുഖം തുടക്കുന്നതും വീഡിയോയിൽ കാണാം.

ഈ വീഡിയോ ആരോ പകർത്തി സൈബർ ലോകത്ത് പ്രചരിപ്പിക്കുകയായിരുന്നു. 'ശോഭാ സുരേന്ദ്രൻ ഗ്ലാസിൽ ജ്യൂസ് കുടിക്കുന്ന വീഡിയോ പുറത്ത്' എന്ന അടിക്കുറിപ്പോടെയാണ് സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിക്കുന്നത്. ശോഭ കുടിച്ചത് എനർജി ഡിങ്‌സാണ് കുടിച്ചതെന്നും ആരോപിച്ചു കൊണ്ട് സൈബർ സഖാക്കൾ രംഗത്തെത്തി. ഈ വീഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ മറുപടിയുമായി സംഘപരിവാർ പ്രവർത്തകരും രംഗത്തെത്തി. എസ്എഫ്‌ഐ പ്രവർത്തകർ അടക്കം നിരാഹാരം കിടക്കുന്ന വേളയിൽ വെള്ളം കുടിക്കുന്ന ചിത്രങ്ങൾ അടക്കം പ്രചരിപ്പിച്ചാണ് പ്രതിരോധവുമായി രംഗത്തുള്ളത്. അതേസമയം ശോഭാ സുരേന്ദ്രൻ വെള്ളം കുടിക്കുന്നു എന്നു പറഞ്ഞ് അവരെ അവഹേളിക്കുന്നത് തെറ്റാണെന്ന് പറഞ്ഞു കൊണ്ട് ചില സഖാക്കളും രംഗത്തുണ്ട്. ഇത്തരം അവഹേളനത്തിൽ നിന്നും പിന്മാറണമെന്നാണ് ചില സിപിഎം അനുഭാവികൾ പയുന്നത്.

ശബരിമലയിൽ സർക്കാർ പ്രഖ്യാപിച്ച നിരോധനാജ്ഞ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് സെക്രട്ടേറിയറ്റിന് മുന്നിൽ ബിജെപി നിരാഹാര സമരം ആരംഭിച്ചത്. ആദ്യം എ.എൻ രാധാകൃഷ്ണനും പിന്നീട് സി.കെ പത്മനാഭനും ശേഷമാണ് ശോഭ സുരേന്ദ്രൻ നിരാഹാര സമരം ഏറ്റെടുത്തത്. ശബരിമലയിലെ ഭക്തർക്കെതിരായ നിയന്ത്രണങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് ഈ മാസം മൂന്നിനാണ് ബിജെപി നിരാഹാര സമരം തുടങ്ങിയത്. നേരത്തെ എട്ട് ദിവസം എ.എൻ രാധാകൃഷ്ണൻ നിരാഹാരം കിടന്നിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി മോശമായതോടെ സി.കെ പത്മനാഭൻ സമരം ഏറ്റെടുക്കുകായിരുന്നു.

പത്ത് ദിവസത്തോളം നീണ്ട നിരാഹാരത്തിനു ശേഷമാണ് സി.കെ പത്മനാഭൻ സമരത്തിൽ നിന്ന് പിന്മാറിയത്. ഇതോടെയാണ് ശോഭ സുരേന്ദ്രൻ നിരാഹാര സമരം ഏറ്റെടുത്തത്. ശോഭയുടെ സെക്രട്ടേറിയേറ്റിന് മുന്നിലെ സമരം ഇന്ന് 11ാം തീയ്യതിയിലേക്ക് കടന്നു. അവരുടെ ആരോഗ്യനില തൃപ്തികരമല്ലെന്നാണു വിലയിരുത്തൽ. ഇന്നലെ ഡോക്ടർമാരെത്തി പരിശോധിച്ചു. സ്ഥിതി മോശമായാൽ ശോഭയെ ആശുപത്രിയിലേക്ക് മാറ്റിയേക്കും.