- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ സിപിഎമ്മിൽ ചേരുമെന്ന് അഭ്യൂഹം; പാലക്കാട് ശോഭയെ അനുകൂലിക്കുന്നവർ പാർട്ടിയിൽനിന്ന് രാജിവെച്ചു; കേന്ദ്ര തീരുമാനം വരുന്നതുവരെ കാത്തിരിക്കാൻ മുതിർന്ന നേതാക്കളുടെ നിർദ്ദേശം; വാർത്തകൾ നിഷേധിച്ച് ബിജെപിയുടെ തീപ്പൊരി നേതാവ്
തിരുവനന്തപുരം: കഴിഞ്ഞ രണ്ടുദിവസമായി സോഷ്യൽ മീഡിയയിൽ അടക്കം വ്യാപകമായി പ്രചരിക്കുന്ന വാർത്തയാണ് ബിജെപി ഔദ്യോഗിക നേതൃത്വത്തോട് ഇടഞ്ഞു നിൽക്കുന്ന വനിതാ നേതാവ് ശോഭാ സുരേന്ദ്രൻ രാജിവെച്ച് സിപിഎമ്മിൽ ചേരുമെന്നത്. എന്നാൽ തന്റെ പരാതികളിൽ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം വരുന്നതുവരെ കാത്തിരിക്കാനാണ് ബിജെപി കേന്ദ്ര നിർവാഹക സമിതി അംഗവും സംസ്ഥാന ഉപാധ്യക്ഷയുമായ ശോഭ സുരേന്ദ്രന്റെ തീരുമാനഒ. എല്ലാ പരാതികളും കേന്ദ്രനേതൃത്വം പരിഹരിക്കുമെന്നാണു പ്രതീക്ഷയെന്ന് അവർ പറഞ്ഞതായി മലയാള മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തു.
സിപിഎം നേതൃത്വവുമായി ആശയവിനിമയം നടത്തിയെന്ന വാർത്തകൾ ശോഭ നിഷേധിച്ചു. കോൺഗ്രസിൽ പോകുമെന്നും അഭ്യൂഹമുണ്ടായി. തൽക്കാലം കാത്തിരിക്കാനാണു മുതിർന്ന നേതാക്കൾ ശോഭയ്ക്കു നൽകിയ ഉപദേശം. ഇതിനു തുടർച്ചയായി, ശോഭയുടെ പരാതികൾ പാർട്ടി ചർച്ച ചെയ്യുമെന്നു സംസ്ഥാന ഉപാധ്യക്ഷൻ എ.എൻ.രാധാകൃഷ്ണൻ പറഞ്ഞു. എന്നാൽ ശോഭ പരാതി നൽകിയിട്ടുണ്ടെങ്കിൽ മറുപടി പറയേണ്ടത് കേന്ദ്ര നേതൃത്വമാണെന്നു ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. ശോഭയുടെ പരാതികളെക്കുറിച്ചുള്ള ചോദ്യങ്ങളിൽനിന്ന് സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഒഴിഞ്ഞുമാറി.
സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷ പദവിയിൽ എത്തിയതു മുതൽ ശോഭ പാർട്ടി പരിപാടികളിൽ നിന്ന് അകന്നു കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം വാളയാറിലാണ് അവർ പരസ്യമായ അതൃപ്തി പ്രകടമാക്കിയത്. ദേശീയ നിർവാഹക സമിതി അംഗമായിരിക്കെ കീഴ്വഴക്കം ലംഘിച്ചാണ് തന്നെ സംസ്ഥാന വൈസ് പ്രസിഡന്റാക്കിയതെന്ന് കഴിഞ്ഞ ദിവസം ശോഭ കുറ്റപ്പെടുത്തി. തന്റെ അനുവാദമില്ലാതെയുള്ള നടപടിയിൽ കേന്ദ്രനേതൃത്വത്തെ പരാതി അറിയിച്ചു. അതൃപ്തിയുണ്ടെങ്കിലും പൊതുരംഗത്ത് തുടരുമെന്ന് ശോഭ സുരേന്ദ്രൻ വാളയാറിൽ പറഞ്ഞു.പൊതുസമൂഹത്തിനു മുന്നിൽ ഉത്തരവാദിത്തപ്പെട്ട പാർട്ടിയുടെ പ്രവർത്തക എന്ന നിലയിൽ ഒരു വിഴുപ്പലക്കലിനും ഇല്ലെന്നും അവർ കൂട്ടിച്ചേർത്തു. പാർട്ടിയുടെ വിവിധ തലങ്ങളിൽപ്പെട്ട ആളുകളുടെ കൊഴിഞ്ഞുപോക്ക് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പാർട്ടി മുൻ അധ്യക്ഷന്മാരോടൊപ്പം ഇപ്പോഴത്തെ അധ്യക്ഷനും ഇക്കാര്യങ്ങളിൽ ശ്രദ്ധിച്ച് മുന്നോട്ടുപോകുമെന്നാണ് കരുതുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം പാലക്കാട് ബിജെപയിൽനിന്ന് ശോഭാ സുരേന്ദ്രനെ അനുകൂലിക്കുന്നവർ രാജിവെച്ചരുന്നു. ആലത്തൂർ നിയോജക വൈസ് പ്രസിഡന്റും മുൻ ജില്ലാ കമ്മറ്റി അംഗവുമായ എൽ പ്രകാശിനി, ഒ.ബി.സി മോർച്ച നിയോജക മണ്ഡലം ട്രഷറർ കെ.നാരായണൻ, മുഖ്യശിക്ഷക് ആയിരുന്ന എൻ. വിഷ്ണു എന്നിവരാണ് ബിജെപിയിൽ നിന്ന് പുറത്തുപോയത്.ശോഭാ സുരേന്ദ്രന് ലഭിക്കാത്ത പരിഗണന ഒരു സ്ത്രീക്കും പാർട്ടിയിൽ ലഭിക്കില്ലെന്ന് പാർട്ടിവിട്ട എൽ. പ്രകാശിനി പറഞ്ഞു. പ്രാദേശിക തലത്തിൽ വരെ ബിജെപി നേതാക്കൾ വലിയ രീതിയിൽ അഴിമതി നടത്തുകയാണെന്നും വൻകിടക്കാരിൽ നിന്ന് പണം വാങ്ങി ജനകീയ സമരത്തിൽ ഒത്തുതീർപ്പ് നടത്തുകയാണെന്നും രാജിവെച്ചവർ ആരോപിച്ചു.
പ്രതികരിക്കാതെ ഔദ്യോഗിക നേതൃത്വം
അതേസമയം, സംസ്ഥാന ബിജെപി നേതൃത്വത്തിനെതിരായ ശോഭാ സുരേന്ദ്രന്റെ ആരോപണങ്ങളോട് പ്രതികരിക്കാൻ പാർട്ടി അധ്യക്ഷൻ കെ സുരേന്ദ്രൻ തയ്യാറായില്ല. പാർട്ടിക്കുള്ളിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങൾ മാധ്യമങ്ങളുമായി ചർച്ച ചെയ്യാൻ താത്പര്യപ്പെടുന്നില്ലെന്നായിരുന്നു സുരേന്ദ്രൻ പറഞ്ഞത്.നേരത്തെ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് ശോഭാ സുരേന്ദ്രന്റെ പേര് ഉയർന്ന് കേട്ടിരുന്നു. എന്നാൽ കെ. സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കുകയായിരുന്നു.ഇതിന് പിന്നാലെയാണ് പൊതുപരിപാടികളിൽ നിന്നും ചാനൽ ചർച്ചകളിൽ നിന്നും ശോഭാ സുരേന്ദ്രൻ വിട്ട് നിന്നത്. ഇതിന് പിന്നാലെ എപി അബ്ദുള്ളകുട്ടിയെ ദേശീയ ഭാരവാഹിയാക്കിയതും തർക്കം രൂക്ഷമാക്കാൻ ഇടയായി.
ശോഭാ സുരേന്ദ്രന്റെ പേര് അധ്യക്ഷ സ്ഥാനത്തേക്ക് കൃഷ്ണദാസ് പക്ഷം ഉയർത്തികാണിച്ചിരുന്നു. എന്നാൽ ഇതിനെ തഴഞ്ഞാണ് മുരളീധരൻ പക്ഷത്തിന്റെ നേതാവ് കൂടിയായ കെ.സുരേന്ദ്രൻ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയത്.ഇതിന് പിന്നാലെ പുനഃസംഘടന നടത്തിയപ്പോൾ കേരളത്തിൽ നിന്നും ദേശീയ ഘടകത്തിലേക്ക് എത്തുമെന്ന് കരുതിയ കുമ്മനം രാജശേഖരനെയും ശോഭാ സുരേന്ദ്രനെയും തഴഞ്ഞ് എ പി അബ്ദുള്ളക്കുട്ടിയെ ദേശീയ വൈസ് പ്രസിഡന്റാക്കുകയായിരുന്നു.
മിസോറാം ഗവർണറായിരുന്ന കുമ്മനത്തിന് തിരികെ എത്തിയ ശേഷം പാർട്ടിയിൽ പ്രത്യേകിച്ച് ഒരു പദവിയും നൽകിയിരുന്നില്ല. ഗവർണറായി പോയ ശ്രീധരൻപിള്ളയ്ക്ക് പകരം കുമ്മനത്തെ പാർട്ടി അധ്യക്ഷനാക്കണമെന്ന് ആർഎസ്എസ് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സർക്കാരിനെതിരെയുള്ള പ്രതിഷേധങ്ങളിൽ പോലും ശോഭ സുരേന്ദ്രന്റെ സാന്നിധ്യം ഇല്ലാത്തത് നേരത്തെ ചർച്ചയായിരുന്നു.ശോഭാ സുരേന്ദ്രന്റെ അസാന്നിദ്ധ്യത്തെക്കുറിച്ച് ചോദ്യങ്ങൾ വന്നതോടെ പാർട്ടി വൈസ് പ്രസിഡന്റ് സ്ഥാനത്ത് ശോഭസുരേന്ദ്രൻ തുടരുന്നുവെന്നും അവരെ ആരും ഒഴിവാക്കിയിട്ടില്ലെന്നുമായിരുന്നു നേതൃത്വത്തിന്റെ പ്രതികരണം. ഏഴുമാസത്തിലേറെയായി ശോഭസുരേന്ദ്രൻ പൊതുരംഗത്ത് സജീവമാകാത്തതിന് കാരണം അവരോട് തന്നെ ചോദിക്കണമെന്നാണ് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞത്.
മറുനാടന് ഡെസ്ക്