- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സസ്പെൻസ് കഴിഞ്ഞു, കഴക്കൂട്ടത്ത് താമര ചിഹ്നത്തിലെത്തുക ശോഭ സുരേന്ദ്രൻ തന്നെ; കരുനാഗപ്പള്ളിയിൽ ബിറ്റി സുധീർ; മാനന്തവാടിയിൽ മുകുന്ദൻ പള്ളിയറ; അയ്യപ്പചിത്രം കൈയിലേന്തി മാധ്യമപ്രവർത്തകരെ കാണവേ ശോഭ സുരേന്ദ്രന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം; അയ്യപ്പ വിശ്വാസികളെ വേദനിപ്പിച്ച കടകംപള്ളിയെ നേരിടുമെന്ന് ശോഭ
ന്യൂഡൽഹി: കഴക്കൂട്ടം നിയമസഭാ മണ്ഡലത്തിൽ ആരാകും ബിജെപി സ്ഥാനാർത്ഥി എന്ന കാര്യത്തിൽ ഒടുവിൽ തീരുമാനമായി. കരുത്തയായ ശോഭ സുരേന്ദ്രൻ തന്നെയാണ് കഴക്കൂട്ടത്ത് മത്സരിക്കുക. കഴക്കൂട്ടം ഉൾപ്പെടെ നാലു മണ്ഡലങ്ങളിൽക്കൂടി ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കഴക്കൂട്ടത്ത് മുതിർന്ന നേതാവ് ശോഭാ സുരേന്ദ്രൻ തന്നെ മത്സരിക്കും. മാനന്തവാടിയിൽ മുകുന്ദൻ പള്ളിയറയാണ് സ്ഥാനാർത്ഥി. നേരത്തെ മണിക്കുട്ടൻ പണിയനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നെങ്കിലും മണിക്കുട്ടൻ പിൻവാങ്ങുകയായിരുന്നു. കരുനാഗപ്പള്ളിയിൽ ബിറ്റി സുധീർ സ്ഥാനാർത്ഥിയാവും. കൊല്ലത്ത് എം സുനിൽ ആണ് മത്സരിക്കുക.
കഴക്കൂട്ടം, കൊല്ലം, കരുനാഗപ്പള്ളി മണ്ഡലങ്ങളിൽ ബിജെപി നേരത്തെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നില്ല. കഴക്കൂട്ടത്തു സ്ഥാനാർത്ഥിയാവുമെന്ന് നേതൃത്വത്തിൽനിന്ന് ഉറപ്പു ലഭിച്ചെന്നും നാളെ പ്രചാരണത്തിന് ഇറങ്ങുമെന്നും ശോഭാ സുരേന്ദ്രൻ ഇന്നലെ അറിയിച്ചിരുന്നു. കഴക്കൂട്ടം അടക്കം നാല് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. ഏറെ ചർച്ചകൾക്ക് ഒടുവിൽ കഴക്കൂട്ടം മണ്ഡലത്തിൽ ശോഭാ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കുന്നതിൽ വിജയ സാധ്യത മാത്രമാണ് പരിഗണിച്ചതെന്നും ദേശീയ നേതൃത്വം വ്യക്തമാക്കുന്നു.
ശബരിമല യുവതീ പ്രവേശന വിഷയത്തിലെ കേസിൽ ജാമ്യമെടുക്കാൻ കോടതിയിൽ എത്തിയ വേളയിലാണ് ശോഭയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായത്. അയ്യപ്പന്റെ ചിത്രവുമേന്തി പ്രവർത്തകർക്കൊപ്പം നിൽക്കുമ്പോഴാണ് പ്രഖ്യാപനം വന്നത്.കേരളത്തിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും നിന്ദ്യമായ രീതിയിൽ വിശ്വാസ സമൂഹത്തെ ഉപദ്രവിച്ച, ശബരിമല അയ്യപ്പന്റെ ആചാരത്തെ തകർക്കാൻ നേതൃത്വം നൽകിയ മന്ത്രിയെ പരാജയപ്പെടുത്തുക എന്ന ദൗത്യമാണ് എനിക്ക് വന്നുചേർന്നിരിക്കുന്നത്. കേരളത്തിലെ വിശ്വാസസമൂഹത്തിന്റെ വികാരം ഉൾക്കൊണ്ടാണ് കഴക്കൂട്ടത്ത് ഞാൻ മത്സരിക്കുന്നതെന്ന് ശോഭ സുരേന്ദ്രൻ പ്രതികരിച്ചു.
കഴക്കൂട്ടം മണ്ഡലത്തിന്റെ സമഗ്രമായ വികസനത്തിനും, അഴിമതി രഹിത ക്ഷേമപ്രവർത്തനങ്ങൾക്കും, അക്രമരഹിത രാഷ്ട്രീയത്തിനും, വിശ്വാസ സംരക്ഷണത്തിനും നിങ്ങളുടെ ഒരു കുടുംബാംഗത്തെ പോലെ നിങ്ങളോടൊപ്പം പ്രവർത്തിക്കുമെന്ന് ഞാൻ വാക്കു തരുന്നു. ഈ ചരിത്ര ദൗത്യത്തിന്റെ ഭാഗമാകാൻ ജനാധിപത്യ വിശ്വാസികളെ മുഴുവനും സ്വാഗതം ചെയ്യുന്നുവെന്നും ശോഭ പ്രതികരിച്ചു.
ശബരിമല പ്രശ്നത്തിൽ ഊന്നി കഴക്കൂട്ടത്ത് പ്രചാരണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. ശോഭാ സുരേന്ദ്രന്റെ വരവോടെ ശക്തമായ ത്രികോണ പോരിനാണ് കഴക്കൂട്ടത്ത് കളമൊരുങ്ങുന്നത്. ഇടത് മുന്നണി സ്ഥാനാർത്ഥിയായ കടകംപള്ളി സുരേന്ദ്രനും യുഡിഎഫ് സ്ഥാനാർത്ഥി ഡോ എസ്എസ് ലാലും ഇതിനകം തന്നെ മണ്ഡലത്തിൽ സജീവമാണ്. ആദ്യഘട്ട പട്ടികയിൽ ശോഭാ സുരേന്ദ്രന്റെ പേര് ഇല്ലായിരുന്നു. കഴക്കൂട്ടത്ത് ഒരു അപ്രതീക്ഷിത സ്ഥാനാർത്ഥി ഉണ്ടാകുമെന്ന ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ അവകാശവാദവും വിലപ്പോയില്ല. ഏറെ ചർച്ചകൾക്കും ആശയക്കുഴപ്പങ്ങൾക്കും ഒടുവിലാണ് ശോഭാ സുരേന്ദ്രനെ ദേശീയ നേതൃത്വം ഇടപെട്ട് സ്ഥാനാർത്ഥിയാക്കുന്നത് .
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശപ്രകാരം ബിജെപി ആസ്ഥാനത്ത് നിന്നാണ് ശോഭ സുരേന്ദ്രന് ഉറപ്പുകിട്ടിയത്. മണ്ഡലത്തിൽ പോയി പ്രചരണം തുടങ്ങാനും ഇതിനകം നിർദ്ദേശം കിട്ടിയിട്ടുണ്ട്. തുഷാർ വെള്ളാപ്പള്ളിയെ ഇറക്കി ശോഭാ സുരേന്ദ്രനെ വെട്ടാനുള്ള കേന്ദ്ര മന്ത്രി വി മുരളീധരന്റെയും കെ സുരേന്ദ്രന്റെയും അവസാന നീക്കവും ഇതോടെ പാളുകയും ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ