തിരുവനന്തപുരം: ചെന്നിത്തല യുഡിഎഫിലെ ഗോർബച്ചേവെന്ന് ശോഭനാ ജോർജ്. ചെന്നിത്തലയുടെ ഏകാധിപത്യപരമായ പെരുമാറ്റം മൂലം യുഡിഎഫിൽ നിന്നും എല്ലാവരും കൊഴിഞ്ഞു പോകുക ആണെന്നും ശോഭനാ ജോർജ് തുറന്നടിച്ചു. ഇഷ്ടക്കാരെ കെപിസിസിയിൽ തിരുകി കയറ്റലാണ് ചെന്നിത്തല ചെയ്യുന്നത്.

കെപിസിസിയിൽ നിന്നും പുറത്താക്കാൻ മാത്രം തന്റെ അയോഗ്യത എന്താണെന്ന് ചെന്നിത്തല വ്യക്തമാക്കണമെന്നും ശോഭനാ ജോർജ് കൈരളി പീപ്പിളിന് അനുവദിച്ച അഭിമുഖത്തിൽ ആരാഞ്ഞു. നേരത്തെ കെപിസിസിയിൽ 365 അംഗങ്ങളുണ്ടായിരുന്നു. ഇതിൽ നാൽപ്പതിൽ അധികം വനിതകൾ ഉണ്ടായിരുന്നു. എന്നാൽ തന്നെ മാത്രം പുറത്താക്കി. എന്തായിരുന്നു അത്രയും സ്ത്രീകളിൽ നിന്നും തന്നെ മാത്രം പുറത്താക്കാൻ കാരണമെന്ന് ചെന്നിത്തല വ്യക്തമാക്കണമെന്നും ശോഭനാ ജോർജ് ആവശ്യപ്പെട്ടു.

ചെന്നിത്തല നേതൃസ്ഥാനത്തേക്ക് വന്ന ശേഷം യുഡിഎഫ് ശോഷിച്ചു. എല്ലാവരും യുഡിഎഫിൽ നിന്നും പുറത്തു പോവുകയാണെന്നും ശോഭന പറഞ്ഞു. കേരളത്തിന്റെ പ്രതിപക്ഷം വളരെ മോശമാണെന്ന പഴി രമേശ് ചെന്നിത്തല കേട്ടു കൊണ്ടിരിക്കുന്നതിന് പിന്നാലെയാണ് മുൻ കെപിസിസി അംഗവും യുഡിഎഫിന്റെ നേതാക്കളിൽ ഒരാളുമായിരുന്ന ശോഭനാ ജോർജ് ചെന്നിത്തലയ്‌ക്കെതിരെ ആഞ്ഞടിച്ചത്. ഈ അടുത്തിടെ യുഡിഎഫ് വിട്ട ശോഭനാ ജോർജ് എൽഡിഎഫിൽ ചേർന്നിരുന്നു.

ഉപതിരഞ്ഞെടുപ്പു നടക്കുന്ന ചെങ്ങന്നൂർ മണ്ഡലത്തിൽ എൽഡിഎഫിന് വേണ്ടി ശക്തമായ പ്രചരണം നടത്തുന്നത് ശോഭനാ ജോർജാണ്. പിസി വിഷ്ണുനാഥ് എംഎൽഎയ്ക്ക് മുൻപ് ചെങ്ങന്നൂർ മണ്ഡലം ശോഭനാ ജോർജിന്റേതായിരുന്നു. വ്യാജരേഖാ വിവാദത്തെ തുടർന്നായിരുന്നു ചെങ്ങന്നൂരിൽ നിന്നും മത്സരിക്കാതെ ശോഭന പിന്മാറിയതും തൽസ്ഥാനത്തേക്ക് വിഷ്ണുനാഥ് വരുന്നതും.

ശോഭനയ്ക്ക് ഇപ്പോഴും ഈ മണ്ഡലത്തിൽ സ്വാധീനം ഉണ്ട്. ആ സ്വാധീനം തങ്ങൾക്ക് ഉറപ്പിക്കാനാണ് എൽഡിഎഫ് ശോഭനയെ കൂടെ നിർത്തുന്നത്. ഇതോടെ ശോഭന എൽഡിഎഫിന് വേണ്ടി ശക്തമായി തന്നെ രംഗത്ത് ഇറങ്ങുകയായിരുന്നു. രമേശ് ചെന്നിത്തലയ്‌ക്കെതിരെയും ആഞ്ഞടിച്ചതോടെ ശോഭന ഇനി എൽഡിഎഫിനൊപ്പം എന്ന് ഉറപ്പിച്ചു കഴിഞ്ഞു.

ഇടതു പാളയത്തിലേക്ക് കൂറുമാറിയ ശോഭനാ ജോർജ് നേരത്തേയും ചെന്നിത്തലയ്‌ക്കെരിതെ തുറന്ന വിമർശനവുമായി രംഗത്ത് എത്തിയിരുന്നു. തന്നെ ഏറ്റവും അധികം വേട്ടയാടിയത് കെപിസിസി മുൻ അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ ശോഭനാ ജോർജ് ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. പാർട്ടിയിൽ മടങ്ങി എത്തിയ ശേഷം രമേശ് തനിക്ക് അർഹമായ പരിഗണന നൽകിയില്ല. രമേശിന്റെ ലക്ഷ്യം താനോ ലീഡറോ ആരായിരുന്നെന്ന് അറിയില്ലെന്നും ശോഭനാ ജോർജ് പറഞ്ഞിരുന്നു.

കെ. കരുണാകരൻ കോൺഗ്രസ് വിട്ട് ഡി.ഐ.സി രൂപീകരിച്ചപ്പോൾ അദ്ദേഹത്തിനൊപ്പമായിരുന്നു ശോഭനാ ജോർജ്. പിന്നീട് കരുണാകരൻ കോൺഗ്രസിൽ മടങ്ങിയെത്തിയപ്പോൾ ശോഭനയും കോൺഗ്രസിൽ മടങ്ങിയെത്തി. എന്നാൽ മടങ്ങി എത്തിക്കഴിഞ്ഞ് ശോഭനാ ജോർജിന് പാർട്ടിയിൽ കാര്യമായ പരിഗണന ലഭിച്ചില്ല.

1991 മുതൽ തുടർച്ചയായി മൂന്ന് തവണ ചെങ്ങന്നൂരിൽ ശോഭന ജോർജ് ജയിച്ചു. 2006ൽ ശോഭന ജോർജിന്റെ സീറ്റിൽ പിസി വിഷ്ണുനാഥിനെ മൽസരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചതോടെയാണ് അവർ പാർട്ടിയുമായി അകന്നത്. തൊട്ടുപിന്നാലെ വ്യാജ രേഖാ കേസ് കൂടി വന്നതോടെ ശോഭനയോട് നേതൃത്വത്തിന് അനിഷ്ടമായി. പിന്നീട് പാർട്ടിയുമായി തീർത്തും അകന്ന അവർ 2016ൽ സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെ വിഷ്ണുനാഥിനെതിരെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മൽസരിച്ചു. തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തു. പക്ഷേ വിമതയായി മൽസരിച്ച ശോഭനയ്ക്ക് 3966 വോട്ട് മാത്രമേ നേടാൻ സാധിച്ചുള്ളൂ.

ശോഭന ജോർജ് ഉൾപ്പെട്ട വ്യാജരേഖാ കേസ് കേരള രാഷ്ട്രീയത്തെ ഇളക്കിമറിച്ചിരുന്നു. ഈ കേസിൽ ഒന്നാം പ്രതിയായി ശോഭനയുടെ പേര് വന്നതോടെയാണ് പാർട്ടി നേതൃത്വത്തിന് അവർ അനഭിമതയായതെന്നാണ് കണക്കാക്കുന്നത്. മന്ത്രിയായിരുന്ന കെവി തോമസിന്റെ പ്രതിച്ഛായ തകർക്കാൻ, അദ്ദേഹത്തെ 332 കോടിയുടെ ഹവാല ഇടപാടുമായി ബന്ധപ്പെടുത്തി ഇന്റലിജൻസ് ഡിജിപിയുടെ പേരിൽ വ്യാജരേഖ ചമച്ചുവെന്നായിരുന്നു കേസ്. മന്ത്രിയുടെ പ്രതിഛായ തകർത്ത് മന്ത്രിപദം കരസ്ഥമാക്കാൻ ശോഭന കളിച്ചുവെന്നായിരുന്നു ആരോപണം. ക്രൈം ബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസിൽ ഏഴ് പ്രതികളാണുണ്ടായിരുന്നത്. കോൺഗ്രസ് നേതാവ് കെ കരുണാകരന്റെ അടുത്തയാളായി അറിയപ്പെട്ട വ്യക്തിയായിരുന്നു ശോഭന.