ചെങ്ങന്നൂർ: ബോളിവുഡിൽ തനുശ്രീ ദത്ത തുറന്നുവിട്ട മീ ടൂ ക്യാമ്പെയിൻ ചുഴലിക്കൊടുങ്കാറ്റ് പോലെ കേരളക്കരയിലും ആഞ്ഞടിക്കുകയാണ്. സിനിമയെന്നോ, രാഷ്ട്രീയമെന്നോ, മാധ്യമപ്രവർത്തനമെന്നോ ഭേദമൊന്നുമില്ല. കാസ്റ്റിങ് ഡയറക്ടർ ടെസ് ജോസഫ് ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയാനാണ് നടനും എംഎൽഎയുമായ മുകേഷ് ഇപ്പോൾ ഏറെ സമയം ചെലവഴിക്കുന്നത്. മുകേഷിനെതിരെ മീടു ക്യാമ്പെയിൻ വനിതാ കമ്മീഷൻ ചർച്ച ചെയ്യുമെന്ന് അദ്ധ്യക്ഷ എം.സി.ജോസഫൈൻ പറഞ്ഞുകഴിഞ്ഞു. അതിനിടെയാണ് ചെങ്ങന്നൂരിലെ മുൻ എംഎൽഎയും ഇടതുപാളയത്തിലേക്ക് സമീപകാലത്ത് ചേക്കേറിയ നേതാവുമായ ശോഭന ജോർജ് പുതിയ വെടി പൊട്ടിച്ചത്.

ഫേസ്‌ബുക്കിൽ 'മീ ടു' എന്ന് കുറിച്ച് ചോദ്യ ചിഹ്നമിട്ടതോടെ പലർക്കും നെഞ്ചിടിപ്പ് കൂടി. ചില കാര്യങ്ങൾ തനിക്ക് പറയാനുണ്ടെന്ന സൂചനയാണ് അവർ നൽകിയത്. പോസ്റ്റിടേണ്ട താമസം കോൺഗ്രസുകാരും സിപിഎമ്മുകാരും കമന്റുകളുമായി പാഞ്ഞെത്തി. പഴയ കോൺഗ്രസുകാരിയായതുകൊണ്ടും, തങ്ങളുടെ പാളയം വിട്ടതുകൊണ്ടും സ്വാഭാവികമായി കോൺഗ്രസുകാർ ശോഭനയെ പരിഹസിക്കുന്ന പോസ്റ്റുകളാണിട്ടത്. സിപിഎമ്മുകാർക്ക് ശോഭനയെ അനുകൂലിക്കാനായിരുന്നു തിടുക്കം.

ചില കോൺഗ്രസുകാരുടെ പരിഹാസം ട്രെയിൻ പിടിച്ചുവരേണ്ടി വരുമെന്നായിരുന്നു. കേരള രാഷ്ട്രീയം മലീമസമാകുമെന്ന മുന്നറിയിപ്പുമായും ചിലർ കമന്റിട്ടു. ഏതായാലും, പുലി വാൽ പിടിക്കേണ്ടി വരുമെന്ന് കരുതിയാവണം പോസ്റ്റിട്ട് അധികം വൈകാതെ, ശോഭന ജോർജ് അത് ഡിലീറ്റ് ചെയ്ത് മുങ്ങി. പ്രത്യാഘാതം കടുത്തതാവുകയും ചെയ്തു. ഖാദി ബോർഡ് വൈസ് ചെയർമാന്റെ ഫേസ്‌ബുക്ക് പേജിൽ ഭീതിയോടെ അടിക്കടി നോക്കുന്ന തിരക്കിലാണ് പലരുമെന്നാണ് അണിയറ സംസാരം.