കൊച്ചി: സോളാറിൽ ബിജു രാധാകൃഷ്ണന്റെ തെളിവെടുപ്പ് നാടകം ഇത്ര ആഘോഷമാക്കേണ്ടതുണ്ടായിരുന്നോ? എല്ലാം കള്ളക്കളിയാണെന്ന് ഒറ്റനോട്ടത്തിൽ തിരിച്ചറിഞ്ഞിട്ടും ചാനലുകൾ പുറകേ കൂടി. കൊച്ചിയിൽ നിന്നും കോയമ്പത്തൂരിലേക്കുള്ള യാത്രയുടെ വളവും തിരിവും വരെ പറഞ്ഞു. ഒടുവിൽ പത്ത് മണിക്കൂറിന് ശേഷം മലായളി മനസ്സിൽ കണ്ടത് വീണ്ടും എഴുതിക്കാട്ടി. കവറിൽ സിഡിയോ പെൻ ഡ്രൈവോ ഇല്ല. ചാനലുകളുടെ ഈ അബദ്ധ നാടകത്തെ പൊങ്കാലയിട്ട് ആഘോഷിക്കുകയാണ് ട്രോളർമാർ. സോഷ്യൽ മീഡിയ മുഴുവൻ ചാനലുകളെ ആക്ഷേപിക്കുന്ന ചർച്ചകൾ പൊടി പൊടിക്കുകയാണ്. എന്തിനായിരുന്നു ഇതെല്ലാമെന്നാണ് ചോദ്യം.

സോളാറിൽ മുഖ്യമന്ത്രിക്ക് എതിരെ ലൈംഗികാരോപണം ബിജു ഉന്നയിച്ചത് ചാനലുകൾ വലിയ ആഘോഷമാക്കി. ഇത് തന്നെ സോഷ്യൽ മിഡിയയ്ക്ക് പടിച്ചിരുന്നില്ല. ഒരു ക്രിമിനലിന്റെ വാക്കുകൾക്ക് ഇത്രയേറെ പ്രാധാന്യം കൊടുക്കേണ്ടതുണ്ടോ എന്നായിരുന്നു ചോദ്യം. ഇത് പ്രതിപക്ഷത്തെ പോലും ചിന്തിപ്പിച്ചു. എന്നാൽ മലയാളത്തിലെ ചാനലുകൾക്ക് മാത്രം ഒന്നും മനസ്സിലായില്ല. കൊച്ചിയിൽ നിന്ന് ഓബി വാനുമായി ബിജു രാധാകൃഷ്ണന് പിറകേ അവർ യാത്രയായി. വളവും തിരിവും ട്രാഫിക് ബ്ലോക്കുമെല്ലാം മനസ്സിലാക്കി. പൊലീസ് വാഹനത്തിൽ കൊച്ചിയിൽ നിന്ന് കോയമ്പത്തൂരിലേക്കുള്ള യാത്രയ്ക്ക് എത്രമാത്രം സമയം വേണമെന്ന് മലയാളിക്ക മനസ്സിലാക്കി കൊടുക്കാൻ ഇതിലൂടെ ചാനലുകൾക്കായി. അത്രമാത്രം.

ഇന്നലെ ഉച്ചയ്ക്ക് സോളാറിലെ ബിജുവിന്റെ ഇടപെടൽ പോലും സംശയത്തിന് ഇടനൽകുന്നതായിരുന്നു. ഒറ്റനോട്ടത്തിൽ തന്നെ സിഡി കിട്ടില്ലെന്ന് വ്യക്തവും. എന്നാൽ ജയിൽ പുള്ളിയായ ഒരാൾ തെളിവ് കണ്ടെത്താൻ സഹായം തേടുമ്പോൾ കമ്മീഷന് അതിന്റെ സാധ്യതകൾ പരിശോധിച്ച് തീരുമാനം എടുക്കണം. തെളിവ് കിട്ടുമോ ഇല്ലയോ എന്നതല്ല പ്രശ്‌നം. നടപടിക്രമങ്ങളാണ്. അതാണ് കമ്മീഷൻ ചെയ്തത്. അതിന് ശേഷമുള്ള നടപടികൾ ചാനലുകൾ ആഘോഷമാക്കിയ ഇടത്താണ് നാണക്കേട്. ക്രിമിലിന് പിന്നിൽ പാപ്പരാസികളെ പോലെയുള്ള ഓട്ടം. അതാണ് യഥാർത്ഥത്തിൽ കേരളത്തിന് അപമാനമായത്. ഇത് തന്നെയാണ് സോഷ്യൽ മിഡിയയുടെ പ്രതികരണങ്ങൾക്ക് കാരണവും.

കാള പെറ്റാൽ കയർ എടുക്കുന്നവരാണ് ചാനലുകളെന്ന ആക്ഷേപത്തെ അവർ തന്നെ ശക്തിപ്പെടുത്തുകയായിരുന്നു ഇന്നലത്തെ സംഭവത്തിലൂടെ. അത് മാത്രമാണ് വീണ്ടും തെളിയുന്നത്. പ്രതിപക്ഷം പോലും കരുതലോടെ പ്രതികരിച്ചിട്ടും ഇപ്പോൾ എല്ലാം കിട്ടുമെന്ന അമിത ആത്മവിശ്വാസം ചാനലുകൾ കാട്ടി. ഓബി വാനും ട്രാൻസിമിഷൻ കിറ്റുകളുമെടുത്ത് നട്ടോട്ടം. എല്ലാ പ്രധാന വളവിലും റിപ്പോർട്ടിങ്. കോയമ്പത്തൂരിൽ ചാനലുകളുടെ സംവിധാനം മുഴുവൻ എത്തി. ഒടുവിൽ ഇളഭ്യരുമായി. ഇതു തന്നെയാണ് സോഷ്യൽ മീഡിയയിലും നിറയുന്നത്. ഇതിനിടെ പുതിയ തിയറികൾ അവതരിക്കപ്പെട്ടു. സരിതയാണ് തെളിവ് മാറ്റിയതെന്നും പറഞ്ഞു. അവേശമുണ്ടാക്കാൻ സരിതയെ ചർച്ചകളിലെത്തിച്ചു. അങ്ങനെ ത്രില്ലറാക്കി മുന്നേറി. ക്ലാമാക്‌സ് ബിജു നിശ്ചയിച്ചതു പോലെ ആന്റിയും. അങ്ങനെ ചാനലുകൾ അപമാനക്കുഴിയിലാക്കി.

സിഡി കിട്ടില്ലെന്ന് വ്യക്തമായതോടെ ബ്രേക്കിങ് ന്യൂസുകൾ അപ്രത്യക്ഷമായി. വെറുമൊരു വാർത്തമാത്രമായി എല്ലാം അവസാനിച്ചു. അതുവരെയുള്ള ആഘോഷം വെറുതെയായെന്ന് ചാനലുകൾക്കും ഇപ്പോഴറിയാം. പക്ഷേ വൈകിപ്പോയി. അതു തന്നെയാണ് സോഷ്യൽ മിഡിയയിലെ വിമർശനങ്ങൾക്ക് കാരണവും.