ഫെയ്‌സ്ബുക്കിലൊരു പോസ്റ്റിടുമ്പോൾ, ഇൻസ്റ്റഗ്രാമിൽ ഒരു ചിത്രമിടുമ്പോൾ എത്ര ലൈക്ക് കിട്ടുമെന്നതാകും സാധാരണ സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ലക്ഷ്യം. എന്നാൽ, അത് പണമുണ്ടാക്കാനുള്ള മാർഗംകൂടിയാണെന്ന് എത്രപേർക്കറിയാം? ഫോബ്‌സ് മാസിക പുറത്തുവിട്ട കണക്കുകൾ സോഷ്യൽ മീഡിയയുടെ ധനാഗമന മാർഗങ്ങൾ വ്യക്തമാക്കുന്നു.

ഒരു യുട്യൂബ് വീഡിയോക്ക് മൂന്നുലക്ഷം ഡോളർവരെ ഈടാക്കുന്ന സെലിബ്രിറ്റികൾ ഉണ്ടെന്ന് ഫോബ്‌സ് മാസിക വ്യക്തമാക്കുന്നു. എത്രപേർ ഫോളോ ചെയ്യുന്നു എന്നതിനെ അനുസരിച്ചാണ് ഓരോ പോസ്റ്റുകൾക്കും എത്ര തുക കിട്ടുമെന്ന് വ്യക്തമാക്കുന്നത്. എഴുപതുലക്ഷത്തോളം പേർ പിന്തുടരുന്ന ഒരു സെലിബ്രിറ്റിക്ക് ഒരു ഫേസ്‌ബുക്ക് പോസ്റ്റിന് രണ്ടുലക്ഷം ഡോളർ വരെ ലഭിക്കും. സ്‌നാപ്പ്ചാറ്റിലോ ഇൻസ്റ്റഗ്രാമിലോ ഇടുന്ന പോസ്റ്റിന് ഒന്നരലക്ഷം ഡോളർവരെ കിട്ടും. ഒരു സ്‌പോൺസേർഡ് ട്വീറ്റിന് 50,000 ഡോളർ വരെയും.

സെലിബ്രിറ്റികളുടെ സോഷ്യൽ മീഡിയയിലെ പിന്തുണയാണ് പണത്തിന്റെ തോത് നിശ്ചയിക്കുന്ന ഘടകം. പല കമ്പനികളും അവരുടെ സ്‌പോൺസർഷിപ്പോടെ സെലിബ്രിറ്റികളുടെ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ കൊണ്ടുവരാൻ ശ്രമിക്കുന്നു. ഫിറ്റ്‌നസ്, ബ്യൂട്ടി, ഹോംമേക്ക് തുടങ്ങി സെലിബ്രിറ്റികളെ സോഷ്യൽ മീഡിയയിൽ ഉപയോഗിക്കുന്ന ബ്രാൻഡുകളേറെയാണ്.

സോഷ്യൽ മീഡിയയിലെ ഫോളോവേഴ്‌സിന്റെ എണ്ണം അനുസരിച്ചാണ് പണത്തിന്റെ തോത് നിശ്ചയിക്കുന്നത്. മുപ്പത് ലക്ഷം മുതൽക്ക് എഴുപതുലക്ഷം വരെ ഫോളോവേഴ്‌സുള്ള സെലിബ്രിറ്റിക്ക് ഒരു യുട്യൂബ് വീഡിയോക്ക് രണ്ടുലക്ഷം ഡോളർ വരെ ലഭിക്കുമെന്ന് ഫോബ്‌സ് പറഞ്ഞു. ഫേസ്‌ബുക്ക് പോസ്റ്റിന് ഒരുലക്ഷം ഡോളറും ഇൻസ്റ്റഗ്രാം പോസ്റ്റിന് 75,000 ഡോളറും ട്വീറ്റിന് 25,000 ഡോളറും ലഭിക്കും.

മുപ്പതുലക്ഷം ഫോളോവേഴ്‌സ് വരെയുള്ള സെലിബ്രിറ്റികൾക്ക് യുട്യൂബ് വീഡിയോക്ക് ഒന്നേകാൽ ലക്ഷം ഡോളറും ഫേസ്‌ബുക്ക്, സ്‌നാപ്പ്ചാറ്റ്, ഇൻസ്റ്റഗ്രാം പോസ്റ്റുകൾക്ക് അമ്പതിനായിരം ഡോളറും ട്വീറ്റിന് 20,000 ഡോളറും വരെ ലഭിക്കും. പത്തുലക്ഷത്തിലേറെ ഫോളോവേഴ്‌സുള്ള ഒരു സെലിബ്രിറ്റിക്ക് സോഷ്യൽ മീഡിയ പോസ്റ്റുകൾവഴി 35,592 ഡോളർവരെ ശരാശരി കിട്ടുമെന്നാണ് സ്മാർട്ട്അസെറ്റ് വിലയിരുത്തുന്നത്.