ട്ടികജാതി-പട്ടികവർഗ വിഭാഗക്കാരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ സോഷ്യൽ മീഡിയയിലൂടെ നടത്തുന്നവർ ശിക്ഷാർഹരാണെന്ന് ഡൽഹി ഹൈക്കോടതി. ക്ലോസ്ഡ് ഗ്രൂപ്പിലാണ് പരാമർശമെങ്കിൽക്കൂടി അവർ 1989-ലെ പട്ടികജാതി-പട്ടികവർഗ നിയമപ്രകാരം നടപടി നേരിടേണ്ടിവരുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഫേസ്‌ബുക്കിനെ സംബന്ധിച്ചാണ് ഹൈക്കോടതിയുടെ നിരീക്ഷണമെങ്കിലും വാട്‌സാപ്പ് പോലുള്ള മറ്റ് സാമൂഹിക മാധ്യമങ്ങൾക്കും ഇത് ബാധകമാണെന്ന് കോടതി വ്യക്തമാക്കി. വാട്‌സാപ്പിന് ക്ലോസ്ഡ് പ്രൈവസി സെറ്റിങ്‌സ് ഉണ്ടെന്നതും കുറ്റം ഇല്ലാതാകുന്നില്ല. ഫേസ്‌ബുക്കിൽ ഒരാൾ പ്രൈവസി സെറ്റിങ്‌സ് പ്രൈവറ്റ് എന്നതിൽനിന്ന് പബ്ലിക്ക് എന്നാക്കുന്നതോടെ, അയാളുടെ വാളിലെ പോസ്റ്റുകൾ സുഹൃത്തുക്കൾക്ക് മാത്രമല്ല, ഫേസ്‌ബുക്കിലുള്ള ആർക്കും കാണാവുന്ന തരത്തിലാകും. പ്രൈവസി സെറ്റിങ്‌സ് പ്രൈവറ്റ് ആണെങ്കിലും ഇത്തരം പരാമർശങ്ങൾ പട്ടിക ജാതി-പട്ടിക വർഗവിഭാഗക്കാർക്കെതിരായ അതിക്രമങ്ങൾ തടയുന്ന നിയമത്തിന്റെ പരിധിയിൽ വരുമെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് ജഡ്ജി വിപിൻ സംഘി പറഞ്ഞു.

ഫേസ്‌ബുക്കിൽ ഇത്തരം പരാമർശം നടത്തുന്നവർ ബന്ധുക്കളാണെങ്കിൽ മാത്രമാണ് പ്രോസിക്യൂഷൻ നടപടികളിൽനിന്ന് ഒഴിവാവുക. പബ്ലിക് എന്നതിനർഥം, പൊതുജനങ്ങൾ, അവരെത്ര ചെറിയ സംഖ്യയാണെങ്കിൽക്കൂടി വരുന്ന സ്ഥലം എന്നാണർഥമെന്നും കോടതി വ്യാഖ്യാനിച്ചു. പ്രൈവസി സെറ്റിങ്‌സ് പ്രൈവറ്റാണെന്നത് ആരെയും നടപടികളിൽനിന്ന് വിമുക്തരാക്കില്ലെന്നും കോടതി പറഞ്ഞു.

രജ്പുത്ത് വിഭാഗത്തിൽപ്പെട്ട തന്റെ സഹോദരഭാര്യ ഫേസ്‌ബുക്കിലൂടെ അധിക്ഷേപകരങ്ങളായ പരാമർശങ്ങൾ നടത്തുന്നുവെന്ന പട്ടികജാതിക്കാരിയായ യുവതിയുടെ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. ഫേസ്‌ബുക്ക് വാൾ സ്വകാര്യസ്ഥലമാണെന്നും തന്റെ വാളിൽ എന്തെഴുതെണമെന്ന് നിർദേശിക്കാൻ ആർക്കും അവകാശമില്ലെന്നും പ്രതിഭാഗം വാദിച്ചുവെങ്കിലും കോടതി അംഗീകരിച്ചില്ല. പൊതുസ്ഥലം എന്നതിന്റെ പരിധിയിൽ ഇത് വരില്ലെന്നും അവർ വാദിച്ചു.

സഹോദരഭാര്യ നടത്തിയ പരാമർശങ്ങൾ നേരിട്ടൊരാളെ അധിക്ഷേപിക്കുന്ന തരത്തിലല്ലെന്ന് വിലയിരുത്തി കോടതി ഹർജി തള്ളി. യുവതിയുടെ പരാതി നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. എന്നാൽ, ഫേസ്‌ബുക്ക് വാൾ സ്വകാര്യയിടമാണെന്ന വാദം കോടതി അംഗീകരിച്ചില്ല. പ്രൈവസി സെറ്റിങ്‌സ് മാറ്റിയാലും ഫേസ്‌ബുക്ക് സ്വകാര്യയിടമാകുന്നില്ലെന്ന് കോടതി വ്യക്തമാക്കി. സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർക്കാകെയുള്ള മുന്നറിയിപ്പ് കൂടിയാണ് ഡൽഹി ഹൈക്കോടതിയുടെ ഈ വിധി.