സോഷ്യൽ മീഡിയയുടെ വിമർശനങ്ങൾ ഏറ്റുവാങ്ങാത്ത മന്ത്രിയായിരുന്നു കെ.കെ ശൈലജ ടീച്ചർ. ഒടുവിൽ ആരോഗ്യമന്ത്രിയും സോഷ്യൽ മീഡിയയുടെ വിമർശനത്തിന് പാത്രമായിരിക്കുന്നു. കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജിനോട് അനുബന്ധിച്ചുള്ള പുതിയ ആശുപത്രി കെട്ടിടത്തിന്റെ ശിലാസ്ഥാപനവുമായി ബന്ധപ്പെട്ട് ശൈലജ ടീച്ചർ ഫേസ്‌ബുക്കിലിട്ട പോസ്റ്റിന്റെ പേരിലാണ് പൊങ്കാല.

ശാസ്ത്രീയമായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഹോമിയോപ്പതി എന്ന ചികിത്സാരീതിയെ പ്രോത്സാഹിപ്പിക്കുന്നതിനെ വിമർശിച്ചാണ് മിക്കയാളുകളും ശൈലജടീച്ചർക്കെതിരെ രംഗത്തെത്തിയത്. സ്‌കൂളിൽ പഠിപ്പിക്കുന്ന രസതന്ത്രംവച്ച് ആലോചിച്ചാലും ഹോമിയോചികിത്സയുടെ അടിസ്ഥാന നിയമങ്ങൾ പോലും ശരിയാകുന്നില്ല. അപ്പോൾ ഇക്കാര്യത്തിൽ കൂടുതൽ ഗവ: ഫണ്ട് ചെലവിടും മുന്നേ ഒരു പ്രാഥമിക പഠനമെങ്കിലും നടത്തുവാൻ അപേക്ഷ. വാക്സിൻ വിരുദ്ധതയെ എതിർത്ത് കേരള സമൂഹത്തിന് മാതൃകയായ താങ്കളെപ്പോലുള്ളവർ ഹോമിയോപ്പതി പോലൊരു കപടചികിത്സയെക്കുറിച്ച് ഇത്തരത്തിൽ സംസാരിക്കുന്നത് ഖേദകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മറ്റൊരു കമന്റ് മന്ത്രിയുടെ പോസ്റ്റിനു ചുവടെ വന്ന കമന്റ്.

ശൈലജ ടീച്ചറുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം.....

'ഇന്ന് ഏറെ പുരോഗതിയും ജനപ്രീതിയും ആർജ്ജിച്ചു വരുന്ന ചികിത്സാരീതിയാണ് ഹോമിയോപതി ജീവിതശൈലി രോഗങ്ങൾ ക്യാൻസർ വന്ധ്യത തുടങ്ങി ഇന്ന് മനുഷ്യന് ഭീഷണിയായിക്കൊണ്ടിരിക്കുന്ന രോഗങ്ങൾക്കെല്ലാം ഹോമിയോപതി ഫലപ്രദമാണെന്ന് മനസിലാക്കി ചികിൽസയുടെ സാധ്യതകൾ കൂടുതൽ ഉപയോഗപ്പെടുത്തെണ്ടതാണ്. അതുകൊണ്ട് തന്നെ ഈ മേഖലയിൽ കൂടുതൽ ഗവേഷണങ്ങൾക്ക് വഴിയൊരുക്കും ഹോമിയോപ്പതി ചികിത്സാ സംമ്പ്രദായം കൂടുതൽ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി കോഴിക്കോട് സർക്കാർ ഹോമിയോ മെഡിക്കൽ കോളെജിനോട് അനുബന്ധിച്ചുള്ള അശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം 24-09-2016 ശനിയാഴ്‌ച്ച ഉച്ചയ്ക്ക് 2 മണിക്ക് എ.പ്രദീപ് കുമാർ എംഎ‍ൽഎ അധ്യക്ഷതയിൽ ഞാൻ നിർവഹിക്കുന്നു'

യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ലാത്ത ചികിത്സാരീതിക്ക് സർക്കാർ ഇത്തരത്തിൽ പ്രോത്സാഹനം നൽകുന്നതിനെ വിമർശിച്ചും പരിഹസിച്ചും ഒട്ടേറെപ്പേർ ഇതിനെതിരെ രംഗത്തുവരികയായിരുന്നു.