- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാട്ടുകാർ പുറത്തിറങ്ങരുത്, സർക്കാരിന് 1000 പേരെ വച്ച് സത്യപ്രതിജ്ഞ ചെയ്യാം; ഭരണക്കാർക്ക് നിയമങ്ങൾ സൗകര്യാർത്ഥം മാറ്റാമോ; നാട്ടിൽ രണ്ട് തരം പൗരന്മാരാണോ എന്ന് ചോദ്യം; പ്രതിഷേധവുമായി സോഷ്യൽ മീഡിയ
തിരുവനന്തപുരം: കടുത്ത കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും 750 പേരെ പങ്കെടുപ്പിച്ച് സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ ചെയ്യാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം വിവാദത്തിൽ. ജനാധിപത്യത്തിൽ ജനങ്ങളാണ് രാജാവ് എന്ന് പറയാറുണ്ടെങ്കിലും അതൊക്കെ പറച്ചിലിൽ മാത്രമെ ഉള്ളുവെന്ന് സോഷ്യൽ മീഡിയയിൽ അനവധി പോസ്റ്റുകളും േ്രടാളുകളുമാണ് പ്രത്യക്ഷപ്പെടുന്നത്. ജനങ്ങൾക്ക് വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പോലും അനുവാദമില്ലാതിരിക്കെ നിയന്ത്രണങ്ങൾ നടപ്പിലാക്കിയവർ തന്നെ തങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് നിയമത്തിൽ അയവ് വരുത്തുന്നതിനെതിരെയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്.
ജയിപ്പിച്ചുവിട്ട ജനങ്ങളോട് സർക്കാരിന് എന്തെങ്കിലും പ്രതിബദ്ധത ഉണ്ടെങ്കിൽ സത്യപ്രതിജ്ഞ ഓൺലൈൻ ആക്കണമെന്നാണ് ഇവരുടെ ആവശ്യം. ജീവിതത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന സന്നത്ത് എന്ന സത്യപ്രതിജ്ഞാ ചടങ്ങ് ഇത്തവണ ഓൺലൈൻ ആക്കി മാതൃകയായവരാണ് അഭിഭാഷകർ. ഇപ്പോൾ സത്യപ്രതിജ്ഞ ചെയ്യന്നവരിൽ പലരും മുമ്പും പലവട്ടം എംഎൽഎമാരായും മന്ത്രിമാരായും ഉൽസവസമാനമായ സാഹചര്യങ്ങളിൽ സത്യപ്രതിജ്ഞ ചെയ്തിട്ടുള്ളവരാണ്. ഇത്തവണ അത് ഓൺലൈൻ ആക്കി മാതൃകയായിക്കൂടെ എന്നാണ് അഡ്വ. ഹരീഷ് വാസുദേവൻ ഉയർത്തുന്ന ചോദ്യം.
ജനങ്ങൾക്ക് പുറത്തിറങ്ങാൻ പോലും കഴിയാത്ത സാഹചര്യത്തിൽ വലിയ ചടങ്ങുകൾ സർക്കാർ തന്നെ സ്പോൺസർ ചെയ്ത് ഇവിടെ രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കരുതെന്നാണ് മാധ്യമപ്രവർത്തകനായ കെ.ജെ ജേക്കബ് പിണറായി വിജയനോട് അപേക്ഷിക്കുന്നത്. മുമ്പ് പല വിഷയങ്ങളിലും സർക്കാരിന് വേണ്ടി സാമൂഹ്യമാധ്യമങ്ങളിൽ വാദിച്ചിരുന്ന ആളാണ് കെ.ജെ ജേക്കബ്ബ്. ജേക്കബിന്റെ വാക്കുകൾ ഇങ്ങനെ : 'ഇന്നാട്ടിൽ ഇപ്പോൾ ആഘോഷങ്ങളും ഉത്സവങ്ങളും നമ്മൾ മാറ്റിവച്ചിരിക്കുകയാണ്. എല്ലാം ചടങ്ങിനുമാത്രം. വിവാഹത്തിന് 20 പേര് എന്ന് പറഞ്ഞാൽ എന്റെ വീട്ടിൽ ഒരു വിവാഹം നടന്നാൽ ഏറ്റവും അടുത്ത ബന്ധുക്കൾക്കുപോലും പങ്കെടുക്കാൻ പറ്റില്ല. 21 പേര് പങ്കെടുത്താൽ 21 പേരും കേസ് നേരിടേണ്ടിവരുന്ന നാടാണ് ഇതിപ്പോൾ. അപ്പോൾ ഇരുനൂറുപേരുടെയോ അഞ്ഞൂറ് പേരുടെയോ ചടങ്ങു നടത്തുന്നത്, എത്ര നിബന്ധനകളോടെ ആണെങ്കിലും ശരി, നാട്ടിൽ രണ്ടുതരം പൗരന്മാരുണ്ട് എന്ന അവസ്ഥ സൃഷ്ടിക്കലാണ്. നിയുക്തമന്ത്രിമാരുടെ ബന്ധുക്കൾ കാസർഗോഡുമുതൽ പല സ്ഥലത്തുനിന്നും തിരുവനന്തപുരം വരെ യാത്ര ചെയ്യും. അടിയന്തിര ഘട്ടത്തിൽ അത് ചെയ്യേണ്ട എന്നല്ല; എന്നാൽ അങ്ങിനെയുള്ള ഒരു അടിയന്തിര സംഭവമല്ല സത്യപ്രതിജ്ഞ. അതൊരു ഭരണഘടനാ നടപടിയാണ്. അവർക്ക് മാത്രമായി നാട്ടിൽ വേറെ നിയമമില്ല'.
ജീവന്റെ വിലയുള്ള ജാഗ്രത എന്നത് വാക്കിൽ മാത്രം പോരാ, പ്രവൃത്തിയിലും വേണമെന്നാണ് പൊതുപ്രവർത്തക കൂടിയായ സുധാ മേനോൻ എഴുതുന്നത്. 'ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരിന്റെ സത്യപ്രതിജ്ഞ ആണ്. 140 പേരും ഓട് പൊളിച്ചു വന്നവരല്ല, ജനപ്രതിനിധികൾ ആണ്. ഇന്ന് കേരളവും രാജ്യവും കടന്നുപോകുന്ന അത്യന്തം ദുരിതപൂർണ്ണമായ അവസ്ഥ മറ്റെല്ലാരെയും കൂടുതൽ അറിയാവുന്നവർ. 'അതിജീവനം' ഒഴിച്ച് മറ്റെല്ലാം അപ്രസക്തമാവുന്ന ഈ 'കരൾ പിളരും കാലത്ത് ' അഞ്ഞൂറോളം ആൾക്കാരെ പങ്കെടുപ്പിച്ചു സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ച് സത്യപ്രതിജ്ഞാ ചടങ്ങു നടത്തുന്നത് എന്ത് സന്ദേശമാണ് ജനങ്ങൾക്ക് നൽകുന്നതു? നിയമം നിർമ്മിക്കേണ്ടവർ തന്നെ നഗ്നമായ നിയമലംഘനം നടത്തുന്നത് ഏത് സാഹചര്യത്തിലും നീതിയുക്തമല്ല. വീട്ടിനുള്ളിൽ പോലും ആൾക്കാർ കൂടി നിൽക്കരുത് എന്ന് ഒരു വശത്തു ഉപദേശിച്ചിട്ട്, മറുവശത്തു ഗംഭീരചടങ്ങ്! നല്ല നീതിബോധം! സാഹചര്യങ്ങൾ അനുകൂലമായാൽ ഒന്നാം വാർഷികം നിറപ്പകിട്ടോടെ രണ്ടായിരം പേരെ വെച്ച് നടത്താമെന്നിരിക്കെ, ക്ഷണിക്കപ്പെട്ട പ്രമുഖരെ ഉൾപ്പെടുത്തിയുള്ള , പൊതുജനങ്ങൾക്കു പ്രവേശനം ഇല്ലാത്ത ഈ അനാവശ്യആഘോഷം ഒഴിവാക്കുന്നതാണ് ഔചിത്യം. ജീവന്റെ വിലയുള്ള ജാഗ്രത എന്നത് വാക്കിൽ മാത്രം പോരാ, പ്രവൃത്തിയിലും വേണം. ശക്തമായി പ്രതിഷേധിക്കേണ്ട സമയമാണിത്.' സുധാ മേനോൻ പറയുന്നു.
സത്യപ്രതിജ്ഞാ ചടങ്ങ് ലൈവ് സ്ട്രീമിങ് നടത്തുന്നുണ്ടല്ലോ എന്തിനിത്രപേരെന്നാണ് പരസ്യ നിർമ്മാതാവും അഭിനേതാവുമായ ഫേവർ ഫ്രാൻസിസിന്റെ ചോദ്യം. ഇതൊരു പ്രൊഫഷണൽ കാമറ ടീമിനെ ഏൽപ്പിച്ചാൽ അതിന്റെ വീഡിയോയും ഫോട്ടോകളും ഭംഗിയായി എടുത്തു തരും. ആ ഫൂട്ടേജുകളും ഫോട്ടോകളും മതി മാധ്യമങ്ങൾക്ക് ഈ സത്യപ്രതിജ്ഞ പുറംലോകത്തെ അറിയിക്കാൻ. ആര് ഷൂട്ട് ചെയ്താലും കിട്ടാൻ പോകുന്ന വിഷ്വലുകൾ തൊണ്ണൂറ് ശതമാനവും ഒന്ന് തന്നെയായിരിക്കും, പിന്നെ ഒരു ചേഞ്ചിന് വേണ്ടി ന്യൂസ് ഫോട്ടോ ഗ്രാഫർമാരെടുക്കുന്ന കാൻഡിഡ് ചിത്രങ്ങളും പ്രൊഫഷണൽ ഇവന്റ് കാമറ ടീം ഗംഭീരമായി എടുക്കും. എക്സ്ക്ലൂസീവ് ചിത്രങ്ങളും വിഷ്വലുകളും എന്ന വാശി മാധ്യമങ്ങൾ ഉപേക്ഷിച്ചാൽ സത്യപ്രതിജ്ഞാ ചടങ്ങിൽ അത്രയും ആള് കുറയും. ഈ പറഞ്ഞതിലും ആളുകളെ കുറക്കാൻ പറ്റുന്ന പരിപാടിയാണ് സത്യപ്രതിജ്ഞ സോഷ്യൽ മീഡിയയിലൂടെ ലൈവ് സ്ട്രീമിങ് ചെയ്യുതെന്നും ഫേവർ നിർദ്ദേശിക്കുന്നു.
ഇത്തരത്തിൽ വിമർശനങ്ങളായും നിർദ്ദേശങ്ങളായും അഭ്യർത്ഥനകളായുമൊക്കെ നിരവധി പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളിലെ ഇരട്ടതാപ്പിനെ പറ്റിയുള്ള ട്രോളുകളും വ്യാപകമാണ്. ആ ആവശ്യത്തെ പിന്തുണച്ചുകൊണ്ട് നിരവധി കമന്റുകളും ആ പോസ്റ്റുകൾ കീഴിൽ വരുന്നുണ്ട്. സർക്കാർ അനുകൂലികളും ഈ അവസരത്തിലെ സത്യപ്രതിജ്ഞാ മഹോൽസവത്തിന് എതിരായി അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നുണ്ട്. ഏറ്റവുമൊടുവിൽ സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞയ്ക്കെതിരെ ഐഎംഎയും രംഗത്ത് വന്നിട്ടുണ്ട്. ഇനി ഈ നിർദ്ദേശങ്ങളൊക്കെ സർക്കാർ കേൾക്കുമോ എന്ന് മാത്രമാണ് അറിയാനുള്ളത്.