കൊച്ചി: സോഷ്യൽ മീഡിയയിലെ എഴുത്തുകളെ പരിഹസിച്ച എഴുത്തുകാരൻ സന്തോഷ് എച്ചിക്കാനത്തിന് കടുത്ത വിമർശനം. പ്രമുഖ സാഹിത്യകാരന്മാർ അടക്കമുള്ളവാണ് വിമർശനവുമായി രംഗത്തെത്തിയത്. സന്തോഷ് ഏച്ചിക്കാനത്തോടുള്ള വിയോജിപ്പ് വ്യക്തമാക്കി സാഹിത്യകാരൻ ബെന്യാമിനും രംഗത്തെത്തി. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ബെന്യാനിന്റെ പ്രതികരണം. സൗഹൃദത്തിൽ വിയോജിപ്പിനു സാധ്യതയുണ്ടെങ്കിലും ഇല്ലെങ്കിലും വിയോജിപ്പ് പ്രകടിപ്പിക്കുന്നു എന്നായിരുന്നു ബെന്യാമിന്റെ പ്രതികരണം.

'സന്തോഷ് ഏച്ചിക്കാനം. സൗഹൃദത്തിൽ വിയോജിപ്പിനു സാധ്യതയുണ്ടെങ്കിൽ ഞാൻ താങ്കളോട് അഗാധമായി വിയോജിക്കുന്നു. ഇല്ലെങ്കിലും വിയോജിക്കുന്നു.' എന്ന വരികളാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ പരാമർശനത്തിനുള്ള മറുപടിയായി ബെന്യാമിൻ ഫേസ്‌ബുക്കിൽ കുറിച്ചത്.

'സോഷ്യൽ മീഡിയകളിലെ എഴുത്ത് വലിയ സംഭവമായി എനിക്ക് തോന്നിയിട്ടില്ല. അതു സാഹിത്യമായി വായിക്കുന്നവരെ സമ്മതിക്കണം. അവരെന്തിനാണ് പുസ്തകമിറക്കുന്നത്? അതിൽതന്നെ എഴുതിയാൽ പോരെ? ആത്മരതിയുടെ ഇടമാണ് സോഷ്യൽ മീഡിയ. ഗൗരവമുള്ള ചർച്ച നടക്കുമ്പോൾ ഏത് മണ്ടനും അതിൽ വന്ന് അതിലഭിപ്രായം പറയാം. ആ അഭിപ്രായവും ഇതിന്റെ ഭാഗമായിട്ടു മാറുകയാണ്' എന്നായിരുന്നു സന്തോഷ് ഏച്ചിക്കാനം സോഷ്യൽ മീഡിയയിലെ രചനകളെക്കുറിച്ച് പറഞ്ഞിരുന്നത്. പത്ര മാദ്ധ്യമത്തിലെ കോളത്തിൽ ഇത് പ്രസിദ്ധീകരിച്ച് വന്നതിനെത്തുടർന്ന് സോഷ്യൽ മീഡിയകളിൽ പ്രതിഷേധം ശക്തമാവുകയാണ്.

ഈ വിഷയത്തിലാണ് എഴുത്തുകാരൻ ബെന്യാമിനും വിയോജിപ്പുമായി രംഗത്തെത്തിയത്. ഏച്ചിക്കാനത്തിന്റെ പരാമർശത്തെത്തുടർന്ന് സോഷ്യൽ മീഡിയകൾ ഇല്ലായിരുന്നെങ്കിൽ 'ബിരിയാണി' പോലുള്ള കൃതികൾ പുറം ലോകം കാണില്ലായിരുന്നു എന്ന അഭിപ്രായവുമായി എത്തുന്നവരും കൂടുതലാണ്. വല്ലപ്പോഴും ഒരിക്കൽ നിങ്ങൾ ബിരിയാണിയിലൂടെ പറയുന്നത് സോഷ്യൽ മീഡിയയിലൂടെ പറയേണ്ട സമയത്ത് പറയുന്നവർ ഒരുപാടാണെന്നുമുള്ള അഭിപ്രായങ്ങളും സോഷ്യൽ മീഡിയയിൽ സജീവമാണ്.

അതേസമയം, സന്തോഷ് ഏച്ചിക്കാനത്തിന്റെ അഭിപ്രായത്തോട് എഴുത്തുകാരനായ സുസമേഷ് ചന്ദ്രോത്തും വിയോജിച്ചു. നവമാദ്ധ്യമങ്ങളിൽ സർഗാത്മകസാഹിത്യം മികച്ച രീതിയിൽ പ്രത്യക്ഷപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തുറന്നെഴുത്തുകൾക്ക് ലഭിക്കുന്ന നൂതനവേദിയെന്ന നിലയിൽ അച്ചടിമാദ്ധ്യമങ്ങളേക്കാൾ സോഷ്യൽ മീഡിയ ലിറ്ററേച്ചർ അവഗണിക്കാനാവാത്ത ഊർജം വായനക്കാർക്ക് പകരുന്നുണ്ടെന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്ക് പേജിലൂടെ പറഞ്ഞു.