തിരുവനന്തപുരം: അരുവിക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ എസ് ശബരിനാഥന്റെ വിജയം ഉറച്ചതിനു പിന്നാലെ തന്നെ സോഷ്യൽ മീഡിയയും 'തെരഞ്ഞെടുപ്പ് വിശകലനം' തുടങ്ങി. പരാജയപ്പെട്ട എൽഡിഎഫിനെയും ബിജെപിയെയും മാത്രമല്ല, വിജയിച്ച യുഡിഎഫിനെയും സോഷ്യൽ മീഡിയ വെറുതെ വിട്ടിട്ടില്ല.

കുറിക്കു കൊള്ളുന്ന പരിഹാസശരങ്ങളാണ് സോഷ്യൽ മീഡിയ എയ്തുവിടുന്നത്. വിജയപ്രതീക്ഷയുമായി അരുവിക്കര മണ്ഡലത്തിൽ എം വിജയകുമാറിനെ മത്സരിപ്പിച്ച് തോൽവി ഏറ്റുവാങ്ങിയ സിപിഎമ്മിനാണ് ഏറ്റവുമധികം പരിഹാസം ഏറ്റുവാങ്ങേണ്ടി വന്നത്.

പതിവുപോലെ സത്യൻ അന്തിക്കാടിന്റെ സന്ദേശം സിനിമയിലെ 'താത്വിക അവലോകനം' സിപിഎമ്മിന്റെ തോൽവിയെ വിമർശിക്കാൻ സോഷ്യൽ മീഡിയ ആയുധമാക്കുന്നുണ്ട്. അരുവിക്കരയിൽ ഞങ്ങൾ ജയിക്കുമെന്നു പറഞ്ഞു, അരുവിക്കര (പഞ്ചായത്തിൽ) ഞങ്ങൾ ജയിച്ചുവെന്നവകാശപ്പെടുന്ന പിണറായിയെയും സോഷ്യൽ മീഡിയ ചിത്രീകരിച്ചിട്ടുണ്ട്.

വീണ്ടും വീണ്ടും തോൽവി ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട ബിജെപി സ്ഥാനാർത്ഥി ഒ രാജഗോപാലിനെയും കണക്കറ്റു പരിഹസിച്ചിട്ടുണ്ട്. പരാജയം വിജയത്തിന്റെ മുന്നോടിയാണെന്നാണു ചൊല്ലെങ്കിലും അതു തിരുത്തിക്കുറിച്ച വ്യക്തിയാണ് രാജേട്ടനെന്നാണ് സൈബർ ലോകം പറയുന്നത്.

വിജയിച്ചെങ്കിലും യുഡിഎഫിനെയും കോൺഗ്രസിനെയും സോഷ്യൽ മീഡിയ വെറുതെ വിട്ടിട്ടില്ല. 'വെറുതെയല്ല നാട്ടിൽ കള്ളന്മാരു പെരുകുന്നത്. നല്ല പ്രോത്സാഹനമല്ലേ' എന്ന മീശമാധവൻ ഡയലോഗിട്ടാണ് യുഡിഎഫിനെ സൈബർ ലോകം വിമർശിക്കുന്നത്.

ഇതാ സോഷ്യൽ മീഡിയ ആഘോഷമാക്കുന്ന ചില പോസ്റ്റുകൾ...