കൊച്ചി: സമൂഹമാധ്യമങ്ങളിൽ സജീവമാകുന്ന സ്ത്രീകളെ കേന്ദ്രീകരിച്ച് അശ്ലീല പ്രചരണവുമായി വാട്‌സ് ആപ്പ് രഹസ്യഗ്രൂപ്പ്. 'അധോലോകം' എന്ന വാട്സ് ആപ്പ് ഗ്രൂപ്പിലൂടെയാണ് സ്ത്രീകളെ അപമാനിക്കുന്നതിന് സംഘം ആലോചനകൾ നടത്തുന്നതും പ്രചരിപ്പിക്കുന്നതും. കേരളത്തിനും കേരളത്തിനും പുറത്തുമുള്ള പെൺകുട്ടികളെയും വിദേശത്ത് ജോലി ചെയ്യുന്ന യുവതികളേയും അധിക്ഷേപിച്ചാണ് ഗ്രൂപ്പ് സജീവമാകുന്നത്.

സോഷ്യൽ മീഡിയയിൽ അഭിപ്രായ പ്രകടനങ്ങൾ പങ്കുവെയ്ക്കുന്ന പെൺകുട്ടികളുടെ ഫോൺ നമ്പറുകളും, ഈ മെയിൽ ഐ.ഡിയും തപ്പിയെടുത്താണ് പ്രചരണം അഴിച്ചുവിടുന്നത്. പെൺകുട്ടികളുടെ പ്രൊഫയിൽ ലിങ്ക് വരെ ഗ്രൂപ്പുകളിൽ ഷെയർ ചെയ്തുകൊണ്ടാണ് പ്രചരണം അഴിച്ചുവിടുന്നത്. ഇതിനു പിന്നാലെ പെൺകുട്ടികളുടെ ഫോണിലും സോഷ്യൽ മീഡിയ ഇൻബോക്സുകളിലും അശ്ലീല സന്ദേശങ്ങൾ നിറയ്ക്കാനും ആഹ്വാനം നൽകുന്നു.

ഇതേ പേരിൽ മറ്റൊരു ക്ലോസ്ഡ് ഫേസ്‌ബുക്ക് ഗ്രൂപ്പ് കൂടിയുണ്ട്. രാഷ്ട്രീയമായി വിയോജിക്കുന്നവരേയും നിലപാടുകൾ ഉറച്ചുപറയുന്ന പെൺകുട്ടികളേയും സൈബർ അശ്ലീല ആക്രമണത്തിലൂടെ തകർക്കുകയാണ് 'അധോലോകം' ഫേസ്‌ബുക്ക് ഗ്രൂപ്പിന്റെ രീതി. ചില ട്രോൾ ഗ്രൂപ്പുകളുടെ പിന്നിൽ പ്രവർത്തിക്കുന്നവരാണ് 'അധോലോകം' അശ്ലീലസംഘത്തിലെ അംഗങ്ങളെന്ന് പരാതിക്കാരായ പെൺകുട്ടികൾ പറയുന്നു. ഇതേ ട്രോൾ ഗ്രൂപ്പിൽ തന്നെ അംഗങ്ങളായ പെൺകുട്ടികളെയാണ് സാമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നതായി പരാതി നൽകിയിരിക്കുന്നത്. ഗ്രൂപ്പിനെതിരേ കൊല്ലം, എറണാകുളം, കോട്ടയം സ്വദേശിനികളായ പെൺകുട്ടികൾ ജില്ലാ പൊലീസ് മേധാവികൾക്കും സൈബർസെല്ലിനും തെളിവു സഹിതം പരാതി നൽകിയിട്ടുണ്ട്.

ഫേസ്‌ബുക്കിലെ ചില സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കെതിരേ പ്രതികരിച്ചതും സ്ത്രീപക്ഷ രാഷ്ട്രീയം പറഞ്ഞതുമാണ് തന്നെ അപമാനിക്കാൻ കാരണമായതെന്ന് പരാതിക്കാരിയായ ശാസ്താംകോട്ട സ്വദേശിനി പറഞ്ഞു. പരാതി നൽകിയതിനെ തുടർന്ന് ഭീഷണി ഫോൺകോളുകൾ വരുന്നുണ്ട്. ഫേസ്‌ബുക്കിൽ എന്തെങ്കിലും പോസ്റ്റ് ഇട്ടാലുടനെ നിരവധി മോശം കമന്റുകൾ അതിനു താഴെ വന്നതോടെയാണ് സംശയമുണ്ടായത്. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇങ്ങനെയൊരു ക്ലോസ്ഡ് ഗ്രൂപ്പ് ഉള്ളതായി അറിയാൻ കഴിഞ്ഞത്.

'അധോലോകം' എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പിനെതിരേ ലഭിച്ച പരാതിയിൽ അന്വേഷണം ആരംഭിച്ചതായി കൊച്ചി സിറ്റി പൊലീസ് സൈബർ സെൽ ഇൻ ചാർജ് വൈ.ടി. പ്രമോദ് പറഞ്ഞു. ഗ്രൂപ്പിന്റെ അഡ്‌മിന് എതിരേയാണ് പ്രാഥമിക അന്വേഷണം. കേസിന്റെ അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ച ശേഷം സാമൂഹിക മാധ്യമങ്ങൾ വഴി സ്ത്രീകളെ അപമാനിച്ചതിനും സൈബർ ആക്ട് പ്രകാരവും പ്രതികളായവർക്കെതിരേ കേസെടുക്കുമെന്ന് വൈ.ടി. പ്രമോദ് അറിയിച്ചു.