തിരുവനന്തപുരം: ഇതെന്നെ ഏറെ വേദനിപ്പിക്കുന്നു. ഇതൊന്നും ഇന്ത്യയിൽ നടക്കരുതേ എന്നാണ് ഞാൻ വിചാരിക്കുന്നത്. ഇതെല്ലാം ഇന്ത്യയിൽ നടക്കുന്നുണ്ടെങ്കിൽ, ഇത് എന്റെ ഇന്ത്യയല്ല. എന്റെ ഇന്ത്യ പുരോഗമനപരവും ദയാവായ്പുള്ളതുമാകണം' എന്നാണ് മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതക വിഷയത്തിൽ എ.ആർ റഹ്മാൻ അഭിപ്രായപ്പെട്ടത്. 

ഇതേ തുടർന്നാണ് എ.ആർ റഹ്മാനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വിമർശനവുമായി ഒരുവിഭാഗം രംഗത്തെത്തിയത്.മതംമാറ്റാൻ ആളെ കിട്ടാത്തതാണ് റഹ്മാന്റെ പ്രതികരണത്തിന് കാരണമെന്നാണ് ഫേസ്‌ബുക്കിൽ പ്രത്യക്ഷപ്പെട്ട കമന്റുകളിലൊന്ന്. റഹ്മാൻ രാജ്യം വിട്ടു പോയാൽ നഷ്ടമൊന്നുമില്ലെന്ന് മറ്റൊരാൾ. റഹ്മാൻ പാശ്ചാത്യ സംഗീതം കോപ്പിയടിച്ച് ആളായതാണെന്നാണ് മറ്റൊരാളുടെ ആക്ഷേപം. അഭിപ്രായ പ്രകടനത്തിലൂടെ വാർത്ത സുഷ്ടിച്ച് പണം വാരാനുള്ള ബിസിനസ് മൈൻഡ് എന്ന് മറ്റൊരാൾ. റഹ്മാൻ പാക്കിസ്ഥാനിലേക്കോ സിറിയയിലേക്കോ പോകണമെന്ന് മറ്റൊരാളുടെ ആഹ്വാനം.

ഗൗരിയുടെ കൊലപാതകത്തിൽ താൻ അതീവ ദുഃഖിതനാണെന്ന് റഹ്മാൻ പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്നാണ് പ്രതീക്ഷ. ആവർത്തിച്ചാൽ ഇത് എന്റെ ഇന്ത്യയല്ലറഹ്മൻ പറഞ്ഞു. വൺ ഹേർട്ട്: എ.ആർ റഹ്മാൻ കൺസേർട്ട് എന്ന സിനിമയുടെ പ്രീമിയർ ഷോയുമായി ബന്ധപ്പെട്ട് മുംബൈയിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു റഹ്മാന്റെ പ്രതികരണം.