തിരുവനന്തപുരം: അമിതമായ മദ്യപാനം ഒരു സാമൂഹ്യ വിപത്തു തന്നെയാണ്. മദ്യത്തിന്റെ അമിതോപയോഗത്തിൽ ജീവിതം നഷ്ടപ്പെട്ടവരും കുടുംബം തകർന്നവരും നിരവധിയാണ്. ഇന്നത്തെ പത്രവാർത്തയിൽ തന്നെ മദ്യലഹരിയിൽ കത്തികുത്തുണ്ടായി രണ്ട് യുവാക്കൾ മരിച്ചെന്ന വാർത്തയുണ്ട്. ഇങ്ങനെ നിരവധി സംഭവങ്ങൾ നിത്യേന നമ്മുടെ ജീവിത്തിലൂടെ കടന്നുപോകുമ്പോഴും മദ്യത്തോടുള്ള മലയാളികളുടെ ആസക്തിയിൽ കാര്യമായ കുറവില്ല. മദ്യലഭ്യത കുറയ്ക്കുന്നതിനായി ബാറുകൾ അടച്ചുപൂട്ടിയും ബീവറേജസ് ഔട്ട്‌ലറ്റുകൾ വെട്ടിക്കുറിച്ചും സർക്കാർ നടപടി സ്വീകരിച്ചെങ്കിലും ഇത് മദ്യപാനത്തെ കുറയ്ക്കാൻ സഹായകമായ വിധത്തിലേക്ക് എത്തിയിട്ടില്ല. ഇതേക്കുറിച്ചുള്ള ചർച്ചകളൊക്കെ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഏറ്റവും ഒടുവിൽ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നതും മദ്യപാനത്തെ കുറിച്ചാണ്. ഇത്തവണ ചർച്ചക്ക് ആധാരം നടി ഉർവശി മദ്യലഹരിയിൽ നിയമസഭയിൽ ഒരു പരിപാടിയുടെ ഉദ്ഘാടനത്തിന് എത്തിയതാണ്.

ഇടതു വനിതാ സംഘടനയുടെ പരിപാടിയുടെ ഉദ്ഘാടനത്തിനെത്തിയ നടി മദ്യലഹരിയിൽ ചടങ്ങ് അലങ്കോലമാക്കിയതോടെ സോഷ്യൽ മീഡിയയിലും തർക്കം കൊഴുക്കുകയാണ്. ഉർവശിയുടെ മദ്യപാനം സോഷ്യൽ മീഡിയയിലും മാദ്ധ്യമങ്ങളിലും ആഘോഷമാക്കിയതിന് എതിരെ ഒരു വിഭാഗം രംഗത്തെത്തിയപ്പോൾ മറിച്ചൊരു വിഭാഗവും രംഗത്തെത്തി. ചുംബന സമരത്തിനെതിരെ രംഗത്തെത്തിയ സോഷ്യൽ മീഡിയയിലെ സദാചാര വാദികൾ ഉർവ്വശിയെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് പോസ്റ്റുകളും മറ്റുമായി രംഗത്തെത്തിയത്. സ്ത്രീകൾ മദ്യപിക്കരുതെന്ന് ഇവർ പറയുന്നു. കൂടാതെ ഇതിനെ പരസ്യമായി അധിക്ഷേപിക്കുകയും ചെയ്തു. ഇങ്ങനെ ഇതേക്കുറിച്ച് സോഷ്യൽ മീഡിയയിൽ രണ്ടഭിപ്രായമാണ് രൂപപെട്ടിരിക്കുന്നത്.

ഉർവശിയുടെ മദ്യപാനം ആഘോഷമാക്കുന്നവരോട് ഒരു വിഭാഗം ചോദിക്കുന്നത് മലയാള സിനിമയിലെ സൂപ്പർതാരങ്ങളും മലയാളത്തിലെ ഒരുവിഭാഗം സംവിധായകരും മദ്യലഹരിയിൽ പൊതുവേദിയിൽ എത്തിയ വീഡിയോ തന്നെ ഉണ്ട്. ഇതിലൊന്നും വലിയ പ്രാധാന്യം കാണാത്തവർ എന്തുകൊണ്ടാണ് ഉർവശിയെ മാത്രം കുറ്റപ്പെടുത്തുന്നതെന്നാണ്. ഒരു സ്ത്രീ മദ്യപിക്കുന്നു എന്നതാണ് ഇത്തരക്കാരുടെ പ്രശ്‌നമെന്നും ഇക്കൂട്ടർ കുറ്റപ്പെടുന്നു. ഉർവശിയെ ഈ അവസ്ഥയിൽ ആക്കാൻ കാരണക്കാരായത് പരിപാടിയുടെ സംഘാടകരാണെന്നും ചിലർ കുറ്റപ്പെടുത്തുന്നു. സിന്ധു ജോയി അടക്കമുള്ളവർ ഇക്കാര്യത്തിൽ ഉർവശിയുടെ പക്ഷത്താണ്. സിന്ധു ജോയി ഇതേക്കുറിച്ച് ഫേസ്‌ബുക്കിൽ അഭിപ്രായം രേഖപ്പെടുത്തിയത് ഇങ്ങനെയാണ്:

ഒരു നടി പൊതു ചടങ്ങിൽ മദ്യപിച്ചെത്തിയ വാർത്ത! സാമൂഹിക മാദ്ധ്യമങ്ങളിൽ ആക്ഷേപരൂപത്തിൽ നിറഞ്ഞാടുകയാണ്..നടി അമിതമായി മദ്യപിച്ചു എന്ന് ബോധ്യപെട്ടാൽ അവരെ ആ ചടങ്ങിൽ നിന്ന് മാറ്റി നിർത്താമായിരുന്നു. അമിതമായ മദ്യപാനം വിഷാദത്തിന്റെയും ഉത്കണ്0 യുടെയും ഒക്കെ ബാക്കിപത്രമാണ്. മാനസിക പിരിമുറുക്കങ്ങൾ തരണം ചെയ്യാൻ ചെറുതായി ആരംഭിക്കുന്ന ഉപഭോഗമാണ് ഒരു മുഴു മദ്യപാനിയെ സൃഷ്ടിക്കുന്നത്. ഓരോ വ്യക്തികൾക്കും അവരുടെതായ നിരവധി പ്രശ്‌നങ്ങൾ ഉണ്ടാകും. നമ്മുടെ കുടുംബത്തിലെ ഒരു അംഗത്തിനാണ് ഈ അവസ്ഥ ഉണ്ടായതെങ്കിൽ നമ്മളവരെ ഇങ്ങനെ പരിഹസിക്കുമായിരുന്നോ? ഇത്തരക്കാരെ ആക്ഷേപിക്കുന്നതിന് പകരം അവർക്ക് ആവശ്യമായ പിന്തുണയും സാന്ത്വനവും നല്കാൻ നാം തയ്യാറാകണം. ഈ തിരിച്ചറിവും മാനസികാരോഗ്യ സാക്ഷരതയും നാം എന്നാണ് നേടിയെടുക്കുക?
N.B- I am Completely against Liquor Consumption .My position on this stand is fairly Psychological not Political .I am a 'Counselling Psychology' Student.I like to hold up Psychological fitnsse

സിന്ധു ജോയിയുടെ അഭിപ്രായത്തെ പിന്തുണക്കുന്നവരാണ് നിരവധി പേർ. ഇതിലും നാണംകെട്ട സംഭവങ്ങൾക്ക് കേരള നിയമസഭ സാക്ഷ്യം വഹിച്ചിട്ടുണ്ട് എന്നതിനാൽതന്നെ, ഉർവശിയെ കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ലെന്നാണ് ഇവര് പറയുന്നത്. എന്നാൽ, ഈ വാദത്തെ എതിർക്കുന്നവരും നല്ലൊരു ശതമാനം ഉണ്ട്. കൈരളി ചാനലിൽ കുടുംബം നന്നാക്കുന്ന പരിപാടി അവതരിപ്പിക്കാൻ ഉർവശിക്ക് എന്ത് ധാർമ്മികതയാണ് ഉള്ളതെന്ന് ചോദിക്കുകയാണ് ഇത്തരക്കാർ. ഇക്കൂട്ടരിൽ ഒരാളുടെ കമന്റ് ഇങ്ങനെ:

അല്ല ഈ നടിയല്ലേ ഒരു ചാനലിൽ വന്നിരുന്നു മറ്റുള്ളവരുടെ പ്രശ്‌നങ്ങള്ക്ക് തീർപ്പു കൽപ്പിക്കാൻ ഘോര ഘോരം വാദിക്കുന്നത്. കള്ളുകുടിക്കുന്നതും കുടിക്കാത്തതും ഒക്കെ അവരവരുടെ ഇഷ്ട്ടം അത് കുടിച്ചിട്ട് വീട്ടിൽ ഇരിക്കണം അല്ലാണ്ട് റോഡിൽ ഇറങ്ങി പ്രസംഗിക്കാൻ നിന്നാൽ സിനിമാ താരം ആണെന്ന് ഒന്നും നാട്ടുകാർ നോക്കില്ല. ഒരു സെലെബ്രിടി ആണെന്നുള്ള ചിന്ത കാണിക്കുന്നവർക്കും വേണം.

അതിനിടെ മദ്യപിച്ച് പരിപാടി അലങ്കോലമാക്കിയ പരിപാടിയുടെ പേര് നൽകാതെ റിപ്പോർട്ട് ചെയ്ത മാദ്ധ്യമങ്ങളെ വിമർശിച്ചുകൊണ്ടും മറ്റൊരു വിഭാഗം രംഗത്തുണ്ട്. നടിയുടെ പേര് വെൡപ്പെടുത്താതെ അപൂർണ്ണമായ റിപ്പോർട്ടിനെ വിമർശിക്കുകയാണ് ഇവർ. ഉർവശിയുടെ മദ്യപാനത്തെ കളിയാക്കിക്കൊണ്ടുള്ള പോസ്റ്റുകളുമുണ്ട്. ഇതിന് സ്ഫടികം സിനിമയെയാണ് ചിലർ കൂട്ടുപിടിക്കുന്നത്. സ്ഫടികത്തിലെ നായകനായ ആടുതോമയാണ് ഉർവ്വശിയെ മദ്യപാനം പഠിപ്പിച്ചതെന്നാണ് ഇവരുടെ പക്ഷം.