- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിലെ കുഞ്ഞു മുഹമ്മദിന് 18 കോടിയുടെ മരുന്നു വാങ്ങാൻ വേണ്ടിയുള്ള ഫണ്ട് സമാഹരണത്തിൽ കൈ അയച്ച് സഹായിച്ചു മലയാളികൾ; ലോകത്തെ ഏറ്റവും വിലകൂടിയ മരുന്നു വാങ്ങാൻ വേണ്ടിയുള്ള ധനസമാഹരണത്തിൽ ഇതുവരെ ലഭിച്ചത് 14 കോടി രൂപ; ഇനിയും വേണ്ടത് നാല് കോടി കൂടി
കണ്ണൂർ: ജനിതക വൈകല്യംമൂലം ഉണ്ടാകുന്ന സ്പൈനൽ മസ്കുലാർ അട്രോഫിയെന്ന അപൂർവരോഗം പിടിപ്പെട്ട കണ്ണൂരിലെ ഒന്നര വയസുകാരൻ മുഹമ്മദിന് മരുന്നു വാങ്ങാൻ വേണ്ടയുള്ള ധന സമാഹരണത്തിൽ കൈ അയച്ചു സഹായം ചെയ്തു മലയാളികൾ. ലോകത്തിന്റെ വിവിധ ഭാഗത്തുള്ള മലയാളികളാണ് ഒന്ന വയസുകാരന് മരുന്നു വാങ്ങാൻ വേണ്ടിയുള്ള ധനസമാഹരണത്തിൽ പങ്കാളികളായത്. സഹായ കാമ്പയിന് മികച്ച പ്രതികരണം ഉണ്ടായത് പലരും കൈ അയച്ചു തന്നെ സഹായിച്ചു. ഇതോടെ ഇതുവരെ സുമനസുകളിൽ നിന്നു 14 കോടി രൂപ ലഭിച്ചിട്ടുണ്ട്. ഇനി 4 കോടി രൂപ മാത്രം മതിയെന്ന് ബന്ധപ്പെട്ടവർ അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ലോകത്തിലെ ഏറ്റവും വിലകൂടിയ മരുന്നിന് 18 കോടി രൂപയാണ് ആവശ്യമായുള്ളത്. സിനിമ രംഗത്തെ സെലബ്രിറ്റികൾ അടക്കമുള്ളവർ ധനസഹായം നൽകണമെന്ന ആവശ്യവുമായി രംഗത്തുവന്നിരുന്നു. ഇതോടെ സൈബർ ഇടത്തിലെ വൈറലായ കാമ്പയിനായി ഇത് മാറുകയും ചെയ്തു. ഇതോടെയാണ് ആവശ്യത്തിന് പണം ഒഴുകി എത്തിയത്. പതിനായിരം കുട്ടികളിൽ ഒരാൾക്ക് മാത്രം വരുന്ന ജനിതക വൈകല്യംമൂലം ഉണ്ടാകുന്ന സ്പൈനൽ മസ്കുലാർ അട്രോഫിയെന്ന അപൂർവരോഗമാണ് മുഹമ്മദിന്. രോഗം ബാധിച്ച് നടക്കാനാവാത്ത സ്ഥിതിയിലാണ് കുഞ്ഞ്.
മുഹമ്മദിന്റെ സഹോദരി 15 വയസ്സുകാരി അഫ്രക്ക് നേരത്തെ ഈ അസുഖം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഈ കുടുംബത്തെ ഇരുട്ടിലാക്കി രോഗം വിധിയുടെ രൂപത്തിൽ വീണ്ടുമെത്തിയത്. കുട്ടിയുടെ മാതാപിതാക്കളായ റഫീഖും മറിയുമ്മയും മക്കളുടെ ജീവൻ രക്ഷിക്കാൻ ലക്ഷങ്ങൾ ചെലവിട്ടു കഴിഞ്ഞു. രണ്ട് വയസ്സിനുള്ളിൽ മരുന്ന് നൽകിയാൽ മാത്രമേ അസുഖം ഭേദമാവുകയുള്ളൂ. ഏറെനാളത്തെ ചികിത്സക്കു ശേഷം നാലാമത്തെ വയസ്സിലാണ് മൂത്തമകൾ അഫ്രക്ക് സ്പൈനൽ മസ്കുലാർ അട്രോഫിയാണെന്ന് തിരിച്ചറിഞ്ഞത്. അപ്പോഴേക്കും ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലായിരുന്നു.
ചക്രക്കസേരയിൽ അനങ്ങാൻ പോലും പ്രയാസപ്പെടുന്ന അഫ്ര, തന്റെ കുഞ്ഞനുജനും ഈ അവസ്ഥ വരരുതെന്ന പ്രാർത്ഥനയിലാണ്. മരുന്ന് നൽകിയാൽ കുഞ്ഞ് രക്ഷപ്പെടുമെന്ന് കുട്ടിയെ ചികിത്സിക്കുന്ന കോഴിക്കോട് മിംസിലെ ഡോക്ടർമാർ ഉറപ്പുനൽകിയിട്ടുണ്ട്. ഗൾഫിൽ എ.സി ടെക്നീഷ്യനായ റഫീഖ് ലോക്ഡൗണിനെ തുടർന്ന് നാട്ടിൽ കുടുങ്ങിയിരിക്കുകയാണ്. മക്കളിൽ രണ്ടുപേർക്കും അപൂർവരോഗം വന്നതിന്റെ വേദനയിലാണ് കുടുംബം. കൈയിലുള്ളതെല്ലാം വിറ്റും കടം വാങ്ങിയും ചികിത്സ നടത്തിയ കുടുംബത്തെ സംബന്ധിച്ച്, മകന്റെ ജീവൻ രക്ഷിക്കാനുള്ള മരുന്നിന്റെ ചെലവിനെക്കുറിച്ച് ആലോചിക്കാൻപോലും കഴിയാത്ത അവസ്ഥയിലാണ്.
മാട്ടൂൽ ഗ്രാമവാസികൾ ജനകീയ കമ്മിറ്റി രൂപവത്കരിച്ച് ധനസമാഹരണം തുടങ്ങിയിട്ടുണ്ട്. ഇത്രയുംവലിയ തുക കണ്ടെത്തണമെങ്കിൽ കാരുണ്യമതികളുടെ സഹായംകൂടിയേ തീരൂ. അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്യേണ്ട മരുന്നിനുള്ള ധനശേഖരണത്തിനായി സമൂഹ മാധ്യമങ്ങളിലടക്കം കാമ്പയിൻ തുടങ്ങിയിട്ടുണ്ട്. കുഞ്ഞിനെ സഹായിക്കുന്നതിന് കേരള ഗ്രാമീൺ ബാങ്ക് മാട്ടൂൽ ശാഖയിൽ മാതാവ് പി.സി. മറിയുമ്മയുടെ പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
അക്കൗണ്ട് നമ്പർ: 40421100007872. ഐ.എഫ്.എസ്.സി: KLGB0040421. ബ്രാഞ്ച് കോഡ്: 40421. പേര്: പി.സി. മറിയുമ്മ. ബാങ്ക്: കേരള ഗ്രാമീൺ ബാങ്ക് മാട്ടൂൽ ശാഖ. ഗൂഗ്ൾ പേ നമ്പർ: 8921223421.
മറുനാടന് ഡെസ്ക്