- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇതാണ് ശരിക്കുള്ള നവോത്ഥാനം, ആര്യമാർ ഭരിക്കട്ടെ! 21കാരിയെ തിരുവനന്തപുരം നഗര മേയറാക്കിയ സിപിഎം തീരുമാനത്തിന് രാഷ്ട്രീയം മറന്ന് സോഷ്യൽ മീഡിയയുടെ കൈയടി; മറ്റ് പ്രസ്ഥാനങ്ങൾ മാതൃകയാക്കേണ്ട കാര്യമെന്ന് അഭിനന്ദനം; വ്യക്തിക്കപ്പുറം പാർട്ടിക്കാണ് പ്രാധാന്യം, പിണറായി വലിയ മാതൃകയെന്ന് ആര്യ രാജേന്ദ്രനും
തിരുവനന്തപുരം: ഇതാണ് ശരിക്കുള്ള നവോത്ഥാനം..! സംസ്ഥാനത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിന്റെ മേയർ സ്ഥാനത്ത് 21കാരിയായ ആര്യ രാജേന്ദ്രനെ മേയറാക്കിയ സിപിഎം തീരുമാനത്തിന് സോഷ്യൽ മീഡിയ കൈയടിക്കുന്നത് ഇങ്ങനയാണ്. രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറെന്ന ബഹുമതിയാണ് ആര്യയെ കാത്തിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് രാഷ്ട്രീയം മറന്ന് ആര്യക്ക് കൈയടി ലഭിക്കുന്നത്. യുഡിഎഫ് നേതാക്കളും അണികളും അടക്കമുള്ളവർ ആര്യയെ മേയറാക്കിയ തീരുമാനത്തിന് കൈയടി നൽകി.
അടുത്തകാലത്തായി സിപിഎം നടത്തിയ രാഷ്ട്രീയ നീക്കമാണ് ഇതെന്ന് പൊതുവേ വിലയിരുത്തപ്പെടുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ അടക്കം യുവാക്കൾക്ക് കൂടുതൽ പങ്കാളിത്തം നൽകാനാണ് സിപിഎം ശ്രമം. യുവാക്കളെ പാർട്ടിയിലേക്ക് അടുപ്പിക്കുക എന്നതാണ് ഇതിലെ പ്രധാന ലക്ഷ്യവും. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത് സിപിഎമ്മിന് ഉയർത്തിക്കാട്ടാനുള്ള നേട്ടമാകും.യഥാർഥ നവോഥാനം എന്നു നിരവധി പേർ ഫേസ്ബുക്കിൽ കുറിച്ചപ്പോൾ ചിലർ യുഡിഎഫ് പഠിക്കേണ്ട കാര്യമാണെന്നാണ് പൊതുവേ ചൂണ്ടിക്കാട്ടിയത്.
21 വയസ്സുകാരി ആര്യ രാജേന്ദ്രൻ മേയറാകുമ്പോൾ യുഡിഎഫ് പാളയത്തിൽ ചർച്ചകൾ കൊഴുക്കുമെന്നും ഉറപ്പാണ്. തലമുറമാറ്റം, യുവജനങ്ങൾക്ക് കൂടുതൽ പ്രാധാന്യം എന്നിങ്ങനെ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഉയർന്നുവരാറുള്ള സ്ഥിരം മുറവിളികൾ ശക്തമാകാനും ഇത് ഇടയാക്കും. 'ആര്യാ രാജേന്ദ്രനെ തിരുവനന്തപുരം മേയറാക്കാൻ സിപിഎം തീരുമാനം. 21 വയസാണ്, എസ്എഫ്ഐ നേതാവാണ്, പക്വതയെത്താത്ത കുട്ടിയാണ് എന്നൊക്കെ പറയലാണ് എളുപ്പം. പക്ഷെ എന്തു ചെയ്യാം. ഈ പാർട്ടി ഇപ്പോ ഇങ്ങനെയൊക്കെയാണ്. വിമർശനങ്ങൾ വന്നോട്ടെ, കാര്യങ്ങൾ ഉഷാറായി നടക്കട്ടെ എന്നായിരിക്കുന്നു. സഖാവ് ആര്യയ്ക്ക് അഭിനന്ദനങ്ങൾ.' ചിത്രം പങ്കുവച്ച് ഫേസ്ബുക്കിൽ ഇത്തരത്തിലുള്ള അഭിനന്ദനകുറിപ്പുകൾ നീളുകയാണ്.
യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയും ആര്യയുടെ നേട്ടത്തെ അഭിനന്ദിച്ചു. യുഡിഎഫ് മുന്നോട്ടുവയ്ക്കുന്ന ആശയത്തോട് ചേർന്നുനിൽക്കുന്നതാണ് ഈ തീരുമാനമെന്നാണ് ഫിറോസ് അഭിപ്രായപ്പെട്ടത്. യുവാക്കൾ മുന്നോട്ടുവരണ്ട ആവശ്യകതയെ കുറിച്ച് അവർ ശ്രദ്ധിച്ചിരിക്കുന്നു. ഇപ്പോൾ നിയമസഭ നോക്കിയാൽ നിങ്ങൾക്ക് മനസിലാകും ചെറുപ്പക്കാരുടെ വൻനിര തന്നെ യുഡിഎഫിന് ചൂണ്ടിക്കാണിക്കാം. എൽഡിഎഫ് എംഎൽഎമാരെക്കാൾ പ്രായം കുറഞ്ഞ മിടുക്കരായ ഒട്ടേറെ പേർ യുഡിഎഫ് എംഎൽഎമാരായി സഭയിലുണ്ട്.
ലോക്സഭയിലും യുവാക്കൾക്ക് വലിയ പ്രാധാന്യം ഇത്തവണ പാർട്ടി നൽകിയിരുന്നു. അതിന്റെ വിജയവും കണ്ടു. 21 വയസുകാരി മേയർ ആകുന്നു എന്നതിനാെപ്പം തന്നെ വരും ദിവസങ്ങളിൽ അവരുടെ പ്രവർത്തനവും ഭരണവും കേരളം ചർച്ചചെയ്യും. പ്രായം മാത്രമല്ലല്ലോ വിലയിരുത്തലിന്റെ മാനദണ്ഡം. അവരുടെ പ്രകടനവും വിലയിരുത്തേണ്ടതുണ്ട്. എന്തായാലും രാഷ്ട്രീയ രംഗത്തേക്ക് കൂടുതൽ യുവജനത എത്തുന്നു. പാർട്ടികൾ യുവാക്കൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നു എന്നത് സ്വാഗതാർഹമാണ്.' ഫിറോസ് പറയുന്നു.
അതേസമയം വ്യക്തിക്കപ്പുറം പാർട്ടിക്കാണ് പ്രാധാന്യമെന്ന് ആര്യ രാജേന്ദ്രൻ പ്രതികരിച്ചു. ഏറ്റവും പ്രായം കുറഞ്ഞയാൾ എന്നതിനപ്പുറം സംഘടനാഭാരവാഹി എന്ന വലിയൊരു ഉത്തരവാദിത്തമുണ്ട്. വാർഡിലെ കാര്യവും പഠനവും ഒരുമിച്ച് കൊണ്ടു പോകും. സഹപാഠികളും അദ്ധ്യാപകരും സഹായിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിൽ മത്സരിച്ചത് പാർട്ടി പറഞ്ഞാണ്. പാർട്ടിയെ അംഗീകരിക്കാൻ പഠിക്കുക എന്നുപറഞ്ഞാണ് അച്ഛൻ വളർത്തിയിട്ടുള്ളത്. വ്യക്തി എന്നതിനപ്പുറം പാർട്ടിക്കാണ് പ്രാധാന്യമെന്നും ആര്യ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ വലിയ മാതൃകയാണെന്നും ആര്യ പറഞ്ഞു.
കാലപ്പഴക്കം ചെന്ന തലച്ചോറും അധികാര മോഹവുമായി നടക്കുന്ന കടക്കിഴവന്മാർ ഭരണത്തിൽ അള്ളിപ്പിടിച്ചു ഇരിക്കുന്ന, യുവാക്കൾക്ക് അവസരം നിഷേധിക്കുന്ന കാഴ്ച കാണുന്നുണ്ടെന്നും അവർക്കൊക്കെ ഈ തീരുമാനം അടുത്ത തെരഞ്ഞെടുപ്പിൽ വലിയൊരു തിരിച്ചടിയാകുംമെന്നുമായിരുന്നു ഫേസ്ബുക്ക് പോസ്റ്റിൽ ഹരീഷ് വാസുദേവൻ ആര്യയുടെ നേട്ടത്തെ കുറിച്ചു പ്രതികരിച്ചത്.
ഹരീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
ആര്യ രാജേന്ദ്രൻ 21 വയസ്സിൽ മേയർ ആകുമ്പോൾ.
21 വയസ്സുള്ള ആര്യ തിരുവനന്തപുരത്തിന്റെ മേയറായി വരുന്നു എന്ന വാർത്ത കേട്ടപ്പോൾ ഞാനാദ്യം ചിന്തിച്ചത് ഭരണാനുഭവങ്ങളില്ലാത്ത ഈ കുട്ടി 21 വയസിൽ എന്ത് ചെയ്യാനാണ് എന്നാണ്. അതൊരു അമ്മാവൻ സിൻഡ്രോം ആണെന്ന് അടുത്ത മിനുട്ടിൽ തിരിച്ചറിഞ്ഞു. 25 വയസിനു മുൻപ് മാത്രം ചെയ്യാൻ കഴിയുന്ന പലതും ഉണ്ട്. നാടിനു ആവശ്യമുള്ള പലതും 30 ഓ 40 ഓ കഴിഞ്ഞാൽ ചെയ്യാൻ പറ്റിയെന്നു വരില്ല.
അധികാരത്തിന്റെ സ്ഥാനങ്ങളോട്, തെറ്റായ കീഴ്വഴക്കങ്ങളോട് കോമ്പ്രോമൈസ് ചെയ്യാൻ സാധ്യത ഏറ്റവും കുറവ് 30 വയസിനു മുൻപാണ്. ശരിയെന്നു തോന്നുന്ന തീരുമാനങ്ങൾ ചടുലമായി നടപ്പാക്കാൻ കഴിയുന്ന പ്രായമാണ് അത്. അഴിമതിയും സ്ഥാനമോഹവും ഒക്കെ മനസിൽ പോലും വളരാത്ത പ്രായമാണ് 21.
കോർപ്പറേഷനിലെ നയപരമായ തീരുമാനങ്ങൾ എല്ലാം എടുക്കുന്നത് LDF ൽ പാർട്ടിയും മുന്നണിയും ആണ്. മേയർക്ക് അത് നടപ്പാക്കേണ്ട ചുമതല മാത്രമേ ഉള്ളൂ. അതിനാൽ ഭരണപരിചയമില്ലായ്മ ഒരു കുഴപ്പമാവില്ല. ജനങ്ങളുടെ ആവശ്യങ്ങൾ നേരിട്ടിറങ്ങി കണ്ടറിഞ്ഞു തീരുമാനങ്ങൾ എടുക്കാനുള്ള നേതൃപാടവവും തുറന്ന മനസും ധൈര്യവും ഒക്കെയാണ് മേയർക്ക് വേണ്ടത്. ഊർജ്ജസ്വലതയും. മുൻപ് VK പ്രശാന്ത് എന്ന ചെറുപ്പക്കാരനെ മേയറാക്കുക വഴി CPIM തിരുവനന്തപുരത്ത് ഈ മോഡൽ വിജയമാണ് എന്നു കാണിച്ചതാണ്. മാലിന്യ സംസ്കരണം മുതൽ പല കാര്യങ്ങളിലും മാതൃകയാക്കി
കേരളത്തിലെ തന്നെ ഏറ്റവും നല്ല മേയറായി VK പ്രശാന്ത് പേരെടുത്തു.
സംഘടനാ രംഗത്തെ പ്രവർത്തനം കൊണ്ട് അനുഭവജ്ഞാനം ആര്യക്ക് ഉണ്ടാകും. അത് കൈമുതലാക്കി വലിയ നേട്ടങ്ങളിലേക്ക് തിരുവനന്തപുരത്തെ നയിക്കാൻ ആര്യക്ക് കഴിഞ്ഞേക്കും. തെറ്റുകൾ ചൂണ്ടിക്കാണിച്ചാൽ തിരുത്താനുള്ള സൗമനസ്യവും ഈഗോ കുറഞ്ഞ അവസ്ഥയും ഈ യുവത്വത്തിന്റെ അധികഗുണമാണ്.
ചെറുപ്പക്കാരെ നേതൃത്വത്തിലേക്ക് കൊണ്ടുവരാൻ എടുത്ത CPIM ന്റെ നിലപാട് അഭിനന്ദിക്കേണ്ടതാണ്. കാലപ്പഴക്കം ചെന്ന തലച്ചോറും അധികാര മോഹവുമായി നടക്കുന്ന കടക്കിഴവന്മാർ ഭരണത്തിൽ അള്ളിപ്പിടിച്ചു ഇരിക്കുന്ന, യുവാക്കൾക്ക് അവസരം നിഷേധിക്കുന്ന കാഴ്ച നാം ചുറ്റിനും കാണുന്നുണ്ടല്ലോ. അവർക്കൊക്കെ ഈ തീരുമാനം അടുത്ത തെരഞ്ഞെടുപ്പിൽ വലിയൊരു തിരിച്ചടിയാകും. അവരൊക്കെ ഇനിയെങ്കിലും ഇതൊക്കെ കണ്ട് പഠിക്കേണ്ടതാണ്. കൂടുതൽ ചെറുപ്പക്കാർക്ക് ഭരണത്തിൽ അവസരം നൽകേണ്ടതാണ്.
21 വയസുള്ള സ്ത്രീകളൊക്കെ നാട് തന്നെ ഭരിച്ചു തുടങ്ങുമ്പോൾ വീടുകളിൽ പാട്രിയർക്കിക്ക് കിട്ടുന്ന അടി ചെറുതല്ല. സ്ത്രീ ശാക്തീകരണത്തിന്റെ ആയിരം സെമിനാറുകളെക്കാൾ ഗുണം ഇതിനുണ്ട്. വീടുകളിൽ സ്വന്തം പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അഭിപ്രായ സ്വാതന്ത്ര്യം പോലുമില്ലാതെ 21 വയസുള്ള സ്ത്രീകൾക്ക് ഇതിലൂടെ കിട്ടുന്ന ആത്മബലവും ഊർജ്ജവും ചെറുതാകില്ല. വീട്ടിലെ പാട്രിയർക്കിയുടെ പത്തി അൽപ്പം താണു തുടങ്ങും. ഇനി ആര്യമാർ നമ്മെ ഭരിക്കട്ടെ.
രാജ്യത്ത് തന്നെ മേയറാകുന്ന ഏറ്റവും പ്രായം കുറഞ്ഞയാളായ ആര്യ മുടവന്മുകൾ കൗൺസിലറാണ്. ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയായിരുന്നു. ഓൾ സെയിന്റ്സ് കോളജിലെ ബിഎസ്സി മാത്തമാറ്റിക്സ് വിദ്യാർത്ഥിനിയാണ്. ഇന്നു ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് ആര്യാ രാജേന്ദ്രന്റെ പേര് മേയർ സ്ഥാനത്തേക്കു പരിഗണിച്ചത്. ബാലസംഘം സംസ്ഥാന പ്രസിഡന്റും എസ്എഫ്ഐ സംസ്ഥാന ഭാരവാഹിയുമാണ് ആര്യ. പേരൂർക്കടയിൽനിന്നു ജയിച്ച ജമീല ശ്രീധരൻ, വഞ്ചിയൂരിൽനിന്നു ജയിച്ച ഗായത്രി ബാബു എന്നിവരെയും പരിഗണിച്ചിരുന്നു. എന്നാൽ യുവപ്രതിനിധി എന്നതാണ് ആര്യയ്ക്കു നറുക്കുവീഴാൻ കാരണമായത്.
മറുനാടന് മലയാളി ബ്യൂറോ