ന്യൂഡൽഹി: ഒരു കാലത്ത് ടെലിവിഷൻ ചർച്ചകളിൽ പങ്കെടുക്കുമ്പോൾ സിപിഐ(എം) നേതാക്കൾ പതറുന്നത് സ്ഥിരം കാഴ്‌ച്ചയായിരുന്നു. എന്നാൽ ഇപ്പോൾ ആ അവസ്ഥയുള്ളത് സോഷ്യൽ മീഡിയയിലാണ്. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ മറ്റുള്ളവരെ അവഹേളിക്കുന്ന വിധത്തിലും ധാർഷ്ഠ്യത്തോടെയും പെരുമാറുന്ന അണികളും പാർട്ടിക്ക് ചീത്തപ്പേരുണ്ടാകുന്നു എന്ന വിലയിരുത്തലാണ് സിപിഎമ്മിനിപ്പോൾ. അതുകൊണ്ട് തന്നെ അണികളുടെ സോഷ്യൽ മീഡിയ ഇടപെടലിൽ നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങുകയാണ് സിപിഐ(എം).

പാർട്ടി നിലപാടുകൾക്കു വിരുദ്ധമായി ഫേസ്‌ബുക്കിലും വാട്സാപ്പിലും മറ്റും പരാമർശങ്ങൾ നടത്തുന്നതും അച്ചടക്ക ലംഘനംതന്നെയെന്നു വ്യക്തമാക്കുന്ന സർക്കുലർ ഉടനെ പാർട്ടി അംഗങ്ങൾക്കു ലഭ്യമാക്കുമെന്ന് കേന്ദ്ര നേതാക്കൾ സൂചിപ്പിച്ചു. സമൂഹ മാദ്ധ്യമങ്ങളിലെ ഇടപെടലിന് പാർട്ടി നിർദ്ദേശിക്കുന്ന മാർഗരേഖയിലെ ചില പ്രധാന നിർദ്ദേശങ്ങൾ ഇങ്ങനെയാണ്.

പാർട്ടി നിലപാടെടുത്തിട്ടുള്ള വിഷയങ്ങളിൽ സമൂഹ മാദ്ധ്യമങ്ങളിൽ വിരുദ്ധ നിലപാടുകളെടുക്കരുത്. പാർട്ടി നിലപാടിനു വിരുദ്ധമായി മറ്റുള്ളവർ ഇടുന്ന ഫേസ്‌ബുക്, വാട്സാപ്പ് പോസ്റ്റുകൾ ലൈക്ക് ചെയ്യുകയോ ഫോർവേർഡ് ചെയ്യുകയോ അരുത്. പാർട്ടി നിലപാടെടുത്തിട്ടില്ലാത്ത വിഷയങ്ങളിൽ സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിനു തടസ്സമില്ല. പാർട്ടിയുടെ നിലപാടിലുറച്ചുനിന്ന് വിവിധ വിഷയങ്ങളിൽ തർക്കങ്ങൾ ഉന്നയിക്കുന്നതിനു തടസ്സമില്ല. സമൂഹ മാദ്ധ്യമങ്ങളിൽ പാർട്ടിക്കാർ ഉപയോഗിക്കുന്ന ഭാഷ സഭ്യതയുടെ അതിരുവിടുന്നില്ലെന്ന് ഉറപ്പാക്കണം.

ഇ പി ജയരാജൻ വിഷയത്തിലും മാവോയിസ്്റ്റ് വിഷയത്തിലും സിപിഎമ്മിന് കനത്ത തിരിച്ചടിയേറ്റത് സോഷ്യൽ മീഡിയയിൽ നിന്നായിരുന്നു. അതു കൊണ്ട് കൂടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സിപിഐ(എം) അണികൾക്ക് നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്.