ന്റെ പടം വച്ച പൊറോട്ടയാകുമ്പോ, മലയാളികൾ മിനിമം രണ്ടെണ്ണംവച്ചെങ്കിലും വാങ്ങില്ലെ? മോഹൻലാൽ അഭിനയിച്ച ചിത്രത്തിലെ തന്നെ സൂപ്പർ കഥാപാത്രത്തിന്റെ വായിൽ നിന്നും ഉതിർന്ന ശ്രീനിവാസ പരിഹാസമാണിത്. തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്‌റ്റേഡിയത്തിൽ ലാലിസം എന്ന തോന്നിവാസം കാണിക്കാൻ ഒരുമ്പെടും മുൻപ് ഇതെങ്കിലും ഓർക്കാമായിരുന്നില്ലെ, എന്ന് കൊടികുത്തിയ മോഹൻലാൽ ആരാധകൻ പോലും ചിന്തിക്കുന്നുണ്ടാകാം. ഒരു മരണവീട്ടിൽ കയറി ഇങ്ങനെയാണോ സംസാരിക്കേണ്ടത്, എന്ന് ചോദിക്കും പോലെയായി മോഹൻലാലിനും, ലാലിസത്തിനും എതിരെയുള്ള ട്രോളുകൾ (സോഷ്യൽ മീഡിയ ഭാഷയിലെ പരിഹാസങ്ങൾ) എന്നാലും വീണ്ടും ആലോചിക്കുമ്പോൾ ചില കാര്യങ്ങൾ വിട്ടുപോകരുതല്ലോ. അതാണ് ഈ കുറിപ്പ്..

വിമർശനം എന്നത് വസ്തുനിഷ്ഠമാകണം എന്ന് പറയും, പക്ഷെ ലക്ഷങ്ങളുടെ നാവ് കയ്യിലൂടെ ചലിച്ച് തെറിയും, പര തെറിയും, പതിവെന്ത തമാശയുമായി നിമിഷങ്ങൾക്കുള്ളിൽ പ്രവഹിക്കുന്ന സോഷ്യൽ മീഡിയ ഇടങ്ങളിൽ ഈ വസ്തുനിഷ്ഠകണക്ക് ശരിയാകും എന്ന് തോന്നുന്നില്ല. പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ എന്തിനെയും വലിച്ച് കീറുന്ന പൊങ്കാല എന്ന് ഓമനപ്പേര് ഇട്ട് വിളിക്കുന്ന വിമർശന രീതിയുള്ളപ്പോൾ. എന്നാലും കണ്ടിറങ്ങിയതിൽ 99 ശതമാനവും ഒരു ദയയും ഇല്ലാതെ വിമർശിച്ചു തള്ളിയ പരിപാടിയാണ് ലാലിസം എന്ന് പറയാതിരിക്കാൻ സാധിക്കില്ല. സത്യം.. കോഴ വാങ്ങിയ മാണി സാറിന് പോലും അനുകൂലിക്കാൻ ഒരു 10 ശതമാനം എങ്കിലും സോഷ്യൽ മീഡിയയിലുണ്ടായിരുന്നപ്പോഴാണ് മോഹൻലാലിന്റെ ഗതികേട് എന്ന് ഓർക്കുക.

പൊതുഖജനാവിലെ പണം എന്നത് തന്നെയാണ് പ്രധാന പ്രശ്‌നം. അത് ചിലവഴിക്കുമ്പോഴുള്ള എല്ലാ ജാഗ്രതകളും സൂപ്പർ സ്റ്റാർ പാടും എന്ന ഒരു കാരണത്താൽ കാണിച്ചില്ല. ഇന്ന് ആക്ഷേപം കേൾക്കുന്നത് പോലെ ലാലിസം എന്ന വ്യക്തിപൂജിതമായ സംഗീത സംഘത്തിന്റെ പ്രമോഷൻ പരിപാടിയായി കേരളം രാജ്യത്താൽ ആദരിക്കപ്പെടേണ്ട ഒരു ചടങ്ങ് മാറി. അതിൽ ചെറുതും വലുതുമായ ഉത്തരവാദികൾ ജനങ്ങളോട് മറുപടി പറഞ്ഞേ പറ്റൂ... അത് ഒരു ടീം കോഡിനേറ്റർ രതീഷ് വേഗയിൽ നിന്നല്ല പ്രതീക്ഷിക്കുന്നത് എന്നും സൂചിപ്പിക്കേണ്ടിയിരിക്കുന്നു.. മോഹൻലാൽ മറുപടി പറയട്ടെ, തിരുവഞ്ചൂർ മറുപടി പറയട്ടെ.

യുവാക്കളുടെ ഹരമായ 'തൈക്കൂടം ബ്രിഡ്ജിന്റെ' റേറ്റ് അഞ്ച് ലക്ഷം രൂപയാണ്. എ.ആർ.റഹ്മാന്റെ സംഘത്തിന് 90 ലക്ഷം രൂപയാണ് ഗൾഫ് പരിപാടികളിൽ പോലും ലഭിക്കുന്നത്. ശ്രേയ ഘോഷാലിന്റെ ഫുൾടീം വന്ന് പരിപാടി അവതരിപ്പിക്കുന്നതിന് 50 ലക്ഷം രൂപയാണ് ചെലവ്. അമേരിക്കയിൽ നിന്നും വന്ന് യേശുദാസ് പാടുന്നതിന് 10 ലക്ഷത്തിൽ താഴെ കൊടുത്താൽ മതി. ഇത്തരം പരിചയത്തിന്റെ വാതിൽ തുറന്ന് കിടക്കുമ്പോൾ എന്തിനാണ് ഇത്തരം ഒരു കെട്ട് കാഴ്ച, അതും പറയുംപോലെ 2 കോടി കൊടുത്ത്.. അതിനാണ് ജനങ്ങൾ ഉത്തരം പ്രതീക്ഷിക്കുന്നത്.

മോഹൻലാൽ ഒരു മികച്ച ഗായകനാണോ, ഒരിക്കലും അല്ല ശരാശരിയാണ്.ശരാശരിയിലും താഴെയാണ്. കോമഡി ഗാനങ്ങൾ പാടാം കൊള്ളാം.. അടുത്തിടെ മരിച്ച മാളയോട് ഒത്ത് പാടിയ മേലേ മാനത്തെ കള്ളുഷാപ്പ് എന്ന ഗാനം ഓർക്കുക. പിന്നെ നാം ലാലിനെ കാണുന്നത് ഓണക്കാലത്ത് ദൂരദർശനിലാണ് 'പൂക്കച്ച മഞ്ഞക്കച്ച പട്ടുരുക്കി പൊട്ടും തൊട്ടു പൂപ്പെണ്ണു ചമഞ്ഞൊരുങ്ങി ' എന്ന ഗാനം സിൽക്ക് ജൂബ്ബയൊക്കെ ഇട്ട് പാടുന്ന ലാലിനെയും നമ്മൾ അംഗീകരിച്ചതാണ്.

പിന്നെ പല സിനിമയിലും പാടിയിട്ടും ഉണ്ട്. ബാലേട്ടനിലേയും, കണ്ണെഴുതി പൊട്ടെഴുതി എന്ന ചിത്രത്തിലേയും ഗാനങ്ങൾ ഓർക്കാം. എന്നാൽ ശരാശരിയിലും താഴെയായ ഒരു ഗായകനെ നാം നടൻ എന്ന നിലയിൽ ഇഷ്ടപ്പെടുന്നതിനാലാണ് ഇഷ്ടപ്പെട്ടത്. മോഹൻലാൽ എന്ന നാടനോടുള്ള ഇഷ്ടകൂടുതലിൽ നിന്നും കടം എടുത്ത് മലയാളി തന്നെ വളർത്തിയതാണ് ലാൽ എന്ന ഗായകനേയും.

അതിനാൽ തന്നെ ഏതെങ്കിലും അവാർഡ് നിശയിലോ, സ്‌റ്റേജ് ഷോയിലോ മോഹൻലാൽ ഒരു ഗാനം ആലപിച്ചാൽ നാം അങ്ങ് പോക്കട്ടെ എന്ന് വയ്ക്കും. എന്നാൽ ആറ്റുമണൽപായയിൽ എന്ന ഗാനം മലയാളിയുടെ കഷ്ടത്തിനോ സന്തോഷത്തിനോ ഹിറ്റായി. രതീഷ് വേഗ എന്ന സംഗീത സംവിധായകൻ ലാലിനെകൊണ്ട് പാടിച്ചു. നന്നായി യൂട്യൂബിൽ ലക്ഷങ്ങൾ ആ ഗാനം കണ്ടു. അന്നു മുതൽ ഇന്നോളം ഉള്ള ലാലിന്റെ സംഗീത താൽപ്പര്യങ്ങൾ നമ്മൾ പരിശോധിച്ചാൽ ഗായകനായതിന്റെ സ്വയംബോധം കാണുവാൻ സാധിക്കും. ഒപ്പം കൂട്ടത്തിൽ ആരോ സർവ്വകലാവല്ലഭൻ എന്ന് മന്ത്രിച്ചും കാണും പിന്നെ പറയണ്ടല്ലോ പൂരം. ബാന്റായി.. പാട്ടായി.. കൊട്ടായി..

പക്ഷെ അത് ഇത്തരത്തിൽ തീർക്കുമെന്ന് കരുതിയില്ല. എന്തിനാണ് മോഹൻലാലിന്റെ ട്രൂപ്പിന് രണ്ട് കോടി എന്ന് ചോദിച്ച് ഒരു ഓൺലൈൻ ഗ്രൂപ്പിൽ നടന്ന ചർച്ചയിൽ മോഹൻലാൽ ആരാധകൻ നൽകിയ മറുപടി ഇങ്ങനെയാണ്.. പുത്തൻ സാങ്കേതി വിദ്യയായ ഹോളോഗ്രാം അടക്കം കൊണ്ട് വന്നാണ് ഷോ..!!! ഹോളോ ഗ്രാം പോയിട്ട് ഒരു കഷ്ണം ആസ്പറ്റോസ് കൊണ്ടുവന്നതായി അറിയില്ല.. അല്ലെങ്കിലും എന്താ ഈ ഹോളോഗ്രാം.. ഇപ്പോ ആ.. എന്നാണ് മറുപടി.

അതാണ് പറയുന്നത് ഇത്രയും ഹൈപ്പ് വേണ്ടായിരുന്നു. ഒന്നും സൗജന്യമായി കിട്ടില്ലല്ലോ എന്നോക്കെ പറഞ്ഞ് അംഗീകരിച്ചവർ ഷോ കഴിഞ്ഞതോടെ കാലുമാറാൻ ഇടയാക്കിയതും ഈ ഹൈപ്പ് തന്നെ. ഷക്കീറയും, റിക്കി മാർട്ടിനും അവരുടെ ബാന്റുകളും ലോകത്തിലെ പ്രമുഖ കായിക മാമങ്കങ്ങളുടെ ഉദ്ഘാടനത്തിന് ക്ഷണിക്കപ്പെടുന്നത് അവർ ഗായകരും കലാകാരന്മാരും ആയതിനാലാണ്, അല്ലാതെ പതിറ്റാണ്ടിന്റെ തയമ്പ് ഉണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് എന്താണ് ഇവിടുത്തെ അധികാരികൾ മനസ്സിലാക്കാത്തത്.

വേദികൾ എന്നെങ്കിലും മോഹൻലാൽ എന്ന നടന് വെല്ലുവിളിയായി നാം കണ്ടിട്ടുണ്ടോ, എന്നാൽ ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ ആ മോഹൻലാലിനെ കണ്ടിട്ടില്ല. ഒരു സ്റ്റുഡിയോയ്ക്ക് ഉള്ളിൽ നിന്നും പാടുന്ന പോലെയല്ലല്ലോ, ഒരു ലൈവ് ഷോ.. അത് മോഹൻലാൽ എന്ന നടൻ മറന്നു. സ്വന്തം കഴിവുകളെ മറന്നുള്ള ചൂതാട്ടം എന്ന് തന്നെ പറയണം. മറ്റു ഗായകർ ആ ഗ്രേറ്റ് ഇന്ത്യൻ തമാശയിലെ കോമാളികളായി മാറി എന്ന് പറഞ്ഞാൽ മതി. കസ്തൂരി മണക്കുന്നല്ലോ എന്ന ഗാനം പാടിയപ്പോൾ അത്രയും വൃത്തികേട്ട പിടിപ്പുകേടിന്റെ ഗന്ധമായിരുന്നു മോഹൻലാൽ അവിടെ.

പിന്നെ ഒരു മോഹൻലാലും അദ്ദേഹത്തിന്റെ ബാന്റും ട്രോൾ ചെയ്യപ്പെടുമ്പോൾ തന്നെ, ഇത്തരം ഒരു പിടുപ്പുകേടിന്റെ കാരണക്കാരെ ആരും വെറുതെ വിടരുത്. മാദ്ധ്യമങ്ങൾ ഒരേ സമയം നല്ലത് ഉജ്ജ്വലം എന്നോക്കെ എഴുതി വിടുന്നെങ്കിലും തീർത്തും കുത്തഴിഞ്ഞതായിരുന്നു ഗെയിംസ് ഉദ്ഘാടനം. അതിനാൽ തന്നെ ലാലിസത്തിന്റെ വിമർശനത്തിന് അപ്പുറം വസ്തുനിഷ്ഠമായി വിമർശനത്തിന്റെ തുടക്കം ആകണം ഇന്.. ലാലിസത്തിന് ആണിയടിക്കുന്ന നേരം നോക്കി പിൻവാതിലിലൂടെ എതെങ്കിലും കോഴവാങ്ങി തലയിൽ മുണ്ട് ഇട്ടുപോകുന്നുണ്ടോ.. എന്നത് പരിശോധിക്കണം.. അങ്ങനെ ആരെയും വിടരുതല്ലോ..!!