തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് പോലെയുള്ള ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ കൂഞ്ഞൂഞ്ഞ ്( ഉമ്മൻ ചാണ്ടി) മോഡൽ വൈകാരിക ഷോയ്ക്ക് സ്‌കോപ്പില്ലെന്നും സെക്രട്ടേറിയറ്റിലിരുന്ന് കാര്യങ്ങൾ നിയന്ത്രിക്കുകയാണ് വേണ്ടതെന്നുമാണ് ഒരുകൂട്ടരുടെ അഭിപ്രായം. എന്നാൽ,ഓപ്പറേഷൻ ഹെഡായി ഓഫീസിലിരിക്കുന്നതിന് പകരം ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി അവരുടെ കണ്ണീരൊപ്പുകയാണ് വേണ്ടതെന്ന് മറുവിഭാഗം വാദിക്കുന്നു. ഏതായാലും കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമൻ പൂന്തുറയിൽ വന്ന് സാന്ത്വനസംഭാഷണത്തോടെ ജനത്തെ കൈയിലെടുത്തപ്പോൾ ഇങ്ങനെയാണ് മാതൃകാ നേതാവെന്ന മട്ടിൽ പുകഴ്‌ത്തലുകളും ഉണ്ടായി.

രാത്രിയിലും കണ്ണിമ ചിമ്മാതെ മുഖ്യമന്ത്രി, ഉറക്കം ഇല്ലാത്തതിനാൽ പ്രഷർ കൂടി പ്രഷറിന്റെ ഗുളിക കഴിക്കാൻ മുഖ്യമന്ത്രിയെ നിർബന്ധിക്കുന്ന ഭാര്യ കമല, മണലിൽ പൂണ്ട ആംബുലൻസ് തളയ്ക്കാൻ ആവേശമായി മുഖ്യമന്ത്രിയും എന്നിങ്ങനെ ഒന്നാം പേജിൽ പടം വരുത്താനുള്ള തന്ത്രങ്ങളല്ല മുഖ്യമന്ത്രിമാർ ചെയ്യേണ്ടതെന്ന് ഹരീഷ് വാസുദേവൻ പറയുന്നതിൽ കാര്യമുണ്ടെന്ന് തോന്നാം.എന്നാൽ ഇത്തരമൊരു  ദുരന്തമുണ്ടാകുമ്പോൾ, മുഖ്യമന്ത്രി നാലുദിവസം സെക്രട്ടേറിയറ്റിലെ ഓഫീസിൽ തന്നെ ഇരിക്കുകയും,നഗരത്തിൽ ഉണ്ടായിരിക്കെ തീരദേശത്തേക്ക് തിരിഞ്ഞുനോക്കാതിരിക്കുകയും ചെയ്യുന്നത് ശരിയാണോയെന്ന ചോദ്യമാണ് ഉയരുന്നത്. അഞ്ചാം ദിവസം അവിടെ ചെന്നപ്പോൾ ഉറ്റവരെ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾ പിണറായി വിജയനെ വിശ്വാസത്തിലെടുക്കാതിരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നത് സ്വാഭാവികം.

മുഖ്യമന്ത്രി നേരത്തെ എത്താത്തതിലായിരുന്നു മത്സ്യത്തൊഴിലാളികൾക്ക് പ്രതിഷേധം.നാടു ഭരിക്കുന്ന നേതാവ് ഒരുവലിയ ദുരന്തമുണ്ടാകുമ്പോൾ തങ്ങളെ കൈപിടിച്ച് ആശ്വസിപ്പിക്കാൻ നേരത്തെ എത്താതിരുന്നത് എന്തുന്യായമെന്നാണ് അവർ ഉറക്കെ ചോദിക്കുന്നത്. ഒരുജനതയുടെ മുഴുവൻ കണ്ണീരൊപ്പാൻ നാലു ദിവസം കാത്തിരുന്ന മുഖ്യമന്ത്രി ശതകോടീശ്വരനായ ഗോകുലം ഗോപാലന്റെ വീട്ടിൽ മരണമുണ്ടായപ്പോൾ പോകാൻ തെല്ലും അമാന്തിച്ചില്ല. ഗോകുലം ഗോപാലന്റെ അച്ഛൻ ഗോകുലം ചാത്തുവിന്റെ മൃതദേഹത്തിന് മുന്നിൽ ഭാര്യ കമലയോടൊപ്പം നിൽക്കുന്ന പിണറായിയുടെ ചിത്രങ്ങൾ ഇതിനകം പുറത്തുവന്നുകഴിഞ്ഞു.സെക്രട്ടേറിയറ്റിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള ഗോകുലം മെഡിക്കൽ കോളേജിലായിരുന്നു സന്ദർശനം.

ചിത്രങ്ങൾ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെ, ഇത്തരം സമീപനം ഇരട്ടത്താപ്പാണെന്നുള്ള തരത്തിൽ വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. വിമർശനങ്ങളെ എതിർത്തും കമന്റുകൾ ധാരാളം.
'പണക്കാരായ മുതലാളിമാരുടെ ബന്ധുക്കളുടെ മരണ വീട്ടിൽ പോയി ആശ്വസിപ്പിക്കും പോലെ ആണോ പാവപ്പെട്ട മത്സ്യ തൊഴിലാളികളെ പോയി കാണുന്നത് .രണ്ടും രണ്ടല്ലേ ?'ചാത്തു വിന്റെ കാര്യത്തിലും ഓഫിസിൽ ഇരുന്ന് കൺട്രോൾ ചെയ്യാനാണ് അദ്ദേഹം ആദ്യം ശ്രമിച്ചത്. അതാണ് പതിവും. പക്ഷേ പിന്നീട് അപ്രതീക്ഷിതമായി കണ്ടട്രോൾ പോയപ്പോൾ ഇറങ്ങിത്തിരിച്ചതാ..
ബെർതേ ങ്ങ് സംശയിക്കരുതേ..' എന്നിങ്ങനെ കമന്റുകൾ വരുമ്പോൾ ഇത് തികച്ചും പിണറായി വിരോധവും സി.പി.എം വിരോധവുമാണെന്നാണ് എതിർവാദം..

ഏതായാലും കുഞ്ഞൂഞ്ഞോളം പോന്നില്ലെങ്കിലും, നാണംകെടുവോളം പിണറായി കാക്കേണ്ടതുണ്ടായിരുന്നോ എന്നാണ് ചിലരുടെ ചോദ്യം. ഭരിച്ചാൽ പോരാ..ഭരണം നടക്കുന്നുവെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്തേണ്ട സന്ദർഭം കൂടിയാണ് ദുരന്തമുഖങ്ങൾ. അവിടെ അറച്ചുനിൽക്കാതെ മടിച്ചുനിൽക്കാതെ ജനങ്ങൾക്കൊപ്പം നിൽക്കുന്നവരാണ് യഥാർഥ നേതാക്കളെന്ന് പറയാതെ പറയുകയാണ് ചില ട്രോളുകൾ.