തിരുവനന്തപുരം: നടൻ സുരേഷ് ഗോപി രാജ്യസഭാംഗമാകുന്നു എന്ന വാർത്ത പുറത്തുവന്നതു ബുധനാഴ്ച രാത്രി ഏറെ വൈകിയാണ്. കേട്ടപാതി കേൾക്കാത്ത പാതി ചാനൽ റിപ്പോർട്ടർമാരും ക്യാമറാമാന്മാരും മൈക്കും ക്യാമറയുമൊക്കെയായി സുരേഷ് ഗോപിയെ തിരക്കി ഓട്ടവും തുടങ്ങി.

എക്‌സ്‌ക്ലൂസീവുകളും സ്‌പെഷ്യൽ ബൈറ്റുകളുമൊക്കെ സംഘടിപ്പിക്കാനായിരുന്നു ഈ ഓട്ടം. എന്നാൽ, ഈ ഓട്ടത്തെ രൂക്ഷമായി വിമർശിക്കുകയാണു സോഷ്യൽ മീഡിയ.

വീട്ടിലേക്കെത്തിയ സുരേഷ് ഗോപിയെ വീട്ടിലേക്കു കയറാൻ പോലും സമ്മതിക്കാതെ പിടികൂടി 'ചോദ്യം ചെയ്യുന്ന' ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടറെ കൊന്നുകൊലവിളിക്കുകയാണു സോഷ്യൽ മീഡിയ.

ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടു പ്രതികരിക്കുന്നതാണു ശരിയെന്നു സുരേഷ് ഗോപി പറഞ്ഞിട്ടും വിടാതെ പുറകെ കൂടിയ റിപ്പോർട്ടർ ചോദ്യങ്ങൾക്കു പിന്നാലെ ചോദ്യങ്ങളുമായി താരത്തെ ബുദ്ധിമുട്ടിച്ചു. സുരേഷ് ഗോപിക്കു പിന്നാലെയും താരത്തെ പിന്നിലാക്കിയും വീട്ടിലേക്കു തള്ളിക്കയറുന്നതും കണ്ടതോടെ പ്രേക്ഷകരുടെ ക്ഷമ കെട്ടു.

ഒരാളെ തേജാവധം ചെയ്യുകയാണ് ചാനൽ റിപ്പോർട്ടറെന്നും ഇവന്റെ ശമ്പളം കട്ട് ചെയ്‌തേക്കെന്നുമൊക്കെ പ്രതികരണം ഉയർന്നുകഴിഞ്ഞു. 'ഏതാ ഈ ഞരമ്പ് രോഗി? വെറുപ്പിക്കുന്നതിന് ഒരതിരില്ലേ?സുരേഷ് ഗോപി വിസർജനത്തിനുപോയാൽ ഇവൻ മൈക്കും ക്യാമറയുമായി അവിടെയും കയറുമോ?' എന്നും സൈബർ ലോകം ചോദിക്കുന്നു.

പ്രകോപിപ്പിച്ച് ദേഷ്യം വരുത്തിക്കുക എന്നിട്ട് എന്തെങ്കിലും പറയിപ്പിക്കുക എന്നുദ്ദേശിച്ചാണു റിപ്പോർട്ടറുടെ നടപടിയെന്നും വിമർശനം ഉയർന്നിട്ടുണ്ട്. പരമാവധി വെറുപ്പിച്ച് എന്തെങ്കിലും ന്യൂസ് ഉണ്ടാക്കാൻ നടക്കലാണ് മാദ്ധ്യമങ്ങളുടെ പണി എന്നതിലെക്കെത്തി നിൽക്കുന്നു ഇന്നത്തെ മലയാള മാദ്ധ്യമങ്ങളുടെ അവസ്ഥയെന്നും ഇക്കാര്യത്തിൽ പുച്ഛം തോന്നുന്നുവെന്നുമാണു മറ്റൊരു അഭിപ്രായം.