തിരുവനന്തപുരം: 'പാർട്ടിക്കു വേണ്ടി വിയർപ്പൊഴുക്കിയ ഏതെങ്കിലും സാധാരണ പ്രവർത്തകനു ചട്ടങ്ങൾ മറികടന്നു നിയമനം കൊടുത്താൽ പോലും ആരും എതിർപ്പുമായി വരില്ല സഖാവേ.. പക്ഷേ, ഇതു കുറച്ചു കടന്നുപോയി'. സിപിഐ(എം) അംഗങ്ങൾക്കും അനുഭാവികൾക്കും പോലും കടുത്ത അമർഷമാണു വ്യവസായ മന്ത്രി ഇ പി ജയരാജന്റെ ചെയ്തികളിൽ.

ഇ പിയുടെ ഫേസ്‌ബുക്ക് പേജിൽ രൂക്ഷ വിമർശനമാണു പലരും പോസ്റ്റ് ചെയ്യുന്നത്. വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഇയുടെ മാനേജിങ് ഡയറക്ടറായി ബന്ധു സുധീർ നമ്പ്യാരെ നിയമിച്ചതിനെ ന്യായീകരിച്ചതിനാണ് വ്യവസായ മന്ത്രി ഇപി ജയരാജനെതിരെ പ്രതിഷേധം അലയടിക്കുന്നത്.

തന്റെ ബന്ധുക്കൾ പല സ്ഥാനങ്ങളിലും ഉണ്ടാകുമെന്നും എന്നാൽ അതൊരു പരാതിയായി തന്റെ മുമ്പിൽ വന്നിട്ടില്ലെന്നുമായിരുന്നു വാർത്ത പുറത്തുവന്നതിനു പിന്നാലെ ഇ പിയുടെ പ്രതികരണം. ഇതാണ് ജനങ്ങളെ കൂടുതൽ പ്രകോപിപ്പിച്ചത്. ജയരാജന്റെ ഫേസ്‌ബുക്ക് പോസ്റ്റുകൾക്ക് കീഴിലുള്ള കമന്റ് ബോക്സുകളിലെല്ലാം എതിർപ്പിന്റെ സ്വരം നിറയുകയാണ്. എതിർ കക്ഷികളുടെ അനുഭാവികളെക്കാൾ കൂടുതൽ എതിർപ്പുകൾ സിപിഐ(എം) അണികളിൽ നിന്നു തന്നെയാണ് ഉയരുന്നത്.

പാർട്ടിക്കുവേണ്ടി കഷ്ടപ്പെട്ട നിരവധി പേരുണ്ട്. അവരിൽ ആർക്കെങ്കിലുമാണു ജോലി നൽകിയതെങ്കിൽ പോലും ഇത്രയും പ്രശ്‌നമുണ്ടാകില്ലായിരുന്നു. സാധാരണക്കാരായ യോഗ്യതയുള്ള നിരവധി പേർ പുറത്തുള്ളപ്പോഴാണു ജീവിക്കാൻ ആവശ്യത്തിലേറെ വരുമാനമുള്ള ഒരാൾക്ക് അനധികൃതമായി ബന്ധുവെന്ന പരിഗണന മാത്രം വച്ചു ജോലി നൽകിയതെന്നാണ് പലരും പ്രതികരിക്കുന്നത്.

പി കെ ശ്രീമതി എംപിയുടേതല്ല, മറ്റേതു മുതിർന്ന നേതാവിന്റെ ബന്ധുവാണെങ്കിലും അനധികൃതമായി എവിടെയെങ്കിലും നിയമിതനായിട്ടുണ്ടെങ്കിൽ എതിർക്കപ്പെടേണ്ടതാണെന്നാണ് പലരും പറയുന്നത്. മാത്രമല്ല, ഇതെക്കുറിച്ചൊക്കെയുള്ള ചോദ്യങ്ങൾക്കു ധാർഷ്ട്യം കലർന്ന മറുപടി നൽകിയതും മാടമ്പിത്തരത്തിന്റെ ലക്ഷണമായാണു വിലയിരുത്തൽ. 'സുധീറിന്റെ നിയമനത്തിൽ പിഴവുണ്ടെങ്കിൽ പരിശോധിക്കും...' എന്നു പറയേണ്ടതിനു പകരം അഹങ്കാരത്തോടെയുള്ള മറുപടി ഒരു കമ്യൂണിസ്റ്റുകാരനു ചേർന്നതല്ലെന്നും വിമർശനം ഉയരുന്നുണ്ട്.

'കമ്യൂണിസ്റ്റുകാരന് ശരീരഭാഷയിലും, വാക്കുകളിലും അൽപ്പം അഹങ്കാരമൊക്കെയാവാം; പക്ഷേ, അത് എതിരാളികളോട് മതി, വോട്ട് ചെയ്തു ജയിപ്പിച്ചവന്റെ നെഞ്ചത്ത് വേണ്ട' എന്നാണു മറ്റൊരു കമന്റ്.

ഇ പി ജയരാജന്റെ ഭാര്യാസഹോദരിയും കണ്ണൂർ എംപിയുമായ പികെ ശ്രീമതിയുടെ മകനായ പി കെ സുധീറിനെ കെഎസ്ഇഐയുടെ ഡയറക്ടറായി നിയമിക്കാനുള്ള തീരുമാനം വിവാദമായതോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപ്പെട്ട് നിയമനം റദ്ദാക്കുകയായിരുന്നു. സുധീറിന്റെ വഴിവിട്ട നിയമനം അർഹരായ മറ്റു പലർക്കുമുള്ള നിയമനങ്ങളിലും അഴിമതിയുടെയും സ്വജനപക്ഷപാതിത്വത്തിന്റെയും ലാഞ്ഛനയാണു കൽപ്പിക്കുക എന്നതും ഇടതുപക്ഷത്തിനു പ്രതിസന്ധിയാകും.

സുധീർ നമ്പ്യാരെ നിയമിച്ചത് തനിക്കറിയില്ലെന്നായിരുന്നു നിയമനത്തോടുള്ള മുഖ്യമന്ത്രിയുടെ ആദ്യപ്രതികരണം. ഇത്തരം പദവികളിൽ മുൻപരിചയമുള്ളവരെയാണ് സാധാരണ നിയമിക്കുക. ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ പ്രതികരണത്തിന് പിന്നാലെയാണ് നിയമനം റദ്ദ് ചെയ്തത്.