തിരുവനന്തപുരം: കലാഭവൻ മണിയുടെ വിയോഗം നിരവധി വിവാദങ്ങൾക്കും ഇടയാക്കിയിരുന്നു. സിനിമാമേഖലയിലും മണിയുടെ വിയോഗം വിവാദങ്ങൾക്കു കാരണമായി. കലാഭവൻ മണിയെ അനുസ്മരിച്ച് ഒരുവാക്കുപോലും സൂപ്പർ താരം മോഹൻലാൽ പറഞ്ഞില്ല എന്നു ചില കോണുകളിൽ നിന്നു വന്ന വിമർശനമാണു സോഷ്യൽ മീഡിയയിൽ ചർച്ചയായത്.

വിവിധ വിഷയങ്ങളിൽ ബ്ലോഗിൽ വാചാലനാകുന്ന ലാൽ കലാഭവൻ മണിയെന്ന സഹപ്രവർത്തകനെക്കുറിച്ച് ഒന്നും പറഞ്ഞില്ലെന്നായിരുന്നു ചിലർ വാദം ഉയർത്തിയത്. എന്നാൽ, വിവാദങ്ങൾ കൊടുമ്പിരിക്കൊള്ളവെ ഭരതം സിനിമയിൽ അഗ്നിനാളങ്ങൾക്കു നടുവിലിരിക്കുന്ന ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്താണു മോഹൻലാൽ പ്രതികരിച്ചത്.

മമ്മൂട്ടിയും സുരേഷ് ഗോപിയും മണിയുടെ ഉറ്റമിത്രമായ ദിലീപും ജയറാമും നാദിർഷയും നടി മഞ്ജുവാര്യരും അടക്കം ഒട്ടുമിക്ക താരങ്ങളും മണിയെ അനുസ്മരിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ തന്റെ ഫേസ്‌ബുക്കിൽ മണിയുടെ ഫോട്ടോയ്ക്ക് ഒപ്പം ഒരു ആദരാഞ്ജലികൾ പോസ്റ്റ് ചെയ്തത് അല്ലാതെ തന്റെയൊപ്പം നിരവധി സിനിമകളിൽ വേഷമിട്ട മണിയെ ഒന്ന് അനുസ്മരിച്ച് രണ്ടുവാക്കുകൾ പറയാൻ മോഹൻലാൽ തയ്യാറില്ല എന്നായിരുന്നു ഉയർന്നു വന്ന പരാതി.

ജെഎൻയു വിഷയത്തിൽ വിദ്യാർത്ഥികളെ തീവ്രവാദികൾ ആക്കാൻ വ്യഗ്രത പൂണ്ട മോഹൻലാൽ സ്വന്തം കൂട്ടത്തിൽപെട്ട മണിയെക്കുറിച്ച് ഒരുവാക്കുപോലും പറയാത്തത് എന്താണെന്നുള്ള കമന്റുകളും പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു. 2000ലെ സംസ്ഥാന ഫിലിം അവാർഡ് മോഹൻലാലിന് ലഭിച്ചപ്പോൾ കലാഭവന്മണി ബോധംകെട്ടു വീണു എന്ന വാർത്ത വന്നിരുന്നു. അന്ന് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ അഭിനയത്തിന് മണിയും അവാർഡ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ മണിയെ പിന്നിലാക്കി മോഹൻലാൽ അവാർഡ് നേടുകയായിരുന്നു. വാനപ്രസ്ഥം എന്ന ചിത്രത്തിലെ പകരം വയ്ക്കാനില്ലാത്ത അഭിനയപാടവത്തിനായിരുന്നു മോഹൻലാലിന് അവാർഡ് ലഭിച്ചത്. അതിന് ശേഷം ഇരുവരും അത്ര അടുപ്പത്തിലായിരുന്നില്ല എന്ന തരത്തിലായിരുന്നു ചില കോണുകളിൽ നിന്നു വന്ന റിപ്പോർട്ടുകൾ.

എന്നാൽ, കലാഭവൻ മണി മോഹൻലാലിന് ഏറെ പ്രിയപ്പെട്ടവൻ ആയിരുന്നെന്നും പ്രിയപ്പെട്ട ഒരാളിന്റെ വേർപാടുണ്ടാകുമ്പോൾ സോഷ്യൽ മീഡിയയിൽ നെടുനീളൻ സംഭാഷണങ്ങൾ കുറിക്കാൻ ആർക്കും കഴിയില്ലെന്നുമാണ് മോഹൻലാൽ ആരാധകരുടെ മറുപടി. എത്ര തിരക്കായാലും വേണ്ടപ്പെട്ടവരെ മറക്കാത്ത നടനാണ് മോഹൻലാൽ. വ്യക്തിബന്ധങ്ങൾ കാത്തുസൂക്ഷിക്കാൻ വിമുഖത കാണിക്കാത്തയാൾ. മണിയുടെ മരണം പുറംലോകമറിഞ്ഞ ആദ്യ മണിക്കൂറിൽ തന്നെ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് മോഹൻലാൽ ഒഫിഷ്യൽ പേജിൽ മണിയുടെ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. നിരവധി സിനിമകളിൽ ഒന്നിച്ചഭിനയിച്ച കലാഭവൻ മണി തീർച്ചയായും പ്രിയപ്പെട്ടവൻ തന്നെയായിരിക്കും. പ്രിയപ്പെട്ടവരുടെ വിയോഗത്തിൽ ചിലനേരം നമുക്ക് യാതൊന്നും സംസാരിക്കാൻ പറ്റിയെന്ന് വരില്ല. വാക്കുകൾ വരില്ല. ഒരുപാട് ഇഷ്ടപ്പെട്ടവർ പെട്ടന്ന് ഒരു സുപ്രഭാതത്തിൽ വിട്ടുപിരിഞ്ഞാൽ അനുശോചനം പോയിട്ട് ഒരു വരി പോലും എഴുതാൻ പറ്റില്ല. മോഹൻലാലിന്റെ മാനസികാവസ്ഥ ചിലപ്പോൾ വാക്കുകൾക്ക് അതീതമായിരിക്കും. അത് മനസ്സിലാക്കാതെ അദ്ദേഹത്തെ വിമർശിക്കുന്നത് ശരിയാണോ എന്നും ഒരുവിഭാഗം വാദിക്കുന്നു.

വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഫേസ്‌ബുക്കിൽ ഭരതത്തിലെ അഗ്‌നികുണ്ഡത്തിന്റെ നടുവിലിരുന്ന് പാടുന്ന സേതുവിന്റെ ചിത്രം മോഹൻലാൽ പോസ്റ്റ് ചെയ്തത്. സഹോദരനെ ഓർത്ത് നീറിപുകയുന്ന മനസ്സ് തുറന്നുകാണിക്കാൻ വാക്കുകളേക്കാൾ ആയിരം മടങ്ങ് അർഥപൂർണ്ണമാണ് ആ ചിത്രമെന്നാണ് ആരാധകർ പറയുന്നത്. മരണവാർത്തയെക്കുറിച്ച് പ്രതികരിക്കാത്തതിന്റെ പേരിൽ മോഹൻലാലിനെ തിരഞ്ഞുപിടിച്ച് വിമർശിക്കുന്നത് പക്വതയില്ലായ്മയാണെന്നും വിമർശനം ഉയരുന്നുണ്ട്. പ്രതികരിക്കാൻ പറ്റാത്ത മാനസികാവസ്ഥയിലായിരിക്കും അദ്ദേഹമിപ്പോൾ. കുടുംബത്തിലെ ഒരാൾ മരിച്ചാൽ കൂടുതലൊന്നും പറയാൻ പറ്റിയെന്നു വരില്ലെന്നും ആരാധകർ പറയുന്നുണ്ട്.